തിരയുക

യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ കമ്മീഷൻ (COMECE) പ്രതിനിധികളെ പാപ്പാ സ്വീകരിച്ചപ്പോൾ - ഫയൽ ചിത്രം യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ കമ്മീഷൻ (COMECE) പ്രതിനിധികളെ പാപ്പാ സ്വീകരിച്ചപ്പോൾ - ഫയൽ ചിത്രം 

ഉക്രൈനിൽ സമാധാനത്തിനായി യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ കമ്മീഷൻ

ബ്രസ്സൽസിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ കമ്മീഷൻ (COMECE), ഉക്രൈനിൽ റഷ്യ നടത്തിവരുന്ന അതിക്രമങ്ങൾ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒക്ടോബർ 12 മുതൽ 14 വരെ ബ്രസ്സൽസിൽ നടന്ന യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ പ്രതിനിധികളുടെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്ത മെത്രാന്മാർ, ഉക്രൈനിൽ റഷ്യ നടത്തുന്ന അക്രമനടപടികൾ ഉടനടി നിറുത്തിവയ്ക്കണമെന്ന് ശക്തമായി അഭ്യർത്ഥിച്ചു. സംഘർഷങ്ങളുടെ പരിഹാരത്തിനായി പ്രവർത്തിക്കാൻ ഇരുകൂട്ടരെയും മെത്രാൻസമിതി ആഹ്വാനം ചെയ്‌തു.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായും പരിശുദ്ധ സിംഹാസനവും നടത്തിയ നിരവധി ആഹ്വാനങ്ങളോട് ചേർന്ന്, ഉക്രൈനിലെ ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരോട്, ശത്രുത അവസാനിപ്പിക്കുവാനും, നിലനിൽക്കുന്ന നീതിപൂർണ്ണമായ സമാധാനം കൊണ്ടുവരുവാനും തങ്ങളും ആവശ്യപ്പെടുന്നുവെന്ന് യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ കമ്മീഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്രനിയമങ്ങളും ഉക്രൈൻ രാജ്യത്തിന്റെ സമഗ്രതയും പാലിക്കപ്പെടുന്ന ഒരു പരിഹാരമാണ് ആവശ്യമായുള്ളത്.

യൂറോപ്യൻ യൂണിയനിലെ മെത്രാൻസംഘടനകളുടെ കമ്മീഷന്റെ 2022-ലെ ശരത്കാല പ്ലീനറി അസംബ്ലിയുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ പ്രസ്താവനയിൽ, റഷ്യൻ അധികാരികൾ ഉക്രൈനിൽ ആരംഭിച്ച ക്രൂരമായ സൈനിക ആക്രമണം മൂലം ഉക്രൈനിലെ ജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന ഭയാനകമായ കഷ്ടപ്പാടുകളിൽ, യൂറോപ്യൻ യൂണിയനിലെ മെത്രാന്മാർ, തങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

വെറിപിടിച്ച ഈ യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിന് അഭയാർത്ഥികളുൾപ്പെടുന്ന ആളുകളോട് മെത്രാൻസംഘങ്ങൾ തങ്ങളുടെ സാമീപ്യം അറിയിച്ചു. ഈ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ ആക്രമണങ്ങൾ, കൂടുതൽ വിനാശകരമായ പ്രത്യാഘാതങ്ങളോടെ യുദ്ധം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് ഉളവാക്കുന്നത് എന്ന് മെത്രാൻസമിതി ആശങ്ക പ്രകടിപ്പിച്ചു.

റഷ്യ ഉക്രൈൻ യുദ്ധം യൂറോപ്പിലും മറ്റു രാജ്യങ്ങളിൽപ്പോലുമുള്ള ആളുകളുടെ സാമൂഹിക-സാമ്പത്തിക തലങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സൂചിപ്പിച്ച ഈ സമ്മേളനത്തിൽ, ഇപ്പോഴത്തെ പ്രശ്‌നങ്ങൾ, യൂറോപ്യൻ യൂണിയന്റെ സ്ഥാപനത്തിലുണ്ടായിരുന്ന ദീർഘവീക്ഷണവും, മൂല്യവും എടുത്തു കാണിക്കുന്നുവെന്ന് പറഞ്ഞു. നിലവിലെ പ്രതിസന്ധിയിൽ യൂറോപ്പിൽ രാഷ്ട്രീയതീരുമാനങ്ങൾ എടുക്കുന്നവർ  ഉക്രൈനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിൽ മെത്രാൻസംഘം തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2022, 23:45