നിയുക്ത കര്‍ദ്ദിനാളന്മാരില്‍ രണ്ട് ഏഷ്യക്കാരും
- ഫാദര്‍ വില്യം നെല്ലിക്കല്‍
ബ്രൂണേയി ഫിലിപ്പീന്‍സ് രാജ്യങ്ങളില്‍നിന്ന്
തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ബ്രൂണേയിയുടെ അപ്പസ്തോലിക വികാരി, ബിഷപ്പ് കൊര്‍ണേലിയസ് സീമും ഫിലിപ്പീന്‍സിലെ കപീസ് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ഫുവേര്‍ത്തെ അദ്വീങ്കുളയുമാണ്. നവംബര്‍ 28-ന് വത്തിക്കാനില്‍ ചേരുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷതവഹിക്കുന്ന കൂട്ടായ്മയില്‍ (consistory) ഈ രണ്ട് ഏഷ്യന്‍വംശജരെയും വിവിധ രാജ്യക്കാരായ മറ്റു 11 പേരെയും പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് വാഴിക്കും. ആഗമനകാലത്തെ പ്രഥമവാരത്തിന് ഒരുക്കമായ സായാഹ്ന പ്രാര്‍ത്ഥനമദ്ധ്യേ അവരം സ്ഥാനികചിഹ്നങ്ങള്‍ അണിയിച്ചുകൊണ്ടായിരിക്കും കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തുന്നത്. ഒക്ടോബര്‍ 25-Ɔο തിയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലായിരുന്നു പാപ്പാ ഫ്രാന്‍സിസ് ആഗോളസഭയിലെ 13 നവകര്‍ദ്ദിനാളന്മാരുടെ പേരുകള്‍ വെളിപ്പെടുത്തിയത്.
1. ബിഷപ്പ് കൊര്‍ണേലിയസ് സിം
ബ്രൂണേയിയിലെ അപ്പസ്തോലിക വികാരി
അതിരുകള്‍ തേടിയെത്തുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലന സ്നേഹത്തിന്‍റെ അപൂര്‍വ്വ തിരഞ്ഞെടുപ്പാണ് ഏഷ്യയുടെ തെക്കു-കിഴക്കന്‍ അതിരുകളില്‍ ശാന്ത്രസമുദ്രത്തിലെ ഒരു ചെറുദ്വീപു രാജ്യമായ ബ്രൂണേയിയിലെ ചെറിയ അജഗണത്തിന് ഒരു കര്‍ദ്ദിനാളിനെ സമ്മാനിച്ചതെന്ന്, നിയുക്തകര്‍ദ്ദിനാള്‍ ബിഷപ്പ് കൊര്‍ണേലിയസ് സീം വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തോട് അഭിമുഖത്തില്‍ പങ്കുവച്ചു. 69 വയസ്സുകാരന്‍ ബിഷപ്പ് സിം ബ്രൂണേയിയിലെ സേറിയാ എന്ന സ്ഥലത്തെ ചൈനീസ്-ദുസൂനിക് വംശജനാണ്. സ്കോട്ട്ലാന്‍റില്‍നിന്നും എഞ്ചിനീയറിങ് പാസ്സായി നാട്ടില്‍ തിരിച്ചെത്തിയശേഷം 7 വര്‍ഷക്കാലം ജോലിചെയ്തു കുടുംബത്തെ സഹായിച്ചു.. അതിനുശേഷമാണ് ഒരു വൈദികനാകാന്‍ തീരുമാനിച്ചത്. 1989-ല്‍ സീം പൗരോഹിത്യം സ്വീകരിക്കുമ്പോള്‍ മുസ്ലിം സാമ്രാജ്യമായ ബ്രൂണേയിലെ ചെറിയ ക്രൈസ്തവസമൂഹത്തിലെ രണ്ടാമത്തെ വൈദികനായിരുന്നു ഫാദര്‍ കൊര്‍ണേലിയൂസ് സീം.
1995-ല്‍ ബ്രൂണേയിയുടെ വികാരി ജനറലായി. 1997-ല്‍ സഭാപ്രവിശ്യയുടെ അപ്പസ്തോലിക് പ്രീഫെക്ടായി. 2004-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ബ്രൂണേയിയെ അപ്പസ്തോലിക വികാരിയത്തായി (Apstolic vicariate) ഉയര്‍ത്തി. മോണ്‍സീഞ്ഞോര്‍ കൊര്‍ണേലിയസ് സീം പ്രഥമ അപ്പസ്തോലിക വികാരിയായി നിയമിതനുമായി.
2. ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ഫുയര്‍സേ അദ്വേങ്കുള
ഫിലിപ്പീന്‍സിലെ കപീസ് അതിരൂപതാദ്ധ്യക്ഷന്‍
ജനങ്ങളോടു ചേര്‍ന്നു നില്ക്കണം സഭ, പ്രത്യേകിച്ച് സാമൂഹിക ചുറ്റുപാടുകളുടെ അതിരുകളില്‍ കഴിയുന്നവരോട് അജപാലകരും അധികാരികളും അനുകമ്പയുള്ളവരായിരിക്കണം എന്നതാണ് തന്‍റെ നിലപാടെന്ന് ആര്‍ച്ചുബിഷപ്പ് അദ്വേങ്കുള അഭിപ്രായപ്പെട്ടു. തന്‍റെ ഈ മൗലികമായ കാഴ്ചപ്പാടാണ് ഫിലിപ്പീന്‍സിലെ പട്ടണങ്ങളില്‍നിന്ന് അകന്നു കിടക്കുന്ന ഗ്രാമാന്തരങ്ങളില്‍ അജപാലന ശുശ്രൂഷചെയ്യുന്ന തന്നെ പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കു വിളിക്കുവാന്‍ ഇടയാക്കിയതെന്ന് വിശ്വസിക്കുന്നതായി ആര്‍ച്ചുബിഷപ്പ് അദ്വേങ്കുള വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തോട് അഭിമുഖത്തില്‍ പങ്കുവച്ചു.
1976-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഫിലിപ്പീന്‍സിലെ റോക്സാസ് സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികളുടെ ആത്മീയ ഗുരുവായി നിയമിതനായി. ദൈവശാസ്ത്രത്തിലും കാനോന നിയമത്തിലും തുടര്‍ന്നു പഠിച്ച് ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി. 1995-ല്‍ കപീസില്‍ വിശുദ്ധ പത്താം പിയൂസ് പാപ്പായുടെ നാമത്തിലുള്ള സെമിനാരിയുടെ റെക്ടറായി നിയമിതനായി. അതിരൂപതയുടെ നീതിക്കായുള്ള കമ്മിഷന്‍റെ പ്രസിഡന്‍റ്, ജുഡീഷ്യല്‍ വികാരി എന്നീ തസ്തികകളിലും തത്സമയം പ്രവര്‍ത്തിച്ചു. 1999-ല്‍ ദാവോയിലുള്ള സെന്‍റ് തോമസ് വില്ലനോവ ഇടവക വികാരിയായി സേവനം ആരംഭിച്ചു. 2001-ല്‍ സാന്‍ കാര്‍ളോ രൂപതയുടെ മെത്രാനായി നിയമിതനായി. 2011-ല്‍ കപീസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായും നിയമിതനായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: