റഷ്യൻ ആക്രമണം: പാവപ്പെട്ടവർക്കായുള്ള 300 ടൺ സാധനസാമഗ്രികൾ കത്തിനശിച്ചു
ഫാ. താരാസ് കോത്സുർ - മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാൻ ന്യൂസ്
ഒരു വർഷത്തിലേറെയായി ഉക്രൈനു നേരെ റഷ്യ നടത്തുന്ന യുദ്ധത്തിന്റെ ഭാഗമായി, കഴിഞ്ഞ ദിവസം ഉക്രൈൻ നഗരമായ ലിയോപോളിയിലെ ലിവിവിൽ ഒരു വ്യാവസായിക സ്ഥാപനത്തിനുനേരെ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ, കാരിത്താസ്, സ്പെസ് സംഘടന പാവപ്പെട്ടവർക്കായി അവിടെ സംഭരിച്ചിരുന്ന 300 300 ടൺ വസ്തുവകകൾ കത്തിനശിച്ചതായി അറിയിച്ചു. 2023 സെപ്റ്റംബർ 19 ന് രാത്രിയാണ് റഷ്യ ആക്രമണം നടത്തിയത്.
കാരിത്താസ്-സ്പെസ് ഉപവിസംഘടന സംഭരിച്ചിരുന്ന ഭക്ഷണപാക്കറ്റുകൾ, ശുചിത്വകിറ്റുകൾ, ജനറേറ്ററുകൾ, വസ്ത്രങ്ങൾ എന്നിവയാണ് നശിച്ചത്. നിലവിൽ നഷ്ടത്തിന്റെ വ്യക്തമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ, ഗോഡൗൺ കൈകാര്യം ചെയ്യുന്ന എൽവിവ് അതിരൂപതയുടെ പ്രതിനിധികൾ, ഈ ആക്രമണത്തിൽ വെയർഹൗസിലുണ്ടായിരുന്ന 300 ടൺ മാനവികസഹായവസ്തുക്കൾ കത്തിനശിച്ചുവെന്ന് അറിയിച്ചു. ഗോഡൗണിലുണ്ടായിരുന്ന യാത്രാവാഹനങ്ങൾ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചുവെന്നും അവർ അറിയിച്ചു.
ഇതാദ്യമായല്ല ഇത്തരം ഗോഡൗണുകൾക്ക് നേരെ റഷ്യൻ ആക്രമണം ഉണ്ടാകുന്നത്. മാധ്യമറിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ മെയ് മാസത്തിൽ ഒഡേസ്സയിലെയും ടെർനോപിലെയും മാനവികസഹായസന്നദ്ധസംഘടനകളുടെ രണ്ട് ഗോഡൗണുകൾ റഷ്യ നശിപ്പിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: