വിശുദ്ധ ജെറോം, സഭാപിതാവും വേദപാരംഗതനും (347-420) വിശുദ്ധ ജെറോം, സഭാപിതാവും വേദപാരംഗതനും (347-420) 

ദൈവവചനം ജീവിത കേന്ദ്രമാക്കിയ വിശുദ്ധ ജെറോം!

വിശുദ്ധ ജെറോമിൻറെ പതിനാറാം ചരമശതാബ്ദി, 2020 സെപ്റ്റമ്പർ 30, അന്ന് ഫ്രാൻസീസ് പാപ്പാ, “സാക്രെ സ്ക്രിപ്തുരെ അഫെക്തൂസ്” (Sacrae Scripturae affectus) എന്ന അപ്പസ്തോലിക ലേഖനം ഒപ്പു വച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധ ജെറോമിൻറെ മാതൃക വേദപുസ്തകത്തോടുള്ള സ്നേഹം നമ്മിൽ നവീകരിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

സഭാപിതാവും വേദപാരംഗതനുമായ വിശുദ്ധ ജെറോമിൻറെ തിരുന്നാൾ തിരുസഭ ആചരിച്ച സെപ്റ്റമ്പർ 30-ന് ബുധനാഴ്ച (30/09/20) താൻ  ഈ വിശുദ്ധൻറെ 1600-ɔ൦ ചരമവാർഷിക ദിനത്തിൽ താൻ “സാക്രെ സ്ക്രിപ്തുരെ അഫെക്തൂസ്” (Sacrae Scripturae affectus) എന്ന അപ്പസ്തോലിക ലേഖനം ഒപ്പുവച്ച വിവരം ഫ്രാൻസീസ് പാപ്പാ അന്ന് വത്തിക്കാനിൽ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയിൽ വെളിപ്പെടുത്തുകയായിരുന്നു.

സ്വജീവിതത്തിൻറെ കേന്ദ്രസ്ഥാനത്ത് ബൈബിൾ പ്രതിഷ്ഠിച്ച സഭാപിതാവും വേദപാരംഗതനുമായ ഈ മഹാ വിശുദ്ധൻറെ മാതൃക ദൈവവചനത്തോടുള്ള വൈക്തികമായ സംഭാഷണത്തിൽ ജീവിക്കാനുള്ള അഭിലാഷം നമ്മിലെല്ലാവരിലും നവീകരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

“സാക്രെ സ്ക്രിപ്തുരെ അഫെക്തൂസ്” എന്നീ ലത്തീൻ വാക്കുകളിലുള്ള അപ്പസ്തോലിക ലേഖന ശീർഷകം “തിരുലിഖിത ഭക്തി” എന്ന് വിവർത്തനം ചെയ്യാവുന്നതാണ്.

കിഴക്കെ യൂറോപ്പിലെ, ഇന്നത്തെ ക്രൊവേഷ്യയുടെ അതിർത്തിക്കുള്ളിൽ വരുന്ന സ്ത്രിദോൺ (Stridon) എന്ന സ്ഥലത്ത് 347-ɔ൦ ആണ്ടിലാണ് വിശുദ്ധ ജെറോമിൻറെ ജനനം.

ബൈബിളിൻറെ ലത്തീൻ പരിഭാഷയായ “വുൾഗാത്ത”, ഹെബ്രായ ബൈബിൾ വിവർത്തനം എന്നിവയ്ക്കു പുറമെ ദൈവശാസ്ത്ര കൃതികളും, ചരിത്ര രചനകളും, അപദാനവർണ്ണനകളും കത്തുകളും താപസവര്യനും ക്രൈസ്തവ വിജ്ഞാനിയും ഭാഷാപണ്ഡിതനുമായ വിശുദ്ധ ജെറോമിൻറെ മഹത്തായ സംഭാവനകളായി ഉണ്ട്.

എന്നാൽ ജെറോമിന്റെ ചരിത്രരചനകളിൽ ഏറ്റവും പ്രധാനമായത് 392-ൽ ബെത്‌ലഹേമിൽ വച്ച് എഴുതിയ ക്രിസ്തീയലേഖകന്മാരെക്കുറിച്ചുള്ള “ദെ വീരിസ് ഇല്ലുസ്ത്രിബൂസ്” (De Viris Illustribus) എന്ന ഗ്രന്ഥമാണ്. ഈ കൃതിയുടെ ക്രമീകരണവും പേരുതന്നെയും സ്യൂട്ടോണിയസ് എഴുതിയ പന്ത്രണ്ടു സീസർമാരുടെ ജീവിതം എന്ന കൃതിയെ ആശ്രയിച്ചുള്ളതാണ്. പത്രോസ് അപ്പസ്തോലൻ മുതൽ വിശുദ്ധ ജെറോം വരെയുള്ള 135 എഴുത്തുകാരുടെ ലഘുജീവചരിത്രങ്ങളും സാഹിത്യക്കുറിപ്പുകളുമാണ് ഈ കൃതിയിലുള്ളത്. 

420-ൽ സെപ്റ്റംബർ 30-ന് ബെത്‌ലഹേമിൽ വച്ചായിരുന്നു വിശുദ്ധ ജെറോമിൻറെ മരണം.

കത്തോലിക്കസഭ മാത്രമല്ല, ഓർത്തഡോക്സ് സഭയും ആംഗ്ലിക്കൻ സമൂഹവും, ലൂതറൻ സമൂഹവും ജെറോമിനെ വിശുദ്ധനായി വണങ്ങുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2020, 10:27