തിരയുക

സത്യപ്രതിജ്ഞാ വേളയിൽ പൊന്തിഫിക്കൽ സ്വിസ് ഗാർഡുകളുമായി പാപ്പാ. സത്യപ്രതിജ്ഞാ വേളയിൽ പൊന്തിഫിക്കൽ സ്വിസ് ഗാർഡുകളുമായി പാപ്പാ.  (VATICAN MEDIA Divisione Foto)

സമൂഹജീവിതം പരിപോഷിപ്പിക്കാൻ സ്വിസ് ഗാർഡുകളോടു പാപ്പായുടെ ആഹ്വാനം

സ്വിസ് ഗാർഡിലെ ഓഫീസർമാർക്കും പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന സേനാംഗങ്ങൾക്കും അവരുടെ സത്യപ്രതിജ്ഞാ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ ആശംസകൾ നേർന്നു കൊണ്ട് സന്ദേശം നൽകി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

എല്ലാവർഷവും മേയ് 6ന് നടക്കുന്ന പുതിയ സ്വിസ് ഗാർഡുകളുടെ പരമ്പരാഗത സത്യപ്രതിജ്ഞാ ചടങ്ങിനുള്ള  തയ്യാറെടുപ്പിനിടയിലായിരുന്നു പാപ്പായുമായുള്ള കൂടിക്കാഴ്ച. റോമൻ ചക്രവർത്തിയായിരുന്ന ചാൾസ് അഞ്ചാമന്റെ ജർമ്മൻ കൂലിപ്പട്ടാളക്കാരായ ലാൻസ്ക് നിഷ്ട് 1527 ൽ അന്നത്തെ പാപ്പായായിരുന്ന ക്ലമന്റ് ഏഴാമനെതിരെ നടത്തിയ അക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ വീരമൃത്യു വരിച്ച 147 സ്വിസ് ഗാർഡുകളെ അനുസ്മരിക്കുന്ന ദിവസമാണ് മേയ് 6.

സ്വിസ് ഗാർഡുകളെയും അവരുടെ കുടുംബാംഗങ്ങളെയും കമാൻഡർമാരെയും അധികാരികളെയും അഭിവാദനം ചെയ്തുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്.

സ്വിസ് ഗാർഡിന്റെ സാന്നിധ്യത്തിനും സേവനത്തിനും പരസ്യമായി തന്റെ നന്ദി അറിയിക്കുവാൻ ഇഷ്ടത്തോടെ കാത്തിരിക്കുന്ന ഒരു ദിവസമാണിന്നെന്ന് പാപ്പാ അറിയിച്ചു. അവരുടെ സാന്നിധ്യത്തിലെ വ്യതിരിക്തമായ സവിശേഷതകളും, രീതികളിലും, ശ്രദ്ധയിലുമുള്ള മാന്യതയും ശ്രമകരമായ അനുദിന സേവനത്തിൽ കാണിക്കുന്ന ഔദാര്യതയും പാപ്പാ പ്രശംസിച്ചു. അവരെ നല്ല രീതികൾ പഠിപ്പിച്ച് വളർത്തിയ കുടുംബാംഗങ്ങൾക്കും തന്റെ നന്ദി പ്രകാശിപ്പിക്കാൻ പാപ്പാ മറന്നില്ല. കമാൻഡറായ ക്രിസ്റ്റോഫ് ഗ്രാഫിനും സഹപ്രവർത്തകർക്കും അവരുടെ ചാപ്ളിനും പാപ്പാ നന്ദിയർപ്പിച്ചു.

ബന്ധങ്ങളാണ് ക്രൈസ്തവരുടെ പ്രധാന താക്കോലനുഭവം

അവരുടെ ഇടയിലുള്ള പല നല്ല ഗുണങ്ങളെയും ശ്ലാഘിച്ച പാപ്പാ പ്രത്യേകമായി അവർ തമ്മിലുള്ള പരസ്പര ബന്ധത്തേയും അധികാറികളുമായുള്ള ബന്ധത്തേയും അടിവരയിട്ടു.

ബന്ധങ്ങളാണ് ക്രൈസ്തവരായ നമ്മുടെ പ്രധാന താക്കോലനുഭവം എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. ദൈവം സ്നേഹമാണെന്ന് യേശു വെളിപ്പെടുത്തുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. അവനിൽ തന്നെയുള്ള ആ ബന്ധത്തിലെ രഹസ്യത്തിൽ നിന്നാണ് നമ്മുടെ ജീവിതത്തിന്റെ വഴിയും സാഫല്യവും. നല്ല ബന്ധങ്ങളാണ് നമ്മുടെ വളർച്ചയ്ക്കും മാനുഷീക ക്രൈസ്തവ പക്വതയിലേക്കുമുള്ള പ്രധാന പാത. നമ്മുടെ വ്യക്തിത്വത്തിന്റെ  ഭൂരിഭാഗവും നാം കരസ്ഥമാക്കിയത് മാതാപിതാക്കളോടും, സഹോദരീ സഹോദരന്മാരോടും, സഹപാഠികളോടും, ഗുരുക്കന്മാരോടും, സുഹൃത്തുകളോടും, തൊഴിലാളി സുഹൃത്തുക്കളുമായുമുള്ള ബന്ധത്തിൽ നിന്നാണ്. അതുകൊണ്ടു തന്നെയാണ് രണ്ടു കൊല്ലത്തെ സേവനത്തിലെ ഈ സ്വിസ് ഗാർഡ് വിപുല കുടുംബത്തിലെ ജീവിതം ജോലിയുടെ മാത്രം സമയമല്ല അവരുടെ രൂപീകരണത്തിന് ഏറെ പ്രധാനപ്പെട്ടതും കൂടിയാതകുന്നു എന്ന് പാപ്പാ എടുത്തു പറഞ്ഞു. അത് ജീവിതത്തിന്റെയും ബന്ധത്തിന്റെയും, ഒരു വൈവിധ്യമാർന്ന സഹവർത്തിത്വത്തിന്റെയും സമയമാണ്. ഈ വൈവിധ്യവും നിങ്ങളുടെ സമൂഹ ജീവിതവും ക്യാമ്പിന്റെ പരിസരത്തിലെ അനുദിന ബന്ധങ്ങളും നിങ്ങൾക്ക് ഏറ്റം പ്രധാനപ്പെട്ടതും നന്മ പകരുന്നതുമാണ്. അതിനാൽ പുതിയതായി തയ്യാറാക്കാൻ ഉദ്ദേശിക്കുന്ന സൈനീകർക്കുള്ള താമസ സൗകര്യം ഇപ്പോഴത്തെ അസൗകര്യങ്ങൾ നീക്കി അവരുടെ കുടുംബങ്ങളുമായി ഒരുമിച്ചു താമസിക്കുന്നതിനുള്ള അവസരം ഒരുക്കുക്കുന്ന് പാപ്പാ അറിയിച്ചു.

ബന്ധങ്ങളുടെ തലത്തിൽ കൊണ്ട് തന്നെ ഫ്രാൻസിസ് പാപ്പാ സമൂഹ ജീവിതം കെട്ടിപ്പടുക്കേണ്ട ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ഇന്നത്തെ യുവജനങ്ങളിൽ അവരുടെ ഒഴിവു സമയങ്ങൾ ഒറ്റയ്ക്ക് കമ്പ്യൂട്ടറും സെൽഫോണുമായി ചെലവഴിക്കാനുള്ള പ്രവണത സർവ്വസാധാരണമാവുകയാണ്. അതിനാൽ അവരോടു ഒഴുക്കിനെതിരെ പോയി ഒഴിവു സമയം ഒരുമിച്ചു പ്രവർത്തിക്കാനും, റോമിനെ അറിയാനും, സാഹോദര്യത്തിന്റെ നിമിഷങ്ങൾ പങ്കിടാനും ചെലവഴിക്കാനും ഉപയോഗിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. ഈ അനുഭവങ്ങൾ നിങ്ങളെ ജീവിതാവസാനം വരെ പിൻതുടരും, പാപ്പാ പറഞ്ഞു.  അവർക്ക് ആശംസകൾ അർപ്പിക്കുകയും പരിശുദ്ധ അമ്മയുടെയും മദ്ധ്യസ്ഥരുടേയും സംരക്ഷണവും പ്രാർത്ഥിച്ച് ഒരിക്കൽക്കൂടി അവർക്ക് കൃതജ്ഞയർപ്പിച്ചും കൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

 പുതിയ 34 സ്വിസ് ഗാർഡുകൾ

പുതിയ സ്വിസ് ഗാർഡുകളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകുന്നേരം 5.00 മണിക്ക് വത്തിക്കാനിലെ വിശുദ്ധ ഡമാസസ് അങ്കണത്തിലാണ് നടക്കുന്നത്.  റിക്രൂട്ട് ചെയ്ത 34 പേരിൽ 16 പേർ ജർമ്മൻ സംസാരിക്കുന്നവരും, 16 പേർ ഫ്രഞ്ച് സംസാരിക്കുന്നവരും, രണ്ട് ഇറ്റാലിയൻ ഭാഷ സംസാരിക്കുന്നവരുമാണ്. ഫ്രാൻസിസ് പാപ്പയെ കാണുന്നതിന് മുമ്പ് സ്വിസ് ഗാർഡുകളും അവരുടെ കുടുംബങ്ങളും രാവിലെ വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച കുർബാനയിൽ പങ്കെടുത്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 May 2024, 15:57