തിരയുക

ഈശോസഭാ വൈദികൻ ഫെദെറീക്കൊ ലൊംബാർദി, വത്തിക്കാൻ റേഡിയോയുടെ മുൻ ഡയറെക്ടർ ജനറൽ. ഈശോസഭാ വൈദികൻ ഫെദെറീക്കൊ ലൊംബാർദി, വത്തിക്കാൻ റേഡിയോയുടെ മുൻ ഡയറെക്ടർ ജനറൽ. 

സഭാംഗമായ മാദ്ധ്യമ പ്രവർത്തകൻ സഭയുടെ സുവിശേഷപ്രസരണ ദൗത്യത്തിൽ സഹകാരി, ഫാദർ ലൊംബാർദി!

വത്തിക്കാൻ റേഡിയോയുടെ മുൻ ഡയറെക്ട ജനറൽ ഫാദയ ഫെദെറീക്കൊ ലൊംബാർദി എൺപതിൻറെ നിറവിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഭയിൽ വിശ്വാസ ജീവിതം നയിക്കുന്ന ഒരു വ്യക്തി ആശയവിനിമയം നടത്തുമ്പോൾ അയാൾ സഭയുടെ സുവിശേഷവത്ക്കരണ ദൗത്യത്തിൽ പങ്കുചേരുകയാണെന്ന് വത്തിക്കാൻ റേഡിയോയുടെ മുൻ ഡയറെക്ടർ ജനറൽ, ഈശോസഭാ വൈദികനായ, ഫെദെറീക്കൊ ലൊംബാർദി.

ആഗസ്റ്റ് 29-ന് (29/08/22) എൺപതാം പിറന്നാൾ ദിനത്തിൽ വത്തിക്കാൻ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ആശയവിനിമയം ചെയ്യുകയെന്ന ദൗത്യത്തെക്കുറിച്ച് സംസാരിച്ചത്.

കർത്താവിൻറെ വചനം പ്രസരിപ്പിക്കുക, അറിയിക്കുക, വിനിമയം ചെയ്യുക എന്നത് ആകമാനസഭയുടെ ധർമ്മാണെന്ന് ഫാദർ ലൊംബാർദി പ്രസ്താവിച്ചു. സഭാംഗമായ ഒരുവൻ ആശയവിനിമയ മേഖലയിൽ പ്രവർത്തിക്കാൻ വിളിക്കപ്പെട്ടുവെങ്കിൽ വിവിധ രീതികളിലും തനതായ ദൗത്യങ്ങളോടു കൂടിയുമാണെങ്കിലും, സഭയുടെ ദൗത്യത്തിൽ സഹകരിക്കാൻ വിളിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ, ബെനഡിക്ട് പതിനാറാമൻ പാപ്പാ, ഫ്രാൻസീസ് പാപ്പാ എന്നിവരോട് അടുത്തു സഹകരിച്ചു പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഫാദർ ലൊംബാർദി, പ്രത്യുത്തരിച്ചത്, മാർപ്പാപ്പാ സഭയുടെയും നരകുലത്തിൻറെയും ലോകത്തിൽ ദൈവിക സാന്നിദ്ധ്യത്തിൻറെയും മഹാശൂശ്രൂഷകനാണ് എന്നാണ് താൻ മനസ്സിലാക്കിയിരിക്കുന്നതെന്നും ആകയാൽ ആ ശുശ്രൂഷയിൽ സഹകരിക്കാനാണ് താൻ വിളിക്കപ്പെട്ടത് എന്നുമായിരുന്നു. ഈ സഹകരണത്തിനുള്ള വിളി മഹാ ദാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.   

1942 ആഗസ്റ്റ് 29-ന് ഇറ്റലിയിലെ സലൂത്സൊയിൽ ജനിച്ച ഫാദർ ഫെദെറീക്കൊ ലൊംബാർദി ഈശോസഭയിൽ ചേരുകയും 1972 സെപ്റ്റംബർ 2-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. ഈ വരുന്ന സെപ്റ്റംബർ 2-ന് അദ്ദേഹത്തിൻറെ പൗരോഹിത്യ സ്വീകരണത്തിൻറെ സുവർണ്ണ ജൂബിലിയാണ്.

ഈശോസഭയുടെ ദ്വൈവാരികയായ “ല ചിവിൽത്താ കത്തോലിക്ക”യുടെ ഉപമേധാവി, ഈശോസഭയുടെ ഇറ്റലിയിലെ പ്രൊവിൻഷ്യാൾ, വത്തിക്കാൻ റേഡിയോയുടെ പരിപാടികളുടെ മേധാവി, ഡയറെക്ടർ ജനറൽ, വത്തിക്കാൻ ടെലെവിഷൻ കേന്ദ്രത്തിൻറെ മേധാവി, പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ (പ്രസ്സ് ഓഫീസ്) മേധാവി, ജോസഫ് റാറ്റ്സിംഗർ വത്തിക്കാൻ ഫൗണ്ടേഷൻറെ പ്രസിഡൻറ് എന്നീ നിലകളിൽ ഫാദർ ഫെദറീക്കൊ ലൊംബാർദി സേവനമനുഷ്ഠിച്ചിട്ടുണ്ട്.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 August 2022, 14:38