പൗലോസിന്റെ ദ്വീപിലെത്തുന്ന പത്രോസിനെക്കാത്ത് മാൾട്ട: കർദ്ദിനാൾ ഗ്രെക്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കോവിഡ് മഹാമാരിമൂലം മാറ്റിവച്ച മാൾട്ടയിലേക്കുള്ള അപ്പസ്തോലികയാത്ര ഏപ്രിൽ രണ്ട് മൂന്ന് തീയതികളിലായി നടക്കാനിരിക്കെ, മെഡിറ്ററേനിയൻ ദ്വീപായ മാൾട്ടയിലെ മൊത്തം ജനസംഖ്യയുടെ 90 ശതമാനത്തോളം വരുന്ന കത്തോലിക്കാവിശ്വാസികൾ പ്രതീക്ഷയോടെയാണ് പൗലോസിന്റെ നാട്ടിൽ പത്രോസിനെ കാത്തിരിക്കുന്നതെന്ന് കർദിനാൾ ഗ്രെക് വത്തിക്കാൻ റേഡിയോയോട് പറഞ്ഞു.
കത്തോലിക്കഭൂരിപക്ഷമുള്ള ഒരു രാജ്യമാണെങ്കിലും, പാപ്പായുടെ വരവ് തങ്ങളുടെ വിശ്വാസത്തെ കൂടുതൽ ഉറപ്പിക്കുമെന്നും, പരിശുദ്ധാത്മാവിന്റെ സഹായത്താൽ, പുതിയ സുവിശേഷവത്കരണത്തിന് കൂടുതൽ സഹായകമാകുന്നതിനും വേണ്ടി താൻ പ്രാർത്ഥിക്കുന്നു എന്ന് കർദ്ദിനാൾ പറഞ്ഞു. ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന ലോകത്തിന്റെ ഭാഗമെന്ന നിലയിൽ, പാപ്പായുടെ സന്ദർശനം തങ്ങൾക്ക് കൂടുതൽ പ്രത്യാശ പകരുമെന്നും, ഭാവിയിലേക്ക് കൂടുതൽ ധൈര്യത്തോടെയും ഉത്സാഹത്തോടെയും നോക്കാൻ സഹായകരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ യാത്രയിൽ, പാപ്പാ മാൾട്ടയിൽ കുറച്ച അഭയാർത്ഥികളെ കണ്ടുമുട്ടുവാൻ സമയം മാറ്റിവച്ചതിൽ കർദ്ദിനാൾ ഗ്രെക് സന്തോഷം പ്രകടിപ്പിച്ചു. ചെറുതെങ്കിലും, തങ്ങളാലാവുന്നത് മാൾട്ട ചെയ്യുന്നുണ്ട് എങ്കിലും ഇനിയും കൂടുതലായി ചെയ്യാൻ സാധിക്കുമെന്നും, അതോടൊപ്പം, യൂറോപ്പ് ഇക്കാര്യത്തിൽ മാൾട്ടയെ ഒറ്റയ്ക്കാക്കാതിരിക്കുന്നതിനായി ഒരു സന്ദേശമേകാനും പാപ്പായുടെ സന്ദർശനത്തിന് സാധിക്കുമെന്നും മാൾട്ടയിലെ ഗോസോയുടെ മുൻ മെത്രാൻ കൂടിയായിരുന്ന കർദ്ദിനാൾ പറഞ്ഞു.
ഫ്രാൻസിസ് പപ്പയുടെ മുപ്പത്തിയാറാമത് അപ്പസ്തോലികയാത്രയാണ് ഇത്തവണത്തേത്. "അവർ ഞങ്ങളോട് അസാധാരണമായ കാരുണ്യം കാണിച്ചു" എന്ന ചിന്തയാണ് പാപ്പായുടെ യാത്രയുടേത്. മെഡിറ്ററേനിയൻ കടന്നുപോരുന്ന കുടിയേറ്റക്കാരുടെ ഇടനിലമെന്ന നിലയിലും, പൗലോസ് അപ്പസ്തോലന് കപ്പലപകടസമയത്ത്, അവിടെ ലഭിച്ച സ്വീകരണത്തിന്റെ ഓർമ്മയിലും ഈ വാക്കുകൾക്ക് അർത്ഥമേറെയുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: