മാർ ഇവാനിയോസ് - ദൈവദാസൻ  (1888 - 1953). മാർ ഇവാനിയോസ് - ദൈവദാസൻ (1888 - 1953). 

ബഥനി മലനിരയിൽ തെളിഞ്ഞ ആത്മീയ വെളിച്ചം

ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയുടെ ആത്മീയത പങ്കുവയ്ക്കുന്ന “ഗുരുശരണം” ഗാനശേഖരത്തെ അവലംബിച്ചുള്ള ചിന്താമലരുകൾ.. ശബ്ദരേഖയോടെ...

ഒരുക്കിയത് :

ഫാദർ തോമസ് പ്രമോദ് ഓ.ഐ.സിയും  ഫാദർ വില്യം നെല്ലിക്കലും

ഗുരുശരണം - മാർ ഇവാനിയോസ്


ദൈവദാസൻ ഗീവറുഗീസ് മാർ ഇവാനിയോസ്
20-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ  (1888 - 1953) തെക്കൻ കേരളത്തിന്‍റെ സാമൂഹ്യ പശ്ചാത്തലത്തിൽ ഉദയംചെയ്ത മലങ്കര-കത്തോലിക്ക പുനരൈക്യ പ്രസ്ഥാനത്തിന്‍റെ ശില്‍പിയും ആത്മീയാചാര്യനും ഓ.ഐ.സി. എന്നറിയപ്പെടുന്ന ബഥനി മിശിഹാനുകരണ സന്ന്യാസീ സമൂഹത്തിന്‍റെ സ്ഥാപകനുമായ മാർ ഇവാനിയോസ് തിരുമേനിയുടെ ആത്മീയതയിലേയ്ക്ക് ഒളിവിതറുന്നതാണീ ചിന്താമലരുകൾ. തിരുമേനിയുടെ 50-ാം ചരമവാർഷിക നാളിൽ “ഗുരുശരണം” എന്ന പേരിൽ കേരളത്തിലെ മലങ്കര കത്തോലിക്കാ സഭയ്ക്കുവേണ്ടി ബഥനി ആശ്രമ സമൂഹം പുറത്തിറക്കിയ 10 ഗാനങ്ങളുടെ ശേഖരത്തിൽനിന്നും എടുത്ത തദ്ദേശത്തനിമയുള്ള 5 ഗാനങ്ങളാണ് ഇന്നത്തെ ചിന്താമലരുകളായി അവതരിപ്പിക്കുന്നത്.

ജെറി അമൽദേവാണ് ഈ ഗാനശേഖരത്തിന്‍റെ സംഗീതശില്പി.
ഗാനങ്ങൾ രചിച്ചത് ബിച്ചു തിരുമല, കൈതപ്രം ദാമോദരൻ നമ്പൂതരി,
പ്രഫ. ജോൺസൺ, ഫാദർ സന്തോഷ് മഠത്തിൽ ഒ.ഐ.സി. എന്നിവരാണ്.

1. ഉപനിഷത്തിലെ ശ്ലോകം
സഹനത്തിലൂടെയും വിനയത്തിലൂടെയും തേജസ്സാർജ്ജിക്കാമെന്ന് ഉദ്ബോധിപ്പിക്കുന്ന ഉപനിഷത്തിലെ ശാന്തി മന്ത്രമാണ് ഗുരശരണം ഗാനസമാഹാരത്തിന്‍റെ ആമുഖം.

ജെറി അമൽദേവ് ഈണംനല്കിയ ശ്ലോകം
ആലപിച്ചത് കാവാലം ശ്രീകുമാർ.

ഓം സഹനാ വവതു സഹനൗ ഭുവനതു
സഹവീര്യം കരവാഹഹൈ..
തേജസ്സ്വിനാവധീ സമസ്തൂ
മാവിദ് വിഷാവഹൈ ഓം ശാന്തി, ശാന്തി ശാന്തിഃ (2)

2. കഥപറയുന്ന ബഥനിമലനിരകൾ
ദൈവദാസൻ മാർ ഇവാനിയോസ് തന്‍റെ കർമ്മഭൂമിയായി ആദ്യം തിരഞ്ഞെടുത്തത് ശബരിമലയ്ക്കു സമീപത്തുള്ള ബഥനി മലനിരയാണ്.  അവിടെ തുടക്കമിട്ട ബഥനി ആശ്രമത്തിന്‍റെ രമണീയതയിൽ തന്‍റെ ജനത്തിനായ് മോക്ഷമാർഗ്ഗത്തിലേയ്ക്കു വഴിതെളിച്ച ആ ഗുരുവരനെ ഇസ്രായേലിന്‍റെ മോചകനായ മോശയോടു കവി സാദൃശ്യപ്പെടുത്തുന്നു.

രചന പ്രഫ.. ജോൺസൺ കെങ്കിരേത്ത്
സംഗീതം ജെറി അമൽദേവ്.
ആലാപനം വേണുഗോപാലും ആൻഡ്രിയായും.


ബഥനിമലനിരകൾ... (2) നല്ലൊരു കഥപറഞ്ഞുതരും
മധുരസന്ദേശം കലർന്നൊരു മധുപകർന്നുതരും (2)
ബഥനിമലനിരകൾ.....

a) പണ്ടുപണ്ടൊരു നാളിലീവഴി
വന്നൊരാചാര്യൻ ഈ വഴി-
വന്നൊരാചാര്യൻ
പണ്ഡിതൻ വരപൂരിതൻ ഗുരു-
മാർ ഇവാനിയോസ് ഗുരു-
മാർ ഇവാനിയോസ്.
പഞ്ചമങ്ങൾ കീർത്തനങ്ങൾ
പാടുമീ വനിയിൽ
പർണ്ണശാലയൊരുക്കിയന്നാ മാമുനീതുല്യൻ അന്നാ-
മാമുനീ തുല്യൻ. - ബഥനിമലനിരകൾ

c) മോശ മരുഭൂമിൽ ജനതയെ വഴിനയിച്ചതുപോൽ (2)
മോക്ഷവീഥിയതിൽ പ്രിയരെ ആനയിച്ചു ഭവാൻ
ആനയിച്ചു ഭവാൻ.
ആശതൻ പുതുനാമ്പു നല്കി തന്‍റെ കൂട്ടത്തെ
രക്ഷതൻ സങ്കേതത്തിൽ കൊണ്ടുപോയ് ധന്യൻ
ധന്യൻ കൊണ്ടുപോയ് ധന്യൻ - ബഥനിമലനിരകൾ

3. “കാലമളന്ന മനുഷ്യസുതൻ...”
“കാലമളന്ന മനുഷ്യസുതൻ...” എന്ന് സ്നേഹമയനായ മാർ ഇവാനിയോസ് തിരുമേനിയെ വിശേഷിപ്പിച്ചുകൊണ്ട് സന്ന്യാസ ജീവിതത്തിന് അദ്ദേഹം നല്കിയ ആനുകാലിക ദർശനം വെളിപ്പെടുത്തുന്നതാണ് അടുത്ത ഗാനം.

രചന ബിച്ചു  തിരുമല, സംഗീതം ജെറി അമൽദേവ്.
ആലാപനം കാവാലം ശ്രീകുമാറും സംഘവും.


കാലമളന്ന മനുഷ്യസുതൻ കാരുണ്യക്കതിരേകിയവൻ
കുരിശിനു ശുദ്ധിപകർന്ന മഹാൻ ഗുരുകൃപ നേടിയ ശിഷ്യനവൻ.
* നൽശരണം, ഗുരുചരണം, ധന്യമനസ്സിന്നതിൽ ശരണം (2)

a) മാനവമൈത്രി വിളമ്പിടുവാൻ മാമല മടിയിലുറങ്ങിയവൻ
സന്ന്യാസത്തിൻ പൊരുളറിയാൻ സാത്വിക കാവിയണിഞ്ഞ നരൻ.
* നൽശരണം, ഗുരുശരണം

b) പുല്ലും പുഴുവും പൂമരവും കല്ലും കതിരും നിറകതിരും
മണ്ണിൽനിന്നു പിറന്നവരീ മണ്ണിൽത്തന്നെ ഒടുങ്ങിടുവോം. * നൽശരണം, ഗുരുശരണം
c) മണ്ണിനു സ്നേഹം നല്കിയവൻ മനസ്സിൽ പുക്കൾ വിടർത്തിയവൻ
മനസ്സിനു മനസ്സു പടർത്തിയവൻ മാർ ഇവാനിയോസ് എന്ന മഹാൻ (2).

f) ഒറ്റ തിരിഞ്ഞൊരജങ്ങളെയും ഒറ്റക്കൂരയിൽ ആക്കിടുവാൻ
ഒറ്റമനസ്സും ലക്ഷ്യവുമായ് അറ്റുകിണഞ്ഞ മഹാപുരുഷൻ (2)

g) ആ നൽ ഇടയൻ ഉറങ്ങിടുമീ അന്ത്യ കുടീരത്തിൻ നടയിൽ
പുഷ്പമരങ്ങൾ  ഉതിർത്തിടുവാൻ അക്ഷര ലക്ഷമജങ്ങളിതാ (2).

h) ഞങ്ങളിതാ ഞങ്ങളിതാ, ഞങ്ങടെ ഹൃദയ സുമങ്ങളിതാ (2).

4. ക്രൈസ്തവ ആർഷസംസ്കൃതിയുടെ പിതാവ്
ആർഷസംസ്കൃതിയും ക്രൈസ്തവ മൂല്യങ്ങളും സയോജിപ്പിച്ച് കർമ്മപഥം തെളിയിച്ച നിർമ്മലഹൃദയനായിരുന്നു മാർ ഇവാനിയോസ്  തിരുമേനി എന്നു ഘോഷിക്കുന്ന ഗാനം.

രചന ബിച്ചു തിരുമല
സംഗീതം ജെറി അമൽദേവ്... ആലാപനം ജൂലി ജോസ്.


a) മലരുപോൽ  ഉള്ളം നിർമ്മലമാക്കിയോൻ
അഗതികാരുണ്യം കർത്തവ്യമാക്കിയോൻ (2)
മലയും മാളോരും അനുഗമിച്ചീടുന്നോൻ
മാറിവാനിയോസ് തിരുമേനിയല്ലയോ (2).
* ശബരിമലയ്ക്കരികിൽ പണിതേകിയ
ശരണസനാതനമാം നിലയം
കാൽവരിനാഥനുയിർത്തെഴുന്നോറ്റൊരു
കാനന പാവനമാം നിലയം (2).

b) ആർഷഭാരതം മേലാടയാക്കിയും
ക്രൈസ്തവാദർശം ഉള്ളത്തിലേറ്റിയും (2)
ആട്ടിടയന്മാർക്കാലയായ് മാറിയോൻ
മാറിവാനിയോസ് തിരുമേനിയല്ലയോ (2)
* ശബരിമലയ്ക്കരികിൽ

d) ഇല്ലാത്തോരേയും ഉള്ളതാക്കിടൂവോൻ
അല്ലലിൽപ്പോലും അല്ലലില്ലാത്തവൻ (2)
പാവങ്ങൽക്കെന്നും പർദീസായായവൻ
മാറിവാനീയോസ്  തിരുമേനിയല്ലയോ (2).
* ശബരിമലയ്ക്കരികിൽ

5. ഓർമ്മപ്പെരുനാൾ

മാർ ഇവാനിയോസ് തിരുമേനിയുടെ സ്നേഹസ്മരണകൾ വിളിച്ചോതുന്നൊരു ഗാനമാണ് അടുത്തത്.

കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച ഗാനത്തിന് വീണ്ടും അമൽദേവിന്‍റെ ഈണം. ആലാപനം കെസ്റ്ററും സംഘവും.

ഓർമ്മപ്പെരുനാൾ ഇനിയുമൊരോർമ്മത്തിരുനാൾ
ഗോതമ്പുമണിയായ് മണ്ണിൽ വീണൊരു പുണ്യവാന്‍റെ തിരുനാൾ (2)
മാർ ഇവാനിയോസ് മാർ ഇവാനിയോസ് (2).
a) അവിടുത്തെ ഓർമ്മയിൽ ഞങ്ങടെ ഹൃദയം തുടിച്ചുനില്ക്കുന്നു
അവിടുത്തെ നാം ഞങ്ങടെ മിഴികളെ ആർദ്രമാക്കുന്നു (2)
ഐക്യത്തിന്‍റെ പ്രവാചകരൂപം കൈക്കൊണ്ടവനല്ലോ
അവിടുന്നിപ്പോൾ ഞങ്ങടെ കനവിൽ ഉയിർത്തെണീക്കുന്നു.
                                                                               - ഓർമ്മപ്പെരുനാൾ

b) ഭാരതീയത തിങ്ങിനില്ക്കും ദൈവസങ്കല്പം
യേശു നല്കിയ സന്ദേശവുമായ് ചേർത്തുവെച്ചവനേ
കേന്ദ്രോൺ നദിയും ഗംഗാനദിയും അവിടേയ്ക്കൊരുപോലെ
അവിടുന്നിപ്പോൾ ഞങ്ങടെ ഉയിരിൽ ഉയിർത്തെണീക്കുന്നു.
                                                                                - ഓർമ്മപ്പെരുനാൾ

 ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയുടെ "ഗുരചരണത്തിൽ..." എന്ന ചിന്താമലരുകൾ.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 May 2021, 14:29