ഭാരതീയരായ പത്തിലേറെപ്പേർ സിനഡിൽ സംബന്ധിക്കും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ പൊതുയോഗത്തിൻറെ പ്രഥമ ഘട്ടത്തിൽ പങ്കെടുക്കുന്നവരുടെ പട്ടിക പരിശുദ്ധസിംഹാസനം വെളിപ്പെടുത്തി.
ഭാരതീയരായ പന്ത്രണ്ടു പേരുൾപ്പടെ മൊത്തം 363 പേരായിരിക്കും ഇതിൽ സംബന്ധിക്കുക. ഇവരിലുൾപ്പെട്ട 85 സ്ത്രീകളിൽ 56 പേർ വോട്ടവകാശം ഉള്ളവരാണ്.
മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരണ പൊതുയോഗത്തിൻറെ പ്രഥമ ഘട്ടം വത്തിക്കാനിൽ ഒക്ടോബർ 4-29 വരെയായിരിക്കും. രണ്ടാം ഘട്ടം 2024 ഒക്ടോബറിൽ ആയിരിക്കും.
സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, സീറോ മലങ്കരകത്തോലിക്കാസഭയുടെ മേജർ ആർച്ചബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് തോട്ടുങ്കൽ, ത്രിശൂർ മെത്രാപ്പോലിത്താ മാർ ആൻഡ്രൂസ് താഴത്ത്, തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പംപ്ലാനി, ലത്തീൻ സഭയിൽ നിന്ന് ഗോവ ദമാവോ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവൊ, ഹൈദ്രാബാദ് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ അന്തോണി പൂല, മദ്രാസ് മെലാപൂർ ആർച്ചുബിഷപ്പ് ജോർജ്ജ് അന്തോണിസാമി, കണ്ണൂർ രൂപതയുടെ മെത്രാൻ അലക്സ് ജോസഫ് വടക്കുംതല എന്നിവരാണ് സിനഡുസമ്മേളനത്തിൽ ഭാരതത്തിലെ മൂന്നു റീത്തുകളെ പ്രതിനിധാനം ചെയ്യുക.
സന്ന്യസീസന്ന്യാസിനീ സമൂഹങ്ങളുടെ പ്രതിനിനിധികളിൽ ഇന്ത്യയിൽ നിന്ന് സിസ്റ്റേഴ്സ് ഓഫ് അപ്പൊസ്തോലിക കാർമെൽ സന്ന്യാസിനി സമൂഹത്തിൻറെ പൊതുശ്രേഷ്ഠ (സുപ്പീരിയർ ജനറൽ) സിസ്റ്റർ മരിയ നിർമ്മലീനി ഉണ്ട്.
സഭാനവീകരണപ്രക്രിയയിൽ പാപ്പായ്ക്ക് ഉപദേശം നല്കുന്നതിനുള്ള കർദ്ദിനാളന്മാരുടെ സമിതിയിലെ അംഗമായ ബോംബെ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഒസ്വാൾഡ് ഗ്രേഷ്യസ് പതിനാറുപേരടങ്ങിയ സാധാരണ സിനഡ് സമിതിയംഗം എന്ന നിലയിൽ ഇതിൽ പങ്കുകൊള്ളും.
ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന പത്തുപേരുടെ ഗണത്തിൽ ബാംഗ്ലൂരിലെ ജ്യോതി നിവാസ് കോളേജ് പ്രിൻസിപ്പൽ എസ്.ജെ.ടി സന്ന്യാസിനി സമൂഹാഗമായ സിസ്റ്റർ ലളിത തോമസും ഓഷ്യാനയെ പ്രതിനിധാനം ചെയ്യുന്നവരിൽ മലയാളി വൈദികൻ സിജീഷ് പുല്ലെൻകുന്നേലും, പൗരസ്ത്യ സഭകളെയും മദ്ധ്യപൂർവ്വദേശത്തെയും പ്രതിനിധീകരിക്കുന്ന പത്തുപേരിൽ മലയാളിയായ മാത്യു തോമസും ഉൾപ്പെടുന്നു. കൂടാതെ, മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യാലയത്തിൻറെ പതിനഞ്ചംഗ പ്രതിനിധി സംഘത്തിൽ ഇദേന്തെസ് പ്രേഷിതസമൂഹാംഗമായ മലയാളി സിസ്റ്റർ ടാനിയ ജോർജും ഉണ്ട്.
സിനഡിൽ പങ്കെടുക്കുന്നവരെ വിവിധ വിഭാഗങ്ങളായി തിരിക്കുകയാണെങ്കിൽ പൗരസ്ത്യ കത്തോലിക്ക സഭയുടെ പ്രതിനിധികൾ 20 ആണ്. മെത്രാൻ സംഘങ്ങളെ പ്രതിനിധാനം ചെയ്യുന്നത് ആഫ്രിക്ക 43, അമേരിക്ക 47, ഏഷ്യ 25, യൂറോപ് 48, ഓഷ്യാനിയ 5, മെത്രാൻ സംഘം ഇല്ലാത്ത പ്രദേശം 1, മെത്രാൻസംഘങ്ങളുടെ അന്താരാഷ്ട്ര സമിതികളുടെ അദ്ധ്യക്ഷന്മാർ 5 എന്നിങ്ങനെയാണ്.
റോമൻ കൂരിയാ തലവന്മാർ 20, പാപ്പാ നേരിട്ട് നാമനിർദ്ദേശം ചെയ്തവർ 50, സാധാരണസമിതയംഗങ്ങൾ 16, പ്രത്യേക ക്ഷണിതാക്കൾ 8 വിദഗ്ദ്ധരും സഹായികളുമുൾപ്പടെ മറ്റുള്ളവർ 75
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: