യേശുവിനെ ചോദ്യം ചെയ്യുന്ന ഫരിസേയരും ഹേറോദേസ് പക്ഷക്കാരും യേശുവിനെ ചോദ്യം ചെയ്യുന്ന ഫരിസേയരും ഹേറോദേസ് പക്ഷക്കാരും 

ദൈവവും സീസറും: അധികാരം യേശുവിന്റെ കണ്ണുകളിൽ

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം ഇരുപത്തിയൊൻപതാം വാരം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്‌ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം - മത്തായി 22, 15-21
സുവിശേഷപരിചിന്തനം Mathew 22, 15-21 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവപുത്രനായ യേശുവിനെ കെണിയിൽപ്പെടുത്തുവാനായി ഫരിസേയരും ഹേറോദേസ് പക്ഷക്കാരും ഒരുമിച്ച് ചേർന്ന് നടത്തുന്ന ഒരു ചോദ്യം ചെയ്യലിനെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷത്തിൽ നാം വായിക്കുന്നത്. വിഭിന്നരായ, പരസ്‌പരം ഏറെയൊന്നും യോജിച്ചുപോകാത്ത രണ്ടു സമൂഹങ്ങൾ യേശുവിനെതിരെ തിരിയുന്നതിൽ ഒന്നിക്കുന്നു. സീസറിന് നികുതി കൊടുക്കുന്നത് നിയമാനുസൃതമാണോ അല്ലയോ (മത്തായി 22, 17) എന്നതാണ് അവരുടെ ചോദ്യം. യേശുവിനെ കെണിയിൽപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമാണ് ഇവിടെ ഈ ചോദ്യത്തിനുള്ളത്. നികുതി കൊടുക്കുന്നത് ശരിയാണെന്ന് യേശു ഉത്തരം നൽകിയാൽ, തങ്ങളെ അടക്കിഭരിക്കുന്ന റോമക്കാർക്ക് നികുതി കൊടുക്കുന്നത് അനാവശ്യമാണെന്ന് ചിന്തിക്കുന്ന യഹൂദജനതയെ ഒറ്റുകൊടുക്കുന്ന ഒരു തീരുമാനമെന്ന് പറഞ്ഞ് അവർക്ക് യേശുവിനെ സാധാരണ യഹൂദരിൽനിന്ന് അകറ്റാൻ സാധിക്കും. നികുതി കൊടുക്കുന്നത് നിയമാനുസൃതമല്ല എന്ന് പറഞ്ഞാൽ സീസറിന്റെ, ഭരണാധികാരികളുടെ ശത്രുത വാങ്ങി, ശിക്ഷയ്ക്ക് വിധിക്കപ്പെടാൻ സ്വയം വിട്ടുകൊടുക്കാം. ഒന്നുകിൽ ഭൂരിപക്ഷം ജനത്തിന്റെയും ചിന്തയ്ക്കും ഫരിസേയർക്കും എതിരായി പഠിപ്പിക്കുക, അല്ലെങ്കിൽ റോമാസാമ്രാജ്യത്തിന്റെ നിയമത്തിനെതിരായി നിന്ന്, അധികാരികൾക്കും, റോമിന് നികുതി കൊടുക്കുന്നതിനെ പിന്തുണയ്ക്കുന്ന ഹേറോദോസ് പക്ഷക്കാർക്കും ശത്രുവായി മാറുക. എന്നാൽ യേശു ഇരുകൂട്ടരുടെയും, ഫരിസേയരുടെയും ഹേറോദേസ് പക്ഷക്കാരുടെയും, കെണിയിൽ വീഴാതെ നിൽക്കുക മാത്രമല്ല, അവർ മറന്നുപോയ ഒരു സത്യത്തിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നതാണ് നാം സുവിശേഷത്തിൽ കാണുന്നത്: "സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക" (മത്തായി 22, 21).

നിയമാനുസൃതമായ നീതി

യേശുവിന്റെ ഉദ്ബോധനങ്ങളിൽ അവൻ പലപ്പോഴും യഹൂദമതത്തിലെ നേതൃസ്ഥാനത്തിരുന്ന ആളുകളിലെയും, റബ്ബി എന്ന് വിളിക്കപ്പെട്ടിരുന്ന അവരുടെ മതാദ്ധ്യാപകരുടെയും, ഫരിസേയരുടെയും പ്രീശരുടേയും ഒക്കെ തെറ്റായ നയങ്ങളെയും പഠിപ്പീരുകളെയും ചോദ്യം ചെയ്യുകയും യഥാർത്ഥ വിശ്വാസത്തെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതാണ് ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരെയും, അതുപോലെ മറ്റു പലരെയും യേശുവിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്നത്. ഫരിസേയരെ, യഹൂദവിശ്വാസത്തെ സംബന്ധിച്ചിടത്തോളം "നിയമം" എന്ന് പറയപ്പെടുന്നത്, ദൈവത്തിന്റെ നിയമമാണ്. അതുകൊണ്ടുതന്നെ "സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമാണോ?" എന്ന ചോദ്യത്തിൽ മറഞ്ഞിരിക്കുന്ന വലിയൊരു കെണികൂടിയുണ്ട്. ദൈവിക നിയമപ്രകാരം ഒരു വിജാതീയ അധികാരിയായ രാജാവിന് നികുതി കൊടുക്കുന്നത് ശരിയാണോ എന്ന ചോദ്യമാണത്. എന്നാൽ, യഥാർത്ഥ ദൈവികനിയമം എന്താണെന്ന് അറിയുകയും, ആ നിയമത്തെ സ്വന്തം ഇഷ്ടപ്രകാരം വളച്ചൊടിക്കുന്ന കപടനേതൃത്വത്തെ ദൈവപുത്രനായ യേശു തിരിച്ചറിയുകയും ചെയ്‌തതുകൊണ്ടുകൂടിയാണ്, അവരോട് ചോദിക്കുന്നത്: "കപടനാട്യക്കാരേ, നിങ്ങൾ എന്നെ പരീക്ഷിക്കുന്നതെന്ത്?" (മത്തായി 22, 18).

സീസറിന്റെ നാണയവും ദൈവത്തിന്റെ മനുഷ്യരും

നികുതിക്കുള്ള നാണയം ചോദിച്ച യേശുവിന് അവർ ഉടനടി ഒരു ദനാറ നൽകുന്നുണ്ട്. അവർ ഒരുങ്ങിയാണ് വന്നിരിക്കുന്നത്. നിരവധി കാര്യങ്ങൾക്കാണ് യഹൂദർ റോമക്കാർക്ക് നികുതി കൊടുത്തിരുന്നത്. അവരുടെ നിലത്തിനും, അവരുടെ കൃഷിയുടെ വിളവെടുപ്പിനും, അവരുടെ വരുമാനത്തിന്റെ പേരിലും, വോട്ടവകാശത്തിന് വേണ്ടിയും ഒക്കെ അവർ നികുതി കൊടുത്തിരുന്നു. ഇതിൽ അവസാനത്തേത്, വോട്ടവകാശത്തിന് വേണ്ടിയുള്ള ഒരു ദനാറയാണ് റോമിന് അടിയറവു പറയുന്നതിന്റെ ഏറ്റവും വലിയ അടയാളമായിരുന്നത്. ഇത് യഥാർത്ഥത്തിൽ ദൈവത്തിന്റെ ജനമെന്ന നിലയിൽ ഒരു യഹൂദന് ഏറ്റവും വേദനയുളവാക്കേണ്ട നികുതിയാണ്, കാരണം, അവൻ വിജാതീയനായ ഒരു ഭരണാധികാരിയുടെ മുൻപിൽ അടിമത്തം ഏറ്റുപറയുന്നതിന് തുല്യമാണത്. ആ ഒരു ദനാറായാണ് അവർ യേശുവിനെ കാണിക്കുന്നത്. എന്നാൽ, ഒരു യഹൂദൻ വിജാതീയനായ ഒരു രാജാവിന് നികുതി കൊടുക്കുന്നത് ശരിയാണോ എന്ന ചോദ്യത്തെ യേശു പുതിയൊരു തലത്തിലേക്ക് കൊണ്ടുവരികയാണ്. ആ നാണയത്തിന്മേലുള്ള രൂപവും എഴുതിയിരിക്കുന്ന ലിഖിതവും ആരുടേതാണെന്ന് അവരെക്കൊണ്ട് തന്നെ യേശു പറയിപ്പിക്കുന്നു. അത് വിജാതീയനായ സീസറിന്റേതാണ്. അപ്പോൾ അവൻ അവർ മറന്നുപോയ കാര്യം അവരെ പഠിപ്പിക്കുന്നു: "സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക" (മത്തായി 22, 21). വിജാതീയനായ രാജാവിന്റെ സ്വന്തമായുള്ളത് അവനു കൊടുക്കുക, ദൈവത്തിന് അവകാശപ്പെട്ട, ദൈവത്തിന്റെ മുഖമുദ്ര പതിഞ്ഞ, ദൈവം തിരഞ്ഞെടുത്ത, ജനത്തെ ദൈവത്തിന് നൽകുക. നീ ദൈവത്തിന്റെ സ്വന്തമാണെന്ന് കരുതുന്നെങ്കിൽ, നിന്നെത്തന്നെ ദൈവത്തിന് കൊടുക്കുക, ഈ ഭൂമിയിലെ ജീവിതത്തിനായി നീ ഉപയോഗിക്കുന്ന വസ്‌തുക്കൾ ഭൂമിയിൽത്തന്നെ അവശേഷിപ്പിക്കുക. അവയെക്കൊണ്ട് ദൈവത്തിന് ആവശ്യമില്ല. നിന്റെ ഒരു ദനറായുടെ നികുതി പ്രതീക്ഷിച്ചല്ല ദൈവം നിന്നെ തിരഞ്ഞെടുത്തതും, സ്നേഹിക്കുന്നതും, മറിച്ച് നീ ദൈവത്തിന്റെ മകനും മകളുമായതിനാലാണ്.

ദൈവവിശ്വാസിയുടെ നിയമപാലനം

സീസറിനും ദൈവത്തിനുമുള്ള നികുതിയുമായി ബന്ധപ്പെടുത്തി യേശുവിനായി ഫരിസേയരും ഹേറോദേസ് പക്ഷക്കാരും കൊണ്ടുവന്ന കെണിയും അതിന് യേശു നൽകുന്ന ഉത്തരവും ഒരു യഥാർത്ഥ യഹൂദന്റെയും, ഒരു യഥാർത്ഥ ക്രിസ്ത്യാനിയുടെയും ജീവിതത്തിൽ ഒരു പാഠമായി മാറേണ്ടതുണ്ട്. നിന്റെ സഹകരണവും, അനുസരണവും സഹവർത്തിത്വവും മറ്റുള്ളവരോടുള്ള പരിഗണനയുമൊക്കെ ഏത് നിയമത്തോടുള്ള അനുസരണത്തിന്റെ പ്രതിഫലനമാണ്? നിന്റെ ജീവിതത്തിന്റെ യഥാർത്ഥ രാജാവ്, അധികാരി ആരാണ്? നിന്റെ മുൻഗണനകൾ ആർക്കാണ്? മനുഷ്യരെ പ്രീണിപ്പിക്കാനും, അധികാരികൾക്ക് നികുതി കൊടുക്കാനും നീ കാണിക്കുന്ന വിധേയത്വവും തിടുക്കവുമൊക്കെ നിന്റെ ദൈവത്തിന് മുൻപിലും നീ കാണിക്കുന്നുണ്ടോ? നീ ദൈവത്തിന്റെ പ്രതിച്ഛായ പതിഞ്ഞ പ്രപഞ്ചത്തിലെ ഉത്തമസൃഷ്ടിയാണെന്ന ബോധ്യം നിന്നിൽ ഇനിയും അവശേഷിക്കുന്നുണ്ടോ? നിനക്ക് മുൻപിൽ ലോകം കൊണ്ടുവരുന്ന ലൗകികതയുടെ കെണികൾ നീ തിരിച്ചറിയുന്നുണ്ടോ? അതോ, യേശുവിന് മുൻപിൽ ഫരിസേയരും ഹേറോദേസ് പക്ഷക്കാരും എന്നതുപോലെ, 'എല്ലാത്തിനെയും, സമൂഹത്തെയും, സഭയെയും, സഹോദരങ്ങളെയും ബഹുമാനിക്കാതിരിക്കുന്നവൻ, എതിർക്കുന്നവൻ' എന്ന ഗുരോ വിളികളിലൂടെ, നിന്നെ ദൈവത്തിൽനിന്നും അവന്റെ സഭയിൽനിന്നും, സത്യവിശ്വാസത്തിൽനിന്നും, നിന്റെ സഹോദരങ്ങളിൽനിന്നും അകറ്റുന്ന കെണികളിൽ നീ വീണുപോകാറുണ്ടോ? യഥാർത്ഥ ആരാധനയും മഹത്വവും അധികാരവും ദൈവത്തിന് അവകാശപ്പെട്ടതാണെന്ന ബോധ്യത്തിൽ (സങ്കീ. 95) വളരാൻ നമുക്ക് പരിശ്രമിക്കാം. വിശുദ്ധ പൗലോസ് തെസ്സലോനിക്കയിലെ സഭയ്‌ക്കെഴുതിയ ഒന്നാം ലേഖനത്തിൽ (1 തെസ. 1, 4) ഓർമ്മിപ്പിക്കുന്നതുപോലെ, ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നുവെന്ന തിരിച്ചറിവോടെ ജീവിക്കാം. ഭൂമിയിലെ അധികാരങ്ങളും ശക്തികളും നിലനിൽക്കുമ്പോൾത്തന്നെ, ദൈവപുത്രനായ ക്രിസ്‌തുവിനെ നമ്മുടെ ജീവിതത്തിന്റെ നാഥനായി അംഗീകരിക്കുകയും, എല്ലാത്തിനെയും കൂടുതൽ ഭംഗിയുള്ളതും അനുഗ്രഹീതവുമാക്കുന്ന ദൈവം നൽകിയ സ്നേഹത്തിന്റെ നിയമവും കല്പനകളും അനുസരിച്ച് ജീവിക്കുകയും ചെയ്യാം. പരിശുദ്ധ അമ്മയെപ്പോലെ, ദൈവത്തിന് മുൻപിൽ എളിമയോടെ ജീവിതം സമർപ്പിക്കാം, ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണ് നാമെന്ന തിരിച്ചറിവോടെ ജീവിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 October 2023, 11:41