തിരയുക

മോൺസിഞ്ഞോർ പൗളോ മർത്തിനെല്ലി മോൺസിഞ്ഞോർ പൗളോ മർത്തിനെല്ലി  

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് പ്രദാനം ചെയ്യുന്നു: ബിഷപ്പ് പൗളോ മർത്തിനെല്ലി

ഏപ്രിൽ മാസം ഇരുപത്തിമൂന്നു മുതൽ ഇരുപത്തിയഞ്ചു വരെ അബുദാബിയിൽ വച്ചു നടന്ന മുതിർന്ന മുസ്ളീം പൗരന്മാരുടെ കൗൺസിലും, യുണെസ്‌കോയും, മാനവികസാഹോദര്യത്തിനു വേണ്ടിയുള്ള കമ്മിറ്റിയും ചേർന്ന് നടത്തിയ സമ്മേളനത്തിൽ അറേബ്യൻ നാടുകളുടെ അപ്പസ്തോലിക വികാരി ബിഷപ്പ് പൗളോ മർത്തിനെല്ലി സംസാരിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഏപ്രിൽ മാസം ഇരുപത്തിമൂന്നു മുതൽ ഇരുപത്തിയഞ്ചു വരെ  അബുദാബിയിൽ വച്ചു നടന്ന  മുതിർന്ന മുസ്ളീം പൗരന്മാരുടെ കൗൺസിലും, യുണെസ്‌കോയും, മാനവികസാഹോദര്യത്തിനു വേണ്ടിയുള്ള കമ്മിറ്റിയും ചേർന്ന് നടത്തിയ സമ്മേളനത്തിൽ അറേബ്യൻ നാടുകളുടെ അപ്പസ്തോലിക വികാരി ബിഷപ്പ് പൗളോ മർത്തിനെല്ലി സംസാരിച്ചു. മതാന്തര വിദ്യാഭ്യാസം പ്രത്യാശയുടെ ഒരു പ്രവർത്തനവും, ഭാവിയിലേക്കുള്ള ഒരു നിക്ഷേപവുമാണെന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് മോൺസിഞ്ഞോർ സംസാരിച്ചത്.

പുതിയ തലമുറയുടെ വിദ്യാഭ്യാസം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് ഭക്ഷണവും പാർപ്പിടവും മാത്രമല്ല, എല്ലാറ്റിനുമുപരിയായി ജീവിതത്തിൻ്റെ ആത്യന്തികമായ അർത്ഥവും, ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങളും  കൈമാറാൻ ആഗ്രഹിക്കുന്നുവെന്നതാണെന്ന വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് മോൺസിഞ്ഞോർ തന്റെ വാക്കുകൾ ആരംഭിച്ചത്. ധൈര്യത്തോടും ശാന്തതയോടും കൂടി ഭാവിയെ അഭിമുഖീകരിക്കുവാൻ വിദ്യാഭ്യാസം സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൈവവുമായുള്ള ഓരോ വ്യക്തിയുടെയും ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതിനും, കൂടുതൽ മാനുഷികവും സാഹോദര്യവുമായ ഒരു സമൂഹത്തിനായി എല്ലാ മനുഷ്യരോടും ചേർന്ന് പ്രവർത്തിക്കുന്നതിനും മതാന്തരവിദ്യാഭ്യാസം സഹായകരമാകുമെന്നും, ഇതിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നതാണ് ഫ്രാൻസിസ് പാപ്പായും  അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ-തയ്യീബും അബുദാബിയിൽ ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയെന്നും  മോൺസിഞ്ഞോർ ചൂണ്ടിക്കാട്ടി.

വൈവിധ്യങ്ങളോടുള്ള അഗാധമായ ആദരവോടെ, വിവിധ വിശ്വാസങ്ങളിലുള്ള ആളുകൾ പരസ്പരം അറിയാനും ബഹുമാനിക്കാനും പഠിക്കുകയും മനുഷ്യരാശിയുടെ നന്മയ്ക്കായി ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങൾ ഒരുമിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു മതാന്തരവിദ്യാഭ്യാസം ഏറെ അവശ്യമെന്നും അദ്ദേഹം അടിവരയിട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 April 2024, 16:13