മെത്രാന്മാരുടെ സിനഡിൽ സ്ത്രീകൾ ഉൾപ്പടെ അല്മായർക്ക് വോട്ടവകാശം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാനിൽ ഇക്കൊല്ലം ഒക്ടോബറിൽ സമ്മേളിക്കുന്ന മെത്രാന്മാരുടെ സിനഡിൽ മെത്രാന്മാരല്ലാത്തവരായി അല്മയരുൾപ്പടെ 70 പേർ വോട്ടവകാശത്തോടെ പങ്കെടുക്കും.
ഇവരിൽ 50 ശതമാനം സ്ത്രീകളായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു.
മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യദർശി കർദ്ദിനാൾ മാരിയൊ ഗ്രേഷും സിനഡിൽ സിനഡിൻറെ പ്രമേയം അവതരിപ്പിക്കുക, സിനഡംഗങ്ങളുടെ പ്രസംഗംങ്ങൾ സംഗ്രഹിക്കുക തുടങ്ങിയ ചുമതലകളുള്ള “റിലേറ്റർ ജനറൽ” കർദ്ദിനാൾ ഷാൻ ക്ലോഡ് ഹോളെറിഷും ബുധനാഴ്‌ച (26/04/23) വത്തിക്കാനിൽ പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൽ, പ്രസ്സ് ഓഫീസിൽ ഒരു വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ഈ 70 പേരിൽ വൈദികർ, സമർപ്പിതർ, ശെമ്മാശന്മാർ, അല്മായ വിശ്വാസികൾ എന്നിവർ ഉൾപ്പെടുന്നു. യുവജനത്തിൻറെ സാന്നിധ്യവും ഉറപ്പു വരുത്തും. മെത്രാൻസംഘങ്ങളും, പൗരസ്ത്യസഭകളുടെ സമിതികളും നിർദ്ദേശിച്ച 140 പേരിൽ നിന്ന് പാപ്പാ നേരിട്ടു തിരഞ്ഞെടുക്കുന്നവരായിരിക്കും ഈ 70 പേർ.
സിനഡിൽ വോട്ടവകാശമുള്ളവരുടെ മൊത്തസംഖ്യ, ഈ 70 പേരുൾപ്പടെ, 370 ആയിരിക്കും. സന്ന്യാസസമൂഹങ്ങളുടെ പൊതുശ്രേഷ്ഠന്മാരുടെ സമിതി സിനഡിലേക്കു നിർദ്ദേശിച്ചിട്ടുള്ള 5 സമർപ്പിതർക്കും സന്ന്യാസിനിസമൂഹങ്ങളുടെ മേൽശ്രേഷ്ഠകളുടെ സമതി നിർദ്ദേശിച്ചിട്ടുള്ള 5 സമർപ്പിതകൾക്കും സമ്മതിദാനാവകാശം ഉണ്ടീരിക്കും
സിനഡിൽ പങ്കെടുക്കുന്നവരുടെ സംഖ്യ 400-ലേറെ വരും. ഇതിൽ സംബന്ധിക്കുന്ന വിദഗ്ദ്ധർ, അകത്തോലിക്കാസഭകളുടെ പ്രതിനിധികൾ എന്നിവർക്കു പുറമെ ആദ്യമായി “ഫെസിലിറ്റേറ്റേഴ്സ്” എന്ന പേരിൽ ഒരു വിഭാഗവും ഇത്തവണ സിനഡിൽ ഉണ്ടായിരിക്കും. അവർ സിനഡിൻറെ വിവിധ ഘട്ടങ്ങളുടെ നടത്തിപ്പ് സുഗമമാക്കുകയെന്ന ദൗത്യം നിക്ഷിപ്തമായ വിദഗ്ദ്ധരാണ്.
2021-ൽ ആരംഭിച്ച സിനഡു പ്രക്രിയയിൽ നടപ്പാക്കിയിരിക്കുന്ന പുതിയ മാറ്റങ്ങൾ ഒരു വിപ്ലവമല്ല പ്രത്യുത കൂടുതൽ പൂർണ്ണത നേടുന്ന ഒരു സഭയുടെ സമ്പന്നതയാണെന്ന് കർദ്ദിനാളന്മാരായ ഗ്രേഷും ഹോളെറിഷും വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: