തിരയുക

യൂറോപ്യൻ യൂണിയനിലെ വിവിധ മെത്രാൻസംഘങ്ങളുടെ പൊതുസമിതി ഫ്രാൻസിസ് പാപ്പയോടൊപ്പം യൂറോപ്യൻ യൂണിയനിലെ വിവിധ മെത്രാൻസംഘങ്ങളുടെ പൊതുസമിതി ഫ്രാൻസിസ് പാപ്പയോടൊപ്പം 

അഭയാർത്ഥികൾക്കായി യൂറോപ്യൻ മെത്രാൻസംഘങ്ങളുടെ പൊതുസമിതി

അഭയാർത്ഥികൾക്കുവേണ്ടി ഫ്രാൻസിസ് പാപ്പാ നടത്തിയ അഭ്യർത്ഥനകൾ കണക്കിലെടുത്ത് അഭയാർത്ഥികളോട് ഐക്യദാർഢ്യത്തിന് ആഹ്വാനം ചെയ്‌ത്‌, യൂറോപ്യൻ യൂണിയനിലെ വിവിധ മെത്രാൻസംഘങ്ങളുടെ പൊതുസമിതി പ്രഖ്യാപനമിറക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഡിസംബർ 22 ബുധനാഴ്ച നടന്ന പൊതുകൂടിക്കാഴ്ചാവേളയുടെ അവസാനം, അഭയാർത്ഥികൾക്കായി ഫ്രാൻസിസ് പാപ്പാ നടത്തിയ അഭ്യർത്ഥന കണക്കിലെടുത്ത്, യൂറോപ്യൻ യൂണിയനിലെ വിവിധ മെത്രാൻസംഘങ്ങളുടെ പൊതുസമിതി, യൂറോപ്യൻ രാജ്യങ്ങളിലെ ഗവൺമെന്റ് അധികാരികളോടും, യൂറോപ്പിലെ സഭയോടുമായി നടത്തിയ അഭ്യർത്ഥനയിൽ, അഭയാർത്ഥികളെ സ്വീകരിക്കാനും, വ്യക്തമായ ഐക്യദാർഢ്യത്തോടെ അവരെ വിവിധയിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുവാനും ആഹ്വാനം ചെയ്തു.

അഭയാർത്ഥികളും യൂറോപ്പും

ലക്സംബർഗ് അതിരൂപതാധ്യക്ഷനും യൂറോപ്യൻ യൂണിയനിലെ വിവിധ മെത്രാൻസംഘങ്ങളുടെ പൊതുസമിതിയുടെ പ്രെസിഡന്റുമായ കർദ്ദിനാൾ അഭിവന്ദ്യ ഷാൻ-ക്ളോദ് ഹോള്ളെറിക് പുറത്തിറക്കിയ പ്രസ്താവനയിൽ, ഡിസംബർ ആദ്യം ഫ്രാൻസിസ് പാപ്പാ സൈപ്രസിലേക്കും ഗ്രീസിലേക്കും നടത്തിയ അപ്പസ്തോലികയാത്രാ വേളയിൽ, അവിടങ്ങളിലുള്ള അഭയാർത്ഥികൾ കടന്നുപോകുന്ന ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ നാം ഒരിക്കൽക്കൂടി കണ്ടുവെന്നും, അഭയം തേടി വന്ന അവരുടെ സ്വരം നാം ശ്രവിക്കുന്നതിനായി അവർ കാത്തിരിക്കുകയാണെന്നും സമിതി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. ദൈവമക്കളായ അവരുടെ സ്വരത്തിനു മുന്നിൽ നിസംഗതയോടെയിരിക്കാൻ യൂറോപ്പിലെ സഭയ്ക്ക് സാധിക്കില്ല എന്ന് കർദ്ദിനാൾ കൂട്ടിച്ചേർത്തു. എന്നത്തേയും കാൾ കൂടുതലായി നമ്മുടെ സഹായം ആവശ്യമുള്ള ഈ ആളുകൾക്ക് മൂർത്തമായ ഐക്യദാർഢ്യത്തിന്റെ പ്രവർത്തികളോടെ സഹായമേകാൻ നമുക്ക് സാധിക്കണം.

യൂറോപ്പിലേക്കെത്തിയിട്ടുള്ള അഭയാർത്ഥികളെ സ്വീകരിച്ചിരിക്കുന്ന സൈപ്രസിലെയും ഗ്രീസിലേയും ക്യാമ്പുകൾ പോലെയുള്ള ഇടങ്ങളിൽനിന്ന്, യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് അഭയാർത്ഥികളെ മാറ്റിപാർപ്പിക്കാനും അവിടങ്ങളിൽ, അവർക്ക് വേണ്ട സംരക്ഷണവും സൗകര്യങ്ങളും നൽകാനും യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളോടുള്ള ഫ്രാൻസിസ് പാപ്പായുടെ അഭ്യർത്ഥനയോട്, യൂറോപ്യൻ യൂണിയനിലെ വിവിധ മെത്രാൻസംഘങ്ങളുടെ പൊതുസമിതിയുടെ പ്രെസിഡണ്ട് എന്ന നിലയിൽ താനും ചേരുന്നു എന്നും കർദ്ദിനാൾ ഹോള്ളെറിക് വ്യക്തമാക്കി.

കത്തോലിക്കാവിശ്വാസികളും അഭയാർത്ഥിപ്രശ്നവും

ക്രിസ്തുമസിന്റെ ഈ സമയത്ത്, ക്രിസ്തുവിന്റെ യഥാർത്ഥ സാക്ഷികളാകാനും, സംരക്ഷണം തേടി യൂറോപ്പിലേക്കെത്തിയ അഭയാർത്ഥികളെ സേവനമനോഭാവത്തോടെ, സർക്കാർ അധികാരികളുമായി സഹകരിച്ച്, സ്വാഗതം ചെയ്യാനും, യൂറോപ്പിലെ സഭയോടും, വിശ്വാസികളോടും താൻ അഭ്യർത്ഥിക്കുന്നു എന്നും യൂറോപ്യൻ മെത്രാൻസമിതികളുടെ പ്രസിഡന്റ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.

അഭയാർത്ഥികളും ക്രിസ്തുവും

തങ്ങളുടെ വീടിന്റെ വാതിൽക്കൽ മുട്ടിവിളിക്കുന്ന അഭയാർത്ഥികളിൽ ക്രിസ്തുവിന്റെ മുഖം തിരിച്ചറിയാനും, കഷ്ടപ്പാടുകളിലും വിവിധ ആവശ്യങ്ങളിലും കൂടി കടന്നുപോകുന്ന അഭയാർത്ഥികളുടെ നേരെ പല സമൂഹങ്ങളിലും നിലനിൽക്കുന്ന നിസംഗതയെ മറികടക്കുവാൻ വേണ്ട ശക്തി നൽകാനും താൻ ഉണ്ണിയേശുവിനോട് പ്രാർത്ഥിക്കുന്നു എന്ന വാക്കുകളോടെയാണ് കർദ്ദിനാൾ തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 December 2021, 17:09