തിരയുക

കർദ്ദിനാൾ കുർത്ത് കോഹ് (Kurt Koch),ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ കുർത്ത് കോഹ് (Kurt Koch),ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ 

സൈപ്രസ്-ഗ്രീസ്, ക്രൈസ്തവൈക്യമാനമാർന്ന ഇടയസന്ദർശനം!

ഓർത്തഡോക്സ് ക്രൈസ്തവർ ഭൂരിപക്ഷമുള്ള ഈ രണ്ടു രാജ്യങ്ങളിലേക്കുമുള്ള പാപ്പായുടെ യാത്ര ക്രൈസ്തവൈക്യത്തെ (എക്യുമെനിസം) സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണെന്ന് വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ കർദ്ദിനാൾ കുർത്ത് കോഹ് അഭിപ്രായപ്പെട്ടു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ ആസന്നമായ സൈപ്രസ്, ഗ്രീസ് ഇടയസന്ദർശനം ഉപവിയിലധിഷ്ഠിതമായ ഒരു സംഭാഷണത്തിനുള്ള വലിയ ചുവടുവയ്പ്പാണെന്ന് ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ കുർത്ത് കോഹ് (Kurt Koch).

ഓർത്തഡോക്സ് ക്രൈസ്തവർ ഭൂരിപക്ഷമുള്ള ഈ രണ്ടു രാജ്യങ്ങളിലേക്കുമുള്ള പാപ്പായുടെ യാത്ര ക്രൈസ്തവൈക്യത്തെ (എക്യുമെനിസം)  സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണെന്ന് വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

കത്തോലിക്കാസഭയും ഗ്രീക്ക്-ഓർത്തഡോക്സ് സഭയുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായി ഭവിക്കും ഈ അജപാലന സന്ദർശനം എന്ന് കർദ്ദിനാൾ കോഹ് പറഞ്ഞു.

സംഭാഷണത്തിൻറെ രണ്ടു മാനങ്ങൾ എടുത്തുകാട്ടിയ അദ്ദേഹം ഉപവിയിലുള്ള സംഭാഷണം സത്യത്തിലുള്ള സംഭാഷണം എന്നിങ്ങനെ രണ്ടായി തിരിക്കുകയും അവ തമ്മിലുള്ള വിത്യാസം വ്യക്തമാക്കുകയും ചെയ്തു. ഉപവിയിലുള്ള സംഭാഷണം എന്നത് സഭകൾ തമ്മിലുള്ള സൗഹൃദ ബന്ധങ്ങൾ ആഴപ്പെടുത്തലാണെന്നും എന്നാൽ സത്യത്തിലുള്ള സംഭാഷണം ദ്യോതിപ്പിക്കുന്നത് ഗതകാലത്തുണ്ടായ പ്രതിബന്ധങ്ങൾ നീക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ദൈവവിജ്ഞാനീയ സംഭാഷണത്തെയാണെന്നും കർദ്ദിനാൾ കോഹ് വിശദീകരിച്ചു.

ഡിസമ്പർ 2-6 വരെയായിരിക്കും പാപ്പാ സൈപ്രസ്, ഗ്രീസ് എന്നീ രാജ്യങ്ങളിൽ ഇടയന്ദർശനംനടത്തുക. വത്തിക്കാനിൽ നിന്ന്  രണ്ടാം തീയതി സൈപ്രസ്സിൽ എത്തുന്ന പാപ്പാ നിക്കൊസീയ സന്ദർശിച്ചതിനു ശേഷം നാലാം തീയതി ഗ്രീസിലേക്കു പോകും. ആറാം തീയിതിവരെ ഗ്രീസിൽ ചിലവിടുന്ന പാപ്പാ അവിടെ ഏതൻസും ലെസ്വോസ് ദ്വീപുമായിരിക്കും സന്ദർശിക്കുക.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 November 2021, 12:23