സുവിശേഷം ജീവിതപ്രമാണമാക്കിയ ഹൊസേ ഹെർണാണ്ടസ് സിസ്നെരോസ്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വിശ്വാസിയായ ക്രിസ്തുശിഷ്യൻ എപ്രകാരമായിരിക്കണം എന്നതിന് ക്രൈസ്തവർക്കും സന്മനസ്സുള്ള സകലർക്കും മാതൃകയാണ് ഭിഷഗ്വരൻ ഹൊസേ ഗ്രിഗോറിയൊ ഹെർണാണ്ടസ് സിസ്‌നെരോസ് (Doctor José Gregorio Hernández Cisneros) എന്ന് മാർപ്പാപ്പാ.
തെക്കെ അമേരിക്കൻ നാടായ വെനെസ്വേലയുടെ തലസ്ഥാനമായ കരാക്കാസിൽ വെള്ളിയാഴ്‌ച (30/04/21) ഭിഷഗ്വരൻ ഹൊസേ ഗ്രിഗോറിയൊ ഹെർണാണ്ടസ് സിസ്‌നെരോസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച തിരുക്കർമ്മത്തോടനുബന്ധിച്ച് തലേന്ന്, നല്കിയ ഒരു വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.
നവവാഴ്ത്തപ്പെട്ടവൻ സുവിശേഷത്തെ സ്വന്തം ജീവിതപ്രമാണമാക്കുകയും സ്വന്തം വിളി കണ്ടെത്താൻ ശ്രമിക്കുകയും കല്പനകൾ പാലിക്കുകയും അനുദിനം വിശുദ്ധ കുർബ്ബാനയിൽ പങ്കുകൊള്ളുകയും പ്രാർത്ഥനയ്ക്കായി സമയം കണ്ടെത്തുകയും ചെയ്തുവെന്നും നന്മയുടെയും പൗര-മത മൂല്യങ്ങളുടെയും തുറവിൻറെയും അപരൻറെ വേദനയിലുള്ള കരുതലിൻറെയും മിതത്വത്തിൻറെയും വിനയത്തിൻറെയും അറിവിനോടുള്ള സ്നേഹത്തിൻറെയും മാതൃകയുമായി വിളങ്ങിയെന്നും പാപ്പാ തൻറെ സന്ദേശത്തിൽ പ്രകീർത്തിക്കുന്നു.
ജീവൻറെ സംരക്ഷണത്തിനായി സമർപ്പിതമായ ഒരു വിശുദ്ധിയുടെ മാതൃകയാണ് നവവാഴ്ത്തപ്പെട്ട ഭിഷഗ്വരൻ ഹൊസേ ഗ്രിഗോറിയൊ ഹെർണാണ്ടസ് സിസ്‌നെരോസ് എന്നും അദ്ദേഹം ആരെയും ഒഴിവാക്കാത്ത സാർവ്വത്രിക സേവനത്തിൻറെ മനുഷ്യനാണെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.
ജീവിത രേഖ
വെനെസ്വേലയിലെ ഇസ്നോത്തു എന്ന സ്ഥലത്ത് 1864 ഒക്ടോബർ 26-നായിരുന്നു നവ വാഴ്ത്തപ്പെട്ട ഹൊസേ ഗ്രിഗോറിയൊ ഹെർണാണ്ടസ് സിസ്‌നെരോസിൻറെ ജനനം. ബെനീഞ്ഞൊ മരിയ ഹെർണാണ്ടസ് മൻസ്സനേദയും ഹൊസേഫ അന്തോണിയ സിസ്നെരോസ് മൻസില്ലയും ആയിരുന്നു മാതാപിതാക്കൾ.
ഒരു വക്കീൽ ആകണമെന്നതായിരുന്നു മോഹമെങ്കിലും അമ്മയുടെ ആഗ്രഹപ്രകാരം ഭിഷഗ്വരനാകാൻ തീരുമാനിക്കുകയും 1888- വൈദ്യപഠനം പൂർത്തിയാക്കുകയും ഫ്രാൻസിൽ, പാരീസിലെ സർവ്വകലാശാലയിൽ ഉപരിപഠനം നടത്തുകയും ചെയ്തു.
പാവങ്ങളുടെ ഡോക്ടർ
പിന്നീട് വെനെസ്വേലയിലെക്കു മടങ്ങിയ അദ്ദേഹം അവിടെ ജനങ്ങൾക്ക്, പ്രത്യേകിച്ച്, പാവപ്പെട്ടവർക്ക്, പ്രിയങ്കരനായ ഒരു ഡോക്ടറായി മാറി. കുറച്ചുകാലം വൈദ്യശാസ്ത്രാദ്ധ്യാപകനായും ഹൊസേ ഗ്രിഗോറിയൊ ഹെർണാണ്ടസ് സേമവനമനുഷ്ഠിച്ചു.
അതിനിടയ്ക്ക് സമർപ്പിത ജീവിതത്തോടുള്ള പ്രതിപത്തി തോന്നിയ അദ്ദേഹം 1899 ഡിസമ്പർ 7-ന് ഫ്രാൻസിസ്ക്കൻ മൂന്നാം സഭയിൽ ചേരുകയും താപസജീവിതം ലക്ഷ്യം വച്ചുകൊണ്ട് ഇറ്റലിയിലെത്തുകയും ചെയ്തെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അതുപേക്ഷിച്ച് വെനെസ്വേലയിലേക്കു തിരിച്ചു പോകേണ്ടിവന്നു.
എന്നിരുന്നാലും സമർപ്പിത ജീവിത മോഹം അദ്ദേഹത്തിൻറെ ഹൃദയത്തിൽ ജ്വലിച്ചു നിന്നിരുന്നു. അങ്ങനെ മൂന്നു വർഷത്തിനു ശേഷം വീണ്ടും ഇറ്റലിയിലെത്തിയ അദ്ദേഹം റോമിലെ ലത്തീനമേരിക്കൻ കോളേജിൽ ദൈവശാസ്ത്ര പഠനം ആരംഭിച്ചു. അതും രോഗാവസ്ഥ മുലം പൂർത്തിയാക്കാനായില്ല, അങ്ങനെ വെനെസ്വേലയിലെക്കു വീണ്ടും മടങ്ങേണ്ടി വന്നു.
ഫ്രാൻസിസ്ക്കൻ മൂന്നാം സഭയിൽ തുടർന്നുകൊണ്ടുതന്നെ അദ്ദേഹം ഒരു ഭിഷഗ്വരനെന്ന നിലയിൽ, ആ വിളിയോടു വിശ്വസ്തപുലർത്തികൊണ്ട് സേവനം നല്കി. പാവപ്പെട്ടവരോട് പ്രത്യേക കരുതലുണ്ടായിരുന്ന നവവാഴ്ത്തപ്പെട്ടവൻ അവരെ സൗജന്യമായി ചികിത്സിച്ചു. കൈയ്യിൽ നിന്നു പണം മുടക്കി അവർക്ക് മരുന്നു മേടിച്ചു നല്കുകയും ചെയ്തിരുന്നു.
1918-ൽ സ്പാനിഷ് ഫ്ലൂ പടർന്നു പിടിച്ച വേളയിൽ കരാക്കാസിൽ അദ്ദേഹം രാപകലില്ലാതെ രോഗികളുടെ ചാരെ ഉണ്ടായിരുന്നു. കരാക്കാസിൽ വച്ച് ഒരു കാർ ഇടിച്ചിട്ട ഹൊസേ ഗ്രിഗോറിയൊ ഹെർണാണ്ടസ് സിസ്‌നെരോസ് 1919 ജൂൺ 29-ന് മരണമടയുകയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: