തിരയുക

വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തിലുള്ള ബസലിക്കയിൽ പ്രാർത്ഥിക്കുന്ന ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തിലുള്ള ബസലിക്കയിൽ പ്രാർത്ഥിക്കുന്ന ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം 

സമാധാനത്തിനായി പ്രാർത്ഥിച്ച് ഇറ്റാലിയൻ മെത്രാൻ സംഘം

റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനായി വിശുദ്ധ നിക്കോളാസിന്റെ കബറിടത്തിങ്കൽ ഇറ്റാലിയൻ മെത്രാൻ സംഘം ഡിസംബർ ഇരുപത്തിയൊന്നിന് ജാഗരണപ്രാർത്ഥന നടത്തും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കത്തോലിക്കരും ഓർത്തഡോക്സ് വിശ്വാസികളും വണങ്ങുന്ന വിശുദ്ധ നിക്കോളാസിന്റെ കബറിടത്തിങ്കൽ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഇറ്റലിയിലെ മെത്രാൻ സമിതി തീരുമാനമെടുത്തു. ഡിസംബർ ഇരുപത്തിയൊന്നതിന് വൈകുന്നേരം വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തിൽ ബാറി നഗരത്തിലുള്ള ബസലിക്കയിൽ വച്ചാണ് ഈ പ്രാർത്ഥനായജ്ഞം നടക്കുക. ഇറ്റാലിയൻ മെത്രാൻ സംഘത്തിന്റെ തലവനും ബൊളോഞ്ഞ അതിരൂപതാധ്യക്ഷനുമായ കർദ്ദിനാൾ മത്തെയോ സൂപ്പിയായിരിക്കും പ്രാർത്ഥന നയിക്കുക. ഇറ്റാലിയൻ മെത്രാൻ സംഘവും ബാറി-ബിത്തോന്തോ അതിരൂപതയുമാണ് ഈ യജ്ഞത്തിന് പിന്നിൽ പ്രവർത്തിച്ചത്.

ദുഷ്കരമായ ദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്നും, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളെക്കുറിച്ച് നാം ചിന്തിക്കുന്നത് സമ്മിശ്രവികാരങ്ങളോടെയാണെന്നും കർദ്ദിനാൾ സൂപ്പി പറഞ്ഞു. ക്രിസ്തുമസിന്റെ പ്രകാശം പോലും മങ്ങുവാൻ യുദ്ധഭീഷണിയും അക്രമങ്ങളും കാരണമാകുന്നുവെന്ന് അദ്ദേഹം തുടർന്നു. ലോകത്ത് ജനിക്കുന്ന ഓരോ കുട്ടികളിലും ഒരു സഹോദരനെയോ സഹോദരിയെയോ കാണുവാനും, തിന്മയുടെ ചങ്ങലകൾ തകർക്കാനുമുള്ള ശക്തി നാം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് ഇറ്റാലിയൻ മെത്രാൻസംഘത്തലവൻ ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ, സമാധാനത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യനായ വിശുദ്ധ നിക്കോളാസിന്റെ മാധ്യസ്ഥ്യം നമുക്ക് അപേക്ഷിക്കാമെന്നും കർദ്ദിനാൾ സൂപ്പി കൂട്ടിച്ചേർത്തു. രാജ്യങ്ങളുടെ ഭരണാധികാരികൾ വെറുപ്പിനേക്കാൾ സ്നേഹവും, സ്വാര്ഥതാല്പര്യങ്ങളെക്കാൾ പൊതു നന്മയും, യുദ്ധോപകരങ്ങളെക്കാൾ സംവാദങ്ങളും ലക്ഷ്യമാക്കി പ്രവർത്തിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

സമാധാനത്തിനായി പ്രാർത്ഥിക്കുന്നവർ ഹൃദയങ്ങളെ അഹന്തയിൽനിന്ന് മുക്തമാക്കാനും, ഒരു പുതിയ മാനവികത കെട്ടിപ്പടുക്കുവാനാവശ്യമായ സാഹോദര്യം വളർത്തിയെടുക്കുവാനും പരിശ്രമിക്കേണ്ടതുണ്ടെന്ന് ബാറി-ബിത്തോന്തോ അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് ജ്യുസെപ്പെ സാത്രിയാനോ പ്രസ്താവിച്ചു. ഡിസംബർ ഇരുപത്തിയൊന്നിന് നടക്കുവാനിരിക്കുന്ന അനുഗ്രഹത്തിന്റെ ഈ നിമിഷങ്ങളിൽ ഇറ്റലിയിലെ എല്ലാ രൂപതകളും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 December 2022, 15:55