അമല്‍ദേവ്–മനക്കിലച്ചന്‍ കൂട്ടായ്മയുടെ സുവിശേഷഗാനം
- ഫാദര്‍ വില്യം നെല്ലിക്കല്‍
ഫാദര്‍ ജോസഫ് മനക്കിലിന്‍റെ വരികള്‍
സംഗീതം ജെറി അമല്‍ദേവ്
ആലാപനം ഫെലിക്സ് മാളിയേക്കല്‍.
1. സംഗീതാദ്ധ്യാപകന്‍റെ ആദ്യ റെക്കോര്‍ഡിങ്
രാഗ് കാഫിയില്‍ അമല്‍ദേവ് ചിട്ടപ്പെടുത്തിയ ഗാനം പാടാന്‍ അന്നു കിട്ടിയത് പാലാരിവട്ടം സ്വദേശിയും സംഗീതാദ്ധ്യാപകനുമായ ഫെലിക്സ് മാളിയേക്കലിനെയായിരുന്നു. ആദ്യം പിതാവ്, ആന്‍റെണി മാളിയേക്കലിന്‍റെ പക്കല്‍നിന്നും പിന്നീട് പള്ളുരുത്തിയിലെ രാമന്‍കുട്ടി ഭാഗവതരില്‍നിന്നും കര്‍ണ്ണാടക സംഗീതം അഭ്യസിച്ചശേഷമാണ് ഫെലിക്സ് അദ്ധ്യാപനത്തിലേയ്ക്ക് പ്രവേശിച്ചത്. ഇപ്പോള്‍ വിരമിച്ചെങ്കിലും സംഗീതം പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നു. ജെറി അമല്‍ദേവിന്‍റെ സിങ് ഇന്ത്യാ (Sing India) ഗായക സംഘത്തിലെ അംഗവുമാണ് ഇദ്ദേഹം.
2. ഗാനം : എന്‍റെ എളിയവര്‍ക്കായ് (മത്തായി 25, 31-46).
എന്‍റെ എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്-വതെല്ലാം
എനിക്കായ് ചെയ്തിടുന്നു
വരുവിന്‍ പിതാവിന്‍ ഭവനമിതില്‍
അനുപമ ഭാഗ്യമിതില്‍ എന്‍റെ
എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്-വതെല്ലാം...
a) ഞാന്‍ വിശന്നുവലഞ്ഞപ്പോള്‍ നിങ്ങള്‍-
ഭോജനമെനിക്കരുളി. (2) ഞാന്‍
ദാഹിച്ചു വലഞ്ഞപ്പോള്‍ നിങ്ങള്‍
കുളിര്‍ജലം എനിക്കേകി. എന്‍റെ
എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്-വതെല്ലാം...
b) പരദേശിയായ് അലഞ്ഞപ്പോള്‍ എനി-
ക്കഭയം തന്നരുളി. (2) ഞാന്‍
നഗ്നനായ് അലഞ്ഞപ്പോള്‍ നിങ്ങള്‍
വസ്ത്രമെനിക്കരുളീ. എന്‍റെ
എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്-വതെല്ലാം.
c) ഞാന്‍ രോഗിയായ് തീര്‍ന്നപ്പോള്‍ നിങ്ങള്‍
കാണുവാന്‍ വന്നെന്നെ. (2) ഞാന്‍
തടവിലിരുന്നപ്പോള്‍ എന്‍റെ
അരികിലണഞ്ഞൂ നിങ്ങള്‍. എന്‍റെ
എളിയവര്‍ക്കായ് നിങ്ങള്‍ ചെയ്-വതെല്ലാം.
3. ഓര്‍മ്മയിലെ “രാമൂ” എന്ന
പ്രഗത്ഭനായ സൗണ്ട് എഞ്ചിനീയര്‍
കേരളത്തില്‍ സൗണ്ട് റെക്കോര്‍ഡിങ് സ്റ്റുഡിയോ ഇല്ലാതിരുന്ന കാലഘട്ടത്തിലായിരുന്നു ഈ ഗാനത്തിന്‍റെ നിര്‍മ്മിതി. 1983-ല്‍ ജെറി അമല്‍ദേവ്- ഫാദര്‍ ജോസഫ് മനക്കില്‍ കൂട്ടായ്മ റെക്കോര്‍ഡ്ചെയ്ത കരിസ്മാറ്റിക്ക് ഗാനങ്ങള്‍ മൂന്നാംവാല്യത്തിലേതാണ് സുവിശേഷാധിഷ്ഠിതമായ ഈ ഗാനം. കേരളത്തില്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോകള്‍ ഒന്നും ഇല്ലാതിരുന്ന കാലത്തായിരുന്നു. സാങ്കേതികത സ്വയം വികസിപ്പിച്ചെടുത്ത ശബ്ദമാന്ത്രീകനായിരുന്നു രാമൂ. എറണാകുളത്തെ രാമൂ എന്ന ചെറുപ്പക്കാരനാണ് താന്‍ സ്വന്തമായി രൂപകല്പനചെയ്ത “മിക്സറി”ല്‍ (Stereo track mixing console) അമല്‍ദേവ് സംവിധാനം ചെയ്ത ഈ ഗാനം റെക്കോര്‍ഡ് ചെയ്തത്. ഗാനത്തിന്‍റെ ആദ്യ അസ്സല്‍ ട്രാക്ക് അമല്‍ദേവും രാമുവും ചേര്‍ന്നു രേഖപ്പെടുത്തിയതിന്‍റെ ശബ്ദരേഖയിവിടെ ശ്രവിക്കാം.
4. കേരളത്തിലെ ആദ്യത്തെ സൗണ്ട് സ്റ്റുഡിയോ
എറണാകുളത്ത് വരാപ്പുഴ അതിരൂപതയുടെ സി.എ.സി. എന്ന കലാസാംസ്കാരിക കേന്ദ്രത്തിന്‍റെ ഒരു മുറിയുടെ ഭിത്തിയില്‍ ചാക്കുകള്‍ കെട്ടിത്തൂക്കി ശബ്ദക്രമീകരണം നടത്തിയാണ് രാമൂ ഒരു ശബ്ദലേഖന സംവിധാനം താല്ക്കാലികമായി ഒരുക്കിയെടുത്തത്. ഇന്ന് വരാപ്പുഴ അതിരൂപതയുടെ ഉടമസ്ഥതയിലുള്ള സി.എ.സി. എന്ന (Cochin Arts & Communications) കേരളത്തിലെ ആദ്യത്തെ സൗണ്ട് റെക്കോര്‍ഡിങ് സ്റ്റുഡിയോയുടെ തുടക്കമായിരുന്നു അത്. ഇതിനുമുന്‍പും (1981-82 വര്‍ഷങ്ങളില്‍) ക്യാരിസ്മാറ്റിക് ഗാനങ്ങളുടെ ഒന്നും രണ്ടും വാല്യങ്ങള്‍ തോപ്പുംപടിയില്‍ നടത്തിയത് ഒരുമിച്ചുള്ള വീടിന്‍റെ രണ്ടുമുറികള്‍ രാമുവിന്‍റെയും ജെറി അമല്‍ദേവിന്‍റെയും നേതൃത്വത്തില്‍ സ്റ്റുഡിയോയായി ക്രമപ്പെടുത്തി ഉപയോഗിച്ച് നല്ല ഓര്‍മ്മയാണ്.
1984-ലാണ് രവിപുരത്ത്, ഇന്നു ഗായകന്‍ ഉണ്ണിമേനോന്‍റെ സ്റ്റുഡിയോ എന്ന് അറിയപ്പെടുന്ന രാമുവിന്‍റെ “ആലാപ്” (Alaap) സ്റ്റുഡിയോയും, ഗിറ്റാറിസ്റ്റ് ഹരീന്ദ്രന്‍റെ “ഹരിശ്രീ” സ്റ്റുഡിയോയും പിറകെ ഡോ. കെ. ജെ. യേശുദാസിന്‍റെ തിരുവനന്തപുരത്തെ “തരംഗിണി”യുമെല്ലാം പിറവിയെടുക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: