പരിത്യക്തർക്ക് പ്രത്യാശയായ പ്രബോധനം : “എല്ലാവരും സഹോദരങ്ങൾ”
- ഫാദർ വില്യം നെല്ലിക്കൽ
1. മാനവികതയുടെ ഹൃദയസ്പന്ദനങ്ങൾ
പരിത്യക്തരുടെ അശയും പ്രത്യാശയും, ദുഃഖവും ആശങ്കയും ഉള്‍ക്കൊള്ളുന്ന പ്രബോധനമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ എല്ലാവരും സഹോദരങ്ങള്‍, Fratelli Tutti-യെന്ന് സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപകാര്യദര്‍ശി കര്‍ദ്ദിനാള്‍ മിഷേല്‍ ചേര്‍ണി പ്രസ്താവിച്ചു. രാജ്യാന്തര കത്തോലിക്കാ കുടിയേറ്റ കമ്മിഷന്‍റെ ബ്ലോഗില്‍ ജനുവരി 23-നു കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ ചേര്‍ണി ഇക്കാര്യം എടുത്തുപറയുന്നത്.
2. വിശ്വസാഹോദര്യത്തിനുളള ആഹ്വാനം
കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും കാര്യങ്ങള്‍ ഇങ്ങനെ ആവര്‍ത്തിച്ചു പറയുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രിക ലേഖനത്തിന്‍റെ കേന്ദ്രസ്ഥാനത്ത് ലോകത്ത് ജനതകള്‍ക്കിടയിലും സംസ്കാരങ്ങള്‍ക്കിടയിലും കൂടുതല്‍ സാഹോദര്യവും സാമൂഹിക സൗഹൃദവും വളരണമെന്ന ആശയമാണെന്ന് കാനഡക്കാരനായ കര്‍ദ്ദിനാള്‍ ചേര്‍ണി പ്രസ്താവിച്ചു. സങ്കുചിതമായ ദേശീയതയ്ക്കും വ്യക്തിമാഹാത്മ്യവാദത്തിനും, സ്വൗര്യത തേടുന്ന നിസംഗതയ്ക്കും ഭാഷയുടെയും സംസ്കാരങ്ങളുടെയും അതിരുകള്‍ക്ക് അപ്പുറം സ്നേഹത്തിന്‍റെയും തുറവിന്‍റെയും മനോഭാവമാണ് പാപ്പാ ഈ പ്രബോധനത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. എന്നാല്‍ പരമമായും ഈ പ്രബോധനത്തിലൂടെ കാലത്തിന്‍റെ കാലൊച്ചയായ രാജ്യാന്തര കുടിയേറ്റ പ്രതിഭാസത്തില്‍ എന്‍റെ അയല്‍ക്കാരന്‍ ഒരു കുടിയേറ്റക്കാരനോ അഭയാര്‍ത്ഥിയോ പാവപ്പെട്ടൊരു അന്യനാട്ടുകാരനോ ആണെങ്കില്‍ എന്തായിരിക്കണം എന്‍റെ മനോഭാവമെന്ന് പഠിപ്പിക്കുന്നതാണ് പാപ്പായുടെ “ഫ്രത്തേലി തൂത്തി” (Fratelli Tutti) എന്ന കാലിക പ്രസക്തമായ ചാക്രികലേഖനമെന്ന് കര്‍ദ്ദിനാള്‍ ചേര്‍ണി അഭിപ്രായപ്പെട്ടു.
3. അടിസ്ഥാന അവകാശങ്ങളുടെ പ്രമാണരേഖ
കുടിയേറാതിരിക്കുവാനും ഒരാള്‍ അയാളുടെ നാട്ടില്‍ തന്നെ ആയിരിക്കുവാനുമുള്ള അവകാശവും എല്ലാവരുടേതുമാണ്. അടിസ്ഥാന അവകാശങ്ങളും സമഗ്രമായ വികസന സാദ്ധ്യതകളും വ്യക്തികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ആമുഖമായി പ്രബോധനത്തില്‍ പാപ്പാ സ്ഥാപിക്കുന്നുണ്ട്. അങ്ങനെയൊരു കാഴ്ചപ്പാടില്‍ പാവപ്പെട്ടതും വികസന സാദ്ധ്യതകള്‍ കുറഞ്ഞതുമായ രാജ്യങ്ങളെ സമ്പന്ന രാഷ്ട്രങ്ങള്‍ തുണയ്ക്കുകയും വികസിപ്പിച്ചെടുക്കേണ്ടതുമാണ്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ സുസ്ഥതിതി വികസനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും മേലെ രാഷ്ട്രീനേതാക്കള്‍ ശ്രദ്ധിക്കേണ്ടത് അവിടങ്ങളില്‍ ദാരിദ്ര്യവും വിശപ്പും രോഗങ്ങളും പരിസ്ഥിതി വിനാശവും മൂലം ക്ലേശിക്കുന്നവരെ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഭാഷയില്‍ ആശ്ലേഷിക്കുന്നൊരു സംസ്കാരം വളര്‍ത്തുവാനാണെന്ന് കര്‍ദ്ദിനാള്‍ ചേര്‍ണി വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: