ഉക്രൈനുവേണ്ടി സഹായമപേക്ഷിച്ച് അസ്സീസിയിലെ ഫ്രാൻസിസ്കൻ സമൂഹം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസലിക്കയിലെ സമർപ്പിതർ, ഉക്രൈനിലുള്ള തങ്ങളുടെ സഹസമർപ്പിതർ നടത്തുന്ന സേവനങ്ങൾക്ക് സഹായമപേക്ഷിച്ചു. റഷ്യ ഉക്രൈൻ യുദ്ധം ഏതാണ്ട് ഒരു വർഷമായി തുടരുന്ന അവസരത്തിൽ ഉക്രൈനിലെ ഫ്രാൻസിസ്കൻ സമർപ്പിതർ, യുദ്ധവും പട്ടിണിയും അതിശൈത്യവും മൂലം ബുദ്ധിമുട്ടുന്ന അനേകരെ സഹായിക്കുന്നത് തുടരുകയാണെന്ന് അസ്സീസി ആശ്രമത്തിലെ വിനിമയകാര്യങ്ങൾക്കായുള്ള ഡയറക്ടർ ജൂലിയോ ചെസാറെയോ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.
റഷ്യൻ ആക്രമണം കടുത്ത രീതിയിൽ തുടരുന്നതിനാൽ സമാധാനഅപ്രതീക്ഷകൾ ഇപ്പോഴും അകലെയാണ്. മരണവും നാശവും വിതച്ചുകൊണ്ട് യുദ്ധം ഇപ്പോഴും തുടരുകയാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, തണുപ്പും, ഊർജ്ജോത്പാദകകേന്ദ്രങ്ങൾ ഉൾപ്പെടെ വിവിധ കെട്ടിടങ്ങൾ നശിപ്പിച്ച ഇപ്പോഴും തുടരുന്ന ബോംബാക്രമണങ്ങളും മൂലം, സാധാരണ ജനം ഏറെ ബുദ്ധിമുട്ടുകയാണെന്നും, അവർക്ക് തുടർച്ചയായ സഹായം ആവശ്യമുണ്ടെന്നും ഓർമ്മിപ്പിച്ചു.
ഫ്രാൻസിസ്കൻ സമർപ്പിതർ, തങ്ങൾക്ക് ഏൽപ്പിക്കപ്പെട്ട ഇടവകകളിൽ, ആളുകൾക്ക് തണുപ്പിൽ നിന്നും പട്ടിണിയിൽനിന്നും സംരക്ഷണത്തിനായി സഹായം നൽകി വരികയാണെന്നും, സാധാരണ ജനജീവിതത്തിലേക്ക് തിരികെ വരാൻ അവരെ പിന്തുണയ്ക്കുകയാണെന്നും അസീസ്സി ആശ്രമത്തിൽനിന്നുള്ള പ്രതിനിധി ജ്യൂലിയോ വ്യക്തമാക്കി.
വൈദ്യതിലഭ്യതക്കുറവ്, ഊർജ്ജപ്രതിസന്ധി തുടങ്ങി സാധാരണ ജനജീവിതം തകരാറിലായ സ്ഥിതിയാണ് പലയിടങ്ങളിലുമുള്ളതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി.
യുദ്ധമെന്ന തിന്മയെ പ്രാർത്ഥനയും മൂർത്തമായ സാമീപ്യവും സൗഹൃദവും കൊണ്ട് മാത്രമേ നേരിടാനാകൂ എന്ന് അഭിപ്രായപ്പെട്ട അസ്സീസി ആശ്രമപ്രതിനിധി, ഉക്രൈനിലെ തങ്ങളുടെ സഹോദരസമർപ്പിതരെ കഴിയുന്ന വിധത്തിൽ സംഭാവനകൾ നൽകി സഹായിക്കുവാൻ അപേക്ഷിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: