തടവറകളിൽ ആശ്വാസമായി "പ്രിസൺ മിനിസ്ട്രി ഇന്ത്യ"
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
തടവറകളിൽ അടയ്ക്കപ്പെട്ട മനുഷ്യർക്ക് ആശ്വാസമേകുവാനും, അവർക്ക് നിയമപരവും സാമ്പത്തികവും ആയ സേവനങ്ങൾ മുതൽ ധാർമ്മികവും ആത്മീയവും മാനുഷികവുമായ പിന്തുണയാണ് വൈദികരും സന്ന്യാസിനികളും അൽമായരും അടങ്ങുന്ന തങ്ങളുടെ സംഘം നൽകിവരുന്നതെന്ന് "പ്രിസൺ മിനിസ്ട്രി ഇന്ത്യ". തടവുകാർക്ക് അജപാലനസേവനം മുതൽ അവരുടെ മോചനത്തിനും പുനരധിവാസത്തിനും ഈ കത്തോലിക്കാ അസോസിയേഷൻ സഹായം നൽകി വരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഗോവയിൽ നടന്ന "പ്രിസൺ മിനിസ്ട്രി ഇന്ത്യ" അസോസിയേഷന്റെ പതിമൂന്നാമത് ദേശീയസമ്മേളനത്തിൽ, ഇന്ത്യൻ കേന്ദ്രഗവൺമെന്റ് ജയിൽസംവിധാനത്തിൽ പരിഷ്‌കാരങ്ങൾ നടത്തുവാൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യപ്പെട്ടു. സമ്മേളനത്തിൽ നാനൂറ്റിയറുപത്തിലധികം പ്രതിനിധികൾ പങ്കെടുത്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജയിൽ നവീകരണത്തെക്കുറിച്ച് പ്രസ്താവിച്ചിരുന്നത്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുക, തടവുകാരുടെ പുനരധിവാസം, സ്ത്രീതടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കപെടുക, തടവുകാർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് സഭയുടെ അജപാലനശുശ്രൂഷയുടെ ഭാഗമായി തടവുകാർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനെക്കുറിച്ച് അസോസിയേഷൻ ചർച്ച ചെയ്‌തത്. 1981-ൽ തടവുകാർക്കുവേണ്ടിയുള്ള പ്രാർത്ഥനയിലൂടെയാണ് ഈ സേവനം ആരംഭിച്ചതെന്ന് തടവുകാർക്കായി ഈ പ്രസ്ഥാനത്തിന് ആദ്യരൂപം നൽകിയ ഫാദർ ഫ്രാൻസിസ് കൊടിയൻ 'മാറ്റേഴ്‌സ് ഇന്ത്യ'യോട് വിശദീകരിച്ചു.
അസോസിയേഷന്റെ കോൺഫറൻസ് ഉദ്‌ഘാടനവേളയിൽ സംസാരിക്കവെ, തടവുകാരെ സേവിക്കുന്നത് വേദനയനുഭവിക്കുന്ന ക്രിസ്തുവിനെ സേവിക്കുന്നതിന് തുല്യമാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞത് ഗോവ, ഡെമോ അതിരൂപതാധ്യക്ഷൻ കർദ്ദിനാൾ ഫിലിപ്പ് നേരി അന്തോണിയോ ഓർമ്മിപ്പിച്ചു. ഫ്രാൻസിസ് പാപ്പാ ജയിലുകൾ സന്ദർശിച്ചതും തടവുകാരുടെ പാദങ്ങൾ ചുംബിച്ചതുമായ കാര്യങ്ങളെ പരാമർശിച്ചുകൊണ്ട്, അവ ക്രൈസ്തവമായ അനുകമ്പയുടെയും ധൈര്യത്തിന്റെയും മറക്കാനാവാത്ത പാഠമാണെന്ന് പറഞ്ഞ കർദ്ദിനാൾ അഴികൾക്ക് പിന്നിലുള്ള ആളുകളിലേക്ക് എത്തിച്ചേരാൻ നമുക്ക് കടമയുണ്ടെന്ന് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2021 അവസാനം ഏതാണ്ട് അൻപത്തിയഞ്ചുലക്ഷം ആളുകളാണ് ജയിലുകളിൽ ഉള്ളത്. എന്നാൽ നാല്പത്തിരണ്ടു ലക്ഷം തടവുകാർക്ക് മാത്രമാണ് ജയിലിൽ സ്ഥലസൗകര്യമുള്ളത്. ഓരോ പത്തു തടവുകാരിൽ രണ്ടു പേര് മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. മറ്റുള്ളവർ വിചാരണത്തടവുകാരാണ്. തെറ്റുകൾ ചെയ്‌ത മനുഷ്യരെയും സ്നേഹിക്കുന്ന ദൈവത്തെ കരുതി തടവുകാർക്ക് സേവനം നൽകുന്നതിൽ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗോവ അതിരൂപതാധ്യക്ഷൻ കർദ്ദിനാൾ ഫിലിപ്പോ നേരിയും മുംബൈ സഹായമെത്രാൻ ബിഷപ് ആൽവിൻ ഡിസിൽവയും ഓർമ്മപ്പെടുത്തി. നിരാശരായ ആളുകളിൽ പ്രത്യാശ വളർത്താനും, തകർന്ന ജീവിതങ്ങളെ വീണ്ടും ഒരുമിച്ചു കൂട്ടാനുമാണ് പരിശ്രമിക്കേണ്ടതെന്ന് ഫാദർ കൊടിയൻ പറഞ്ഞു. കുറ്റം ചെയ്‌തവരും അക്രമം നേരിട്ടവരുമായുള്ള അനുരഞ്ജനവും, തെറ്റിനുള്ള പരിഹാരവുമാണ് തങ്ങൾ ലക്‌ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: