ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്ചുകിനെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്ചുകിനെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ 

റഷ്യൻ ആക്രമണം ഉക്രൈൻ ജനതയുടെ ജീവിതാവകാശത്തിനെതിരെ: മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്ചുക്

റഷ്യ-ഉക്രൈൻ യുദ്ധത്തെ സംബന്ധിച്ചും, ഉക്രൈനിൽ ഇല്ലാതാക്കപ്പെടുന്ന അവകാശങ്ങളെക്കുറിച്ചും യുദ്ധത്തിന്റെ അവസാനത്തിനായുള്ള മാർഗ്ഗങ്ങളെക്കുറിച്ചും നവംബർ പതിനാലിന് വത്തിക്കാനിലേക്കുള്ള വിവിധ രാജ്യങ്ങളുടെ അംബാസഡർമാരടങ്ങുന്ന സംഘത്തിന്റെ സാന്നിധ്യത്തിൽ ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്ചുക് വിശദീകരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജീവിക്കാനും, സുരക്ഷയ്ക്കും, ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉക്രൈൻ ജനതയുടെ അവകാശങ്ങളാണ് റഷ്യ ഉക്രൈനെതിരെ നടത്തുന്ന യുദ്ധം മൂലം തങ്ങൾക്ക് നഷ്ടമാകുന്നതെന്ന് ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭാമേലദ്ധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്ചുക്. റഷ്യ ഉക്രൈൻ യുദ്ധം മൂലം ഉക്രൈനിലെ സാധാരണ ജനങ്ങൾ നേരിടുന്ന അതിരൂക്ഷമായ സ്ഥിതിഗതികൾ നവംബർ പതിനാലിന് വത്തിക്കാനിലേക്കുള്ള നിരവധി അംബാസഡർമാരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അഭിവന്ദ്യ ഷെവ്ചുക് വിശദീകരിച്ചത്.

റഷ്യയുടെ നിരോധിത യുദ്ധോപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചും, യുദ്ധം മൂലം ഉക്രൈൻ ജനതയ്ക്ക് അവരുടെ രാജ്യത്തിനകത്ത് പോലും സ്വതന്ത്രമായ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപെടുന്നതിനെക്കുറിച്ചും, നിർബന്ധിതമായ കുടിയൊഴിപ്പിക്കലിനെക്കുറിച്ചും അദ്ദേഹം അപലപിച്ചു. ഈ യുദ്ധത്തിൽ "റഷ്യൻ ലോകം" എന്ന ആശയത്തിൽപ്പെട്ട്, റഷ്യയിലെ ഓർത്തഡോക്സ് സഭ സ്വീകരിക്കുന്ന നിലപാടിനെയും അദ്ദേഹം തന്റെ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

യുദ്ധത്തിന്റെ അവസാനമുണ്ടായേക്കാവുന്ന സമാധാനപരമായ ജനജീവിതം ഇന്നും തുറന്ന ഒരു ചോദ്യമായി അവശേഷിക്കുന്നുവെന്ന് ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാസഭാമേലധ്യക്ഷൻ പറഞ്ഞു. നിലവിലെ യുദ്ധത്തെ സംബന്ധിച്ച സത്യങ്ങൾ പുറത്തുവരികയും, നീതി നടപ്പിലാക്കപ്പെടുകയും, ഹൃദയങ്ങളുടെ പരിവർത്തനമുണ്ടാവുകയും ചെയ്യുന്നതിലൂടെയേ ഉക്രൈനിൽ സമാധാനമുണ്ടാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

ഉക്രൈനിലെ സാധാരണ ജനജീവിതം സാധ്യമാക്കാൻ അവിടുത്തെ കത്തോലിക്കാസഭ നടത്തുന്ന കഠിനപ്രയത്നങ്ങളെ ആർച്ച്ബിഷപ് ഷെവ്ചുക് എടുത്തുപറഞ്ഞു. അന്യായമായ ഈ യുദ്ധത്തിന്റെ ആരംഭം മുതലേ, ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യരെ സഹായിക്കുവാൻ സഭ മുൻപന്തിയിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഏതാനും ദിവസങ്ങളായി റോമിൽ ഉണ്ടായിരുന്ന ഗ്രീക്ക് കത്തോലിക്കാ സഭാ മേലധ്യക്ഷൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായെയും എമെരിറ്റസ് പാപ്പാ ബെനെഡിക്റ്റിനെയും കഴിഞ്ഞ ദിവസങ്ങളിൽ കണ്ട് ഉക്രൈനിലെ സ്ഥിതിഗതികൾ വിശദീകരിച്ചിരുന്നു.

റോമിലെ റോവെരെ കൊട്ടാരത്തിൽ ജറുസലേമിലെ തിരുക്കല്ലറയുടെ നാമത്തിലുള്ള പൊന്തിഫിക്കൽ സഖ്യത്തിന്റെ ആസ്ഥാനത്ത് വച്ചായിരുന്നു പത്രസമ്മേളനം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2022, 13:33