റഷ്യ-ഉക്രയിൻ യുദ്ധം: മോസ്കോയിലെ ഓർത്തഡോക്സ് പാത്രിയർക്കീസിന്റെ മറുപടിക്കത്ത്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മാർച്ച് പതിനേഴിന് അയച്ചിരിക്കുന്ന മറുപടിക്കത്തിൽ, ഈ ദിവസങ്ങളിൽ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ ദീർഘനാളുകളായി നീളുന്ന ഉക്രെയ്നിലെ സംഭവവികാസങ്ങളെക്കുറിച്ച് ആശങ്കാകുലരാണ് എന്നും, പൊതു പ്രസ്താവനകളിലൂടെ നിലവിലെ സംഘർഷം പരിഹരിക്കാനാകില്ല എന്നും അഭിവന്ദ്യ കിറിൽ എഴുതി.
അഭിവന്ദ്യ കിറിലിന് മാർച്ച് 8ന് എഴുതിയ കത്തിൽ, റഷ്യൻ അധികാരികളോട്, എല്ലാത്തരം ശത്രുതകൾ അവസാനിപ്പിക്കാനും, നയതന്ത്ര പരിഹാരം തേടാനും മാനുഷിക ഇടനാഴികൾ തുറക്കാനും അപേക്ഷിക്കണമെന്ന് കർദ്ദിനാൾ ഹൊളെറിഹ് ആവശ്യപ്പെട്ടിരുന്നു.
പാശ്ചാത്യരാജ്യങ്ങളും റഷ്യയും തമ്മിലുള്ള ബന്ധം ഇപ്പോൾ ഒരു സ്തംഭനാവസ്ഥയിൽ എത്തിയിരിക്കുകയാണെന്നും, പരസ്പര വിശ്വാസവും പരസ്പരം ശ്രവിക്കാനുള്ള കഴിവും നഷ്ടപ്പെട്ടിരിക്കുകയാണെന്നും അഭിവന്ദ്യ കിറിൽ എഴുതി. ഈ സാഹചര്യത്തിൽ, അന്ത്യശാസനത്തിന്റെ മാർഗ്ഗം ഉപേക്ഷിക്കുകയും സംഭാഷണത്തിന്റെ ചാനലുകൾ സ്ഥാപിക്കുകയും സമാധാനം കൈവരിക്കാൻ സഹായിക്കുന്ന ഔദ്യോഗികവും അനൗദ്യോഗികവുമായ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് എന്നും, ക്രിസ്ത്യാനികൾ എന്ന നിലയിൽ, പ്രാർത്ഥനയിലൂടെയും പ്രവർത്തനത്തിലൂടെയും ഈ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ എട്ടുവർഷങ്ങളായി ഉക്രയിനിലെ സംഘർഷങ്ങൾ അവസാനിക്കുന്നതിനായി റഷ്യൻ ഓർത്തഡോക്സ് സഭ പ്രാർത്ഥിക്കുന്നുണ്ടെന്നും, നിലവിലെ സ്ഥിതിയിൽ, സമാധാനസ്ഥാപനത്തിനായി പ്രത്യേക പ്രാർത്ഥന തങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും കത്തിൽ പാത്രിയർക്കിന്റെ ഓഫിസ് അറിയിച്ചു. റഷ്യയിലും ഉക്രൈനിലും ഒരേ സഭാംഗങ്ങളാണ് ഉള്ളതെന്നും, സഹോദരങ്ങൾ തമ്മിലുള്ള യുദ്ധം പിശാചിന്റെ പ്രവൃത്തിയാണെന്നും, ദൈവത്തിന്റേതല്ലെന്നും, അഭിവന്ദ്യ കിറിലിന്റെ വാക്കുകൾ കത്തിൽ അവർ എഴുതിച്ചേർത്തു.
അഭയാർത്ഥികൾക്കും നിലവിലെ സംഘർഷങ്ങളിൽ ബുദ്ധിമുട്ടുന്നവർക്കും കഴിയുന്നത്ര സഹായം ചെയ്യുന്നത് പ്രധാനപ്പെട്ടതാണെന്നും, മോസ്‌കോ പാത്രിയർക്കേറ്റും, ഉക്രേനിയൻ ഓർത്തഡോക്സ് സഭയും, കത്തോലിക്കാ സഭയും ഇത്തരുണത്തിൽ നല്ല ഒരു സേവനമാണ് ചെയ്യുന്നതെന്നും അവർ എടുത്തുപറഞ്ഞു.
അഭിവന്ദ്യ പാത്രിയർക്കീസ് കിറിൽ, സമാധാനം പുനഃസ്ഥാപിക്കാൻ, പ്രത്യേകിച്ച് ഉക്രയിനിൽ, അനുദിനം പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിച്ച അദ്ദേഹത്തിന്റെ ഓഫീസ്, ഏറ്റവും പ്രധാനമായി, പാശ്ചാത്യരാജ്യങ്ങളും റഷ്യയും തമ്മിലുള്ള സംഭാഷണത്തിന് ഇനിയും സാധ്യതകളുണ്ടെന്ന് ഉറപ്പാക്കുകയും, നേരിട്ടുള്ള ചർച്ചകളിലൂടെ കഴിയുന്നതും വേഗം ഒരു പ്രതിവിധി കണ്ടെത്തുകയുമാണ് വേണ്ടതെന്ന് എഴുതി.
യൂറോപ്യൻ യൂണിയനിലെ മെത്രാന്മാരുടെ സംഘടനയ്ക്ക് യൂറോപ്യൻ യൂണിയന്റെ പ്രതിനിധികളുമായി കൂടുതൽ ചർച്ചകൾ നടത്തുവാനും, അതുവഴി കാര്യങ്ങൾ കൂടുതൽ വഷളാകുന്നത് തടയുവാനും, നമ്മെ ഓര്മ്മിപ്പിക്കുന്ന ക്രൈസ്തവമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഇത് സാധ്യമാക്കുവാനും കഴിയുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
പാത്രിയർക്കീസിനുവേണ്ടി, അഭിവന്ദ്യ ഹിലാരിയോൺ മെത്രാപ്പോലീത്തായാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: