എത്യോപ്യയിലെ സംഘർഷങ്ങൾക്ക് അറുതിവരുത്താൻ ആവശ്യപ്പെട്ട് കത്തോലിക്കാസഭ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
എത്യോപ്യയിൽ അംഹാര സേനയും രാഷ്ട്ര പ്രതിരോധസേനയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാനും സമാധാനസ്ഥാപനത്തിനായി ചർച്ചകൾ ആരംഭിക്കാനും എത്യോപ്യയിലെ കത്തോലിക്കാ മെത്രാൻസമിതി ഇരുകൂട്ടരോടും ആവശ്യപ്പെട്ടു. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണവുമായി ബന്ധപ്പെട്ട്, ഓഗസ്റ്റ് 7 മുതൽ 22 വരെ തീയതികളിൽ എത്യോപ്യൻ കത്തോലിക്കർ നടത്തുന്ന രണ്ടാഴ്ചത്തെ ഉപവാസം ആരംഭിച്ചതിനോടനുബന്ധിച്ചാണ് മെത്രാൻസമിതി സമാധാനത്തിനായി ആഹ്വാനം നൽകിയത്.
രാജ്യത്ത് നീതിയും സമാധാനവും നിലനിൽക്കാൻവേണ്ടി പ്രാർത്ഥിക്കുവാനും, മാനസാന്തരത്തിന്റെ പാതയിലേക്ക് വരാനും എല്ലാ വിശ്വാസികളെയും, നന്മനസ്സുള്ള വ്യക്തികളെയും മെത്രാൻസമിതി ക്ഷണിച്ചു.
കഴിഞ്ഞ നാളുകളിൽ മാത്രം അവസാനിച്ച വടക്കൻ എത്യോപ്യയിലെ തിഗ്രയ് പ്രദേശത്ത് നടന്ന യുദ്ധത്തിന്റെ കാര്യം അനുസ്മരിപ്പിച്ച എത്യോപ്യൻ മെത്രാന്മാർ, അതിൽ നിരവധി ആളുകൾ കൊല്ലപ്പെട്ട കാര്യം ഓർമ്മിപ്പിച്ചു. ഈ യുദ്ധത്തിൽ നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും, രാജ്യം വലിയ സാമ്പത്തിക, സാമൂഹ്യ നഷ്ടങ്ങൾ നേരിടുകയും ചെയ്തു. അത്തരമൊരു യുദ്ധത്തിൽനിന്ന് പുറത്തുവന്നു സമാധാനത്തിന്റെ നാളുകൾ ആരംഭിച്ചപ്പോൾ ഇതുപോലെ ഒരു യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെടുന്നതിൽ മെത്രാൻസമിതി ആശങ്ക രേഖപ്പെടുത്തി.
സംഘർഷങ്ങൾക്ക് സമാധാനപരമായ ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന് കത്തോലിക്കാ മെത്രാന്മാർ സർക്കാരിനോട് ആവശ്യപ്പെട്ടു. പരസ്പരസമാധാന ചർച്ചകൾ സാധ്യമാകണമെങ്കിൽ സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തി ഏറെ പ്രധാനമാണെന്നും മെത്രാൻ സമിതി ഓർമ്മിപ്പിച്ചു.
തിഗ്രയ് പ്രദേശത്ത് 2020 നവംബറിൽ ആരംഭിച്ച യുദ്ധം, തെക്കേ ആഫ്രിക്കയിൽ വച്ച് ഒപ്പിട്ട ഉടമ്പടി പ്രകാരം 2022 നവംബറിലാണ് അവസാനിച്ചത്. ആയിരക്കണക്കിന് ആളുകൾ യുദ്ധത്തിൽ മരണമടഞ്ഞിരുന്നു. തങ്ങളുടെ മതത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് അംഹാരസംഘം സംഘർഷം ആരംഭിച്ചത്.
ഫീദെസ് വാർത്താ ഏജൻസിയാണ് സംഘർഷങ്ങൾ അവസാനിപ്പിക്കാനാണ് മെത്രാൻ സമിതി നടത്തുന്ന സമാധാനശ്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: