പഴയ നഗരമായ ജറുസലേമിന് പുറത്ത് ഇസ്രായേൽ അതിർത്തിയിൽ പോലീസ് സംരക്ഷണത്തിൽ. പഴയ നഗരമായ ജറുസലേമിന് പുറത്ത് ഇസ്രായേൽ അതിർത്തിയിൽ പോലീസ് സംരക്ഷണത്തിൽ. 

യേശുവിന്റെ നാട്ടിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യ കിഴക്ക൯ കത്തോലിക്കാ പാത്രിയാർക്കീസ്മാർ

പ്രാർത്ഥനകളോടൊപ്പം ഐക്യരാഷ്ട്ര സഭയുടെ പ്രമേയം ഉടൻ നടപ്പിലാക്കാനും ആവശ്യപ്പെട്ടു.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

യേശുക്രിസ്തുവിന്റെ ജന്മനാട്ടിൽ സമാധാനം പുനഃസ്ഥാപിക്കാ൯ പ്രാർത്ഥനകൾ ശക്തമാക്കാ൯ മധ്യ കിഴക്ക൯ കത്തോലിക്കാ പാത്രിയാർക്കീസ്മാർ തങ്ങളുടെ സഭാംഗങ്ങളോടു ആവശ്യപ്പെട്ടുവെന്ന് ഫീദേസ് വാർത്താ ഏജ൯സി വെളിപ്പെടുത്തി.

ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രമേയങ്ങൾ നടപ്പാക്കുന്നതിലൂടെയും ജനങ്ങളുടെ സ്വയം നിർണ്ണയാവകാശം അംഗീകരിച്ചും വിശുദ്ധ നാട്ടിലെ സംഘർഷം അവസാനിപ്പിക്കാ൯ പ്രവർത്തിക്കാ൯ അവർ പ്രധാന ലോകശക്തികളോടും അന്താരാഷ്ട്ര സമൂഹത്തോടും ആഹ്വാനം ചെയ്തു. റോമിലെ സിനഡിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന  മധ്യ കിഴക്കൻ പ്രദേശങ്ങളിലെയും വടക്കേ ആഫ്രിക്കയിലെയും അഞ്ച് പൗരസ്ത്യ കത്തോലിക്കാ സഭകളുടെ നേതാക്കൾ റോമിൽ യോഗം ചേർന്ന് വിശുദ്ധ നാട്ടിൽ അടുത്തിടെ അക്രമം പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ അവരുടെ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളെ ചർച്ച ചെയ്തു. ഗാസ മുനമ്പിൽ ഹമാസ് തീവ്രവാദികളും മറ്റ് ഇസ്ലാമിക വിഭാഗങ്ങളും ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങളെ തുടർന്നായിരുന്നു ഇത്.

ഒക്ടോബർ 11ന് പൊന്തിഫിക്കൽ മറോനൈറ്റ് കോളേജിൽ നടന്ന യോഗത്തിൽ സിറിയക് കത്തോലിക്ക, മറോനൈറ്റ്, കൽദായ, കോപ്റ്റിക് കത്തോലിക്ക, അർമേനിയൻ കത്തോലിക്കാ സഭകൾ ഉൾപ്പെടെ വിവിധ പൗരസ്ത്യ കത്തോലിക്കാ പാരമ്പര്യങ്ങളിൽ നിന്നുള്ള പാത്രിയർക്കീസ്മാർ പങ്കെടുത്തു. വിശുദ്ധ നാട്ടിൽ അടുത്തിടെയുണ്ടായ അക്രമസംഭവങ്ങളുടെ തുടക്കം മുതൽ ഫ്രാ൯സിസ് പാപ്പാ പങ്കുവച്ച വാക്കുകളും അഭ്യർത്ഥനകളും പ്രതിധ്വനിപ്പിച്ചു കൊണ്ടായിരുന്നു അവരുടെ പ്രസ്താവന. ആക്രമത്തിലെ ഇരകളുടെ കുടുംബങ്ങളോടും ഭയത്തിന്റെയും ദുഃഖത്തിന്റെയും കാലഘട്ടത്തിൽ ജീവിക്കുന്ന എല്ലാവരോടും അവർ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. നിരാശരാകരുതെന്നും സമാധാനത്തിന്റെ രാജ്ഞിയായ കന്യാമറിയത്തിന്റെ മധ്യസ്ഥതയിലൂടെ സമാധാനപ്രഭുവായ യേശുക്രിസ്തുവിനോടുള്ള പ്രാർത്ഥനകൾ ശക്തമാക്കണമെന്നും അങ്ങനെ അവന്റെ ജന്മഭൂമിയിലേക്ക് സമാധാനം മടങ്ങിവരണമെന്നും അവർ തങ്ങളുടെ സമൂഹങ്ങളോടു ആവശ്യപ്പെട്ടു.

വിനാശകരമായ യുദ്ധം അവസാനിപ്പിക്കുന്നതിനും തങ്ങളുടെ ജനത വളരെക്കാലമായി ആഗ്രഹിക്കുന്ന നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനും വ൯ ശക്തികളോടും അന്താരാഷ്ട്ര സമൂഹത്തോടും കൈകോർക്കാൻ പാത്രിയർക്കീസുകൾ ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭയിൽ നിന്നുള്ള അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പാക്കേണ്ടതിന്റെയും ജനങ്ങളുടെ അന്തസ്സും സ്വയം നിർണയാവകാശവും അംഗീകരിക്കേണ്ടതിന്റെയും പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. സമാധാനത്തിനും അനുരഞ്ജനത്തിനുമായി ഒക്ടോബർ 17 ചൊവ്വാഴ്ച ഉപവാസവും പ്രാർത്ഥനയും ആചരിക്കാ൯ ജറുസലേമിലെ ലത്തീ൯ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർ ബാത്തിസ്ത്ത പിസബെല്ല എല്ലാ ഇടവകകളെയും സന്യാസസമൂഹങ്ങളെയും ക്ഷണിച്ചു.

വിവിധ രൂപതകളിലെ സാഹചര്യങ്ങൾ വലിയ ഒത്തുചേരലുകൾ അനുവദിക്കുന്നില്ലായെങ്കിൽ ഇടവകകളിലും സന്യാസസമൂഹങ്ങളിലും കുടുംബങ്ങളിലും ലളിതമായ സമൂഹ പ്രാർത്ഥനാ സമയങ്ങൾ ഉണ്ടാകണമെന്നും ദിവ്യകാരുണ്യ ആരാധനയോടെയും ജപമാലയോടെയും പ്രാർത്ഥനാ നിമിഷങ്ങൾ സംഘടിപ്പിക്കാൻ കർദ്ദിനാൾ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 October 2023, 14:52