തിരയുക

ഫ്രഞ്ച് മെത്രാൻ സമിതിയുടെ അധ്യക്ഷൻ പാപ്പായെ സന്ദർശിച്ചപ്പോൾ - ഫയൽ ചിത്രം ഫ്രഞ്ച് മെത്രാൻ സമിതിയുടെ അധ്യക്ഷൻ പാപ്പായെ സന്ദർശിച്ചപ്പോൾ - ഫയൽ ചിത്രം 

ദുരുപയോഗ ആരോപണങ്ങളിൽ സന്ധിയില്ലാത്ത നീതിസംരക്ഷണത്തിനായി സഭ

ഫ്രാൻസിലെ ലൂർദിൽ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിൽ സഭയുടെ നീതിപാലനത്തിന് മാതൃകയായി ദുരുപയോഗകേസുകളിൽ കുറ്റമാരോപിക്കപ്പെടുന്ന പതിനൊന്ന് മെത്രാന്മാർക്ക് അന്വേഷണനടപടികളുടെ താക്കീത് നൽകി ഫ്രഞ്ച് മെത്രാൻസമിതി.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഫ്രാൻസ്: ദുരുപയോഗകേസുകളിൽ എപ്പോഴും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച കത്തോലിക്കാസഭയുടെ നീതിയുടെ മുഖം ഒരിക്കൽക്കൂടി ലോകം ചർച്ച ചെയ്യുന്നു. മാതാവിന്റെ ലോകപ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ ലൂർദിൽ നവംബർ 3 മുതൽ മെത്രാന്മാരുടെ ശരത്കാല സമ്മേളനത്തിനായി  120 ഫ്രഞ്ച് മെത്രാന്മാർ ഒത്തുകൂടിയ അവസരത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ ഫ്രഞ്ച് മെത്രാൻ സമിതി അധ്യക്ഷൻ മോൺസിഞ്ഞോർ മൗലിൻസ്-ബ്യൂഫോർട്ട് അറിയിച്ചതാണ് സഭയുടെ ഔദ്യോഗികപദവികൾ വഹിക്കുന്ന പതിനൊന്ന് മെത്രാന്മാർക്കെതിരെ ഉന്നയിക്കപ്പെട്ട ഗൗരവതരമായ ദുരുപയോഗ ആരോപണങ്ങളും, അവയിൽ സഭയുടെ നിലപാടും. രാജ്യത്തെ നീതിന്യായവ്യവസ്ഥകൾക്ക് പിന്തുണ പ്രഖ്യാപിച്ച മെത്രാൻ സമിതി തന്റെ കുറ്റം ഏറ്റുപറയാൻ മനസുകാണിച്ച ബൊർദോയിലെ മെത്രാൻ കർദിനാൾ എമരിറ്റസ്  ജീൻ-പിയറി റിക്കാർഡിന്റെ പത്രസമ്മേളനത്തെയും സ്വാഗതം ചെയ്തു.

തന്റെ ഗൗരവതരമായ കൃത്യനിർവഹണത്തിൽ തന്റേതുമാത്രമായ കാരണങ്ങൾ കൊണ്ട് വീഴ്ച സംഭവിച്ചുപോയതിനാലും, തന്റെ പ്രവൃത്തിയിൽ വേദനിക്കുന്ന ഇരയ്ക്കും, കുടുംബാങ്ങൾക്കും തന്റെ ക്ഷമാപണവും നടത്തിയ ജീൻ പിയറി, ദുരുപയോഗകേസുകളിലെ ഇരകൾക്കുവേണ്ടിയും അവരുടെ നീതിക്കുവേണ്ടിയും സഭനടത്തുന്ന പ്രവർത്തനങ്ങളിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്നും ഒപ്പം തന്റെ കുറ്റങ്ങൾ ഒന്നും മറച്ചുവയ്ക്കാതെ ഏറ്റുപറയുന്നതായും പത്രസമ്മേളനത്തിൽ അറിയിച്ചു. തന്റെ പ്രവൃത്തികളും ഏറ്റുപറച്ചിലും മൂലം മുറിവേറ്റയെല്ലാവരോടും ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്തുവിന്റെ കുരിശിനെ നോക്കി വേദനിക്കുന്നവരോട് ചേർന്ന് നിൽക്കണമെന്ന് എപ്പോഴും ഓർമ്മിപ്പിക്കുന്ന ഫ്രാൻസിസ് മാർപാപ്പ ബഹ്‌റൈൻ സന്ദർശനം കഴിഞ്ഞു തിരികെ വരുന്ന വേളയിൽ ഉന്നയിക്കപ്പെട്ട ഒരു ഫ്രഞ്ച് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി ഇപ്രകാരം പറഞ്ഞു,"ദുരുപയോഗകേസുകളുടെ കാര്യത്തിൽ സഭയ്ക്കുള്ളിൽ സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും സന്ധികൾ വച്ചുകൊണ്ട്, അവ്യക്തമായും നടപടികൾ സ്വീകരിക്കാതെയും ഇത്തരം കേസുകളിൽ മുൻപോട്ടുപോകുന്നത് ഗൗരവമായ തെറ്റാണ്. എന്നാൽ സഭയുടെ പൊതുവായ താല്പര്യം ഇത്തരം ആരോപണങ്ങളെ സുതാര്യവും, വ്യക്തവുമായി ഏറ്റെടുക്കുകയും ഇരകൾക്ക് നീതി നടപ്പാക്കുകയും ചെയ്യുക എന്നതാണ്."

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2022, 22:24