തിരയുക

സ്വീഡൻ പൗരന്മാർ കൊല്ലപ്പെട്ടയിടാത്ത് പൂക്കൾ അർപ്പിക്കുന്ന ബെൽജിയം പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ സ്വീഡൻ പൗരന്മാർ കൊല്ലപ്പെട്ടയിടാത്ത് പൂക്കൾ അർപ്പിക്കുന്ന ബെൽജിയം പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ  (REUTERS)

ബ്രസ്സൽസിലെ കൊലപാതകം: സമാധാനസ്ഥാപനത്തിന് ആഹ്വാനം ചെയ്‌ത്‌ മെത്രാൻസമിതി

ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയുടെ അംഗമെന്ന് അവകാശപ്പെട്ട ഒരാൾ കഴിഞ്ഞ ദിവസം ബ്രസ്സൽസിൽ രണ്ടു വിദേശീയരെ കൊലപ്പെടുത്തിയ സംഭവം, ഭിന്നിപ്പിനും അക്രമങ്ങൾക്കും കാരണമാകരുതെന്ന് ബെൽജിയത്തിലെ മെത്രാൻ സമിതി.

വത്തിക്കാന്‍ ന്യൂസ്

ഒക്ടോബർ 16 തിങ്കളാഴ്ച, സ്വീഡൻകാരായ രണ്ടു പേരെ, ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയുടെ അംഗമെന്ന് അവകാശപ്പെട്ട ഒരു മുസ്ലിം അഭയാർത്ഥി കൊലപ്പെടുത്തിയ സംഭവം, സമൂഹത്തിൽ വിഭജനത്തിനും, സംഘർഷങ്ങൾക്കും കാരണമാകരുതെന്ന് ബെൽജിയത്തിലെ മെത്രാൻസമിതി ആവശ്യപ്പെട്ടു. സമാധാനം സ്ഥാപിക്കുകയും സമൂഹങ്ങൾ തമ്മിൽ പാലങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവരാകാനാണ് നാം പരിശ്രമിക്കേണ്ടതെന്ന് കത്തോലിക്കാസഭയുടെ പേരിൽ അവർ ഓർമ്മിപ്പിച്ചു. എന്നാൽ അതേസമയം, തങ്ങളുടെ രാജ്യത്ത് ഇതുപോലെ ഒരു ആക്രമണം വീണ്ടും ഉണ്ടായതിൽ മെത്രാൻസമിതി ഞെട്ടൽ രേഖപ്പെടുത്തി. സംഭവത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ ഇരുവർക്കും അവരുടെ കുടുംബങ്ങൾക്കുമായി തങ്ങളുടെ പ്രാർത്ഥനകൾ മെത്രാന്മാർ വാഗ്ദാനം ചെയ്തു. ഒക്ടോബർ 17 ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച പത്രക്കുറിപ്പ് മെത്രാൻസമിതി പുറത്തുവിട്ടത്. നിരപരാധികളായ രണ്ടു വ്യക്തികളുടെ കൊലപാതകം നമ്മിലുളവാക്കുന്ന വേദന മറികടക്കാൻ, അധിക്ഷേപമോ അക്രമണമോ ഒരു മാർഗ്ഗമല്ലെന്ന് മെത്രാന്മാർ ഓർമ്മിപ്പിച്ചു.

ഒക്ടോബർ 16 തിങ്കളാഴ്ച വൈകുന്നേരം ബെൽജിയവും സ്വീഡനും തമ്മിലുള്ള ഫുട്ബാൾ മത്സരത്തിന് മുൻപായി, ബ്രസ്സൽസിലെ സെയിൻക്ലെറ്റ് മൈതാനത്തിനടുത്താണ് രണ്ടു സ്വീഡൻ പൗരന്മാർ കൊലചെയ്യപ്പെട്ടത്. ട്യുണീഷ്യക്കാരനായ ഒരു നാൽപ്പത്തിയഞ്ചുകാരനാണ്, ബൌഡ്വാൻ രാജാവിന്റെ പേരിലുള്ള സ്റ്റേഡിയത്തിലേക്ക് പോകാനെത്തിയ രണ്ടു മനുഷ്യരെ വെടിവച്ചു കൊന്നത്. സംഭവത്തിൽ ഒരു ടാക്സി ഡ്രൈവർക്കും പരിക്കേറ്റു.

അഭയാർത്ഥിയായി ബെൽജിയത്ത് താമസിക്കാൻ വേണ്ടി നൽകിയ അപേക്ഷ 2020-ൽ നിരസിക്കപ്പെട്ടതിനെത്തുടർന്ന്, അനധികൃതമായി ബെൽജിയത്ത് തുടരുന്നയാളാണ് കൊല നടത്തിയത്. രാജ്യം വിട്ടുപോകാനുള്ള നിർദ്ദേശം പാലിക്കാതെ ബെൽജിയത്ത് തുടരുകയായിരുന്നു അദ്ദേഹം.

കൊലപാതകം നടത്തിയ ആൾ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വീഡിയോ പുറത്തുവിട്ടിരുന്നു. ഒക്ടോബർ 17 ചൊവ്വാഴ്ച അക്രമി ഒരു കഫേയിൽ വച്ച് പോലീസിന്റെ വെടിയേറ്റ് മരിച്ചു. സ്വീഡനിൽ കഴിഞ്ഞ മാസങ്ങളിൽ ഖുർആൻ കത്തിക്കപ്പെട്ട സംഭവത്തിന് പ്രതികാരമായാകാം അദ്ദേഹം ഇരുകൊലപാതകങ്ങളും നടത്തിയതെന്ന് കരുതപ്പെടുന്നു.

ഭീരുത്വപരമായ അക്രമണമെന്നാണ് കൊലപാതകത്തെ ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ വിശേഷിപ്പിച്ചത്. സുരക്ഷിതത്വമില്ലാത്ത ഒരു സമൂഹം എന്നത് ചിന്തിക്കാനാകുന്ന ഒന്നല്ല എന്നും എന്നാൽ അതുപോലെതന്നെ സാഹോദര്യവും ഐക്യവും ഇല്ലാത്ത ഒരു സമൂഹവും സാധ്യമല്ല എന്ന് മെത്രാൻസമിതി പറഞ്ഞു. അതുകൊണ്ടുതന്നെ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് വഴങ്ങരുതെന്ന് അവർ ഓർമ്മിപ്പിച്ചു. സമൂഹത്തിൽ ബന്ധങ്ങളുടെ പാലങ്ങൾ സൃഷ്ടിക്കുന്നവരെയാണ് നമുക്ക് ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2023, 17:24