തിരയുക

സിറിയയിൽ നിന്നുള്ള ദൃശ്യം സിറിയയിൽ നിന്നുള്ള ദൃശ്യം   (Copyright: Aid to the Church in Need)

ലെബനനിലെയും സിറിയയിലെയും വൈദ്യുതി പ്രതിസന്ധിപരിഹാരത്തിന് സഭാസഹായം

വൈദ്യുതി പ്രതിസന്ധി ഏറെ രൂക്ഷമായിരിക്കുന്ന ലെബനനിലും, സിറിയയിലും സൗരോർജം ഉപയോഗിച്ചുകൊണ്ട് പരിഹാരം കാണുവാൻ ബൃഹത്തായ സഹായം സഭയിലെ ഉപവി പ്രവർത്തനത്തിനായുള്ള സംഘടന വാഗ്ദാനം ചെയ്തു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വൈദ്യുതി പ്രതിസന്ധി ഏറെ രൂക്ഷമായിരിക്കുന്ന ലെബനനിലും, സിറിയയിലും സൗരോർജം ഉപയോഗിച്ചുകൊണ്ട് പരിഹാരം കാണുവാൻ ബൃഹത്തായ സഹായം സഭയിലെ ഉപവി പ്രവർത്തനത്തിനായുള്ള സംഘടന വാഗ്ദാനം ചെയ്തു. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന സംഘടനയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മെയ് 3 ന് ലോക സൂര്യ ദിനത്തിന്റെ മുപ്പതാം വാർഷികം ലോകം ആഘോഷിക്കുമ്പോൾ, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ പ്രാധാന്യം അടിവരയിടുന്നതിനും കൂടിയാണ് ഈ പ്രവർത്തനങ്ങൾ സംഘടന ഏകോപിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലെബനനെയും സിറിയയെയും ബാധിച്ച സാമ്പത്തിക പ്രതിസന്ധി  സാധാരണക്കാരുടെ ജീവിതത്തെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ലെബനന്റെ പല ഭാഗങ്ങളിലും, സർക്കാർ നൽകുന്ന വൈദ്യുതി ഒരു ദിവസം ഏകദേശം നാല് മണിക്കൂർ മാത്രമേ ലഭ്യമാകൂ. അതിനാൽ ആളുകൾക്ക് ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകളെ ആശ്രയിക്കേണ്ടതായി വരുകയും, ജീവിതം ഏറെ ചെലവേറിയതാണ് മാറുകയും ചെയ്യുന്നു.

ഇടവകകൾക്കും, സ്ഥാപനങ്ങൾക്കും വിശ്വസികൾക്കാവശ്യമായ സേവനങ്ങൾ നൽകുവാനുള്ള ബുദ്ധിമുട്ടുകളും ഇത് വഴിയായി സൃഷ്ടിക്കപ്പെടുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ് അന്താരാഷ്ട്ര കത്തോലിക്കാ ഉപവി പ്രവർത്തന സംഘടന ഈ ജനതയ്ക്ക് സഹായവുമായി മുൻപോട്ടു കടന്നുവരുന്നത്. സിറിയയിലും ലെബനനിലും 1.7 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന 60 ലധികം പദ്ധതികൾക്ക് സംഘടന അംഗീകാരം നൽകിയിട്ടുണ്ട്. 16 രൂപതകളിലായി 37 ഇടവകകൾക്കും, മറ്റു അനുബന്ധ സ്ഥാപനങ്ങൾക്കും ഈ പ്രവർത്തനം ഏറെ പ്രയോജനം ചെയ്യും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 April 2024, 16:08