ലോകസമാധാനത്തിനായി കൈകോർത്തുകൊണ്ട് സ്പിരിറ്റ് ഓഫ് അസീസ്സി
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ആഗ്രഹിച്ച സമാധാനത്തിനായുള്ള ചരിത്രപരമായ മതാന്തര പ്രാർത്ഥനായോഗം അനുസ്മരിക്കുന്ന സ്പിരിറ്റ് ഓഫ് അസ്സീസിയുടെ 37-ാം വാർഷികം ഒക്ടോബർ മാസം 26,27 തീയതികളിൽ ആഘോഷിക്കുന്നു.
വെറുപ്പും വിദ്വേഷവും അക്രമവും നിറഞ്ഞ ഒരു നാടകീയമായ അന്തരീക്ഷത്തിൽ ആത്മീയതയുടെയും പ്രാർത്ഥനയുടെയും നേർത്ത ഇഴകൾക്കു മാത്രമേ സാഹോദര്യത്തെ നിലനിർത്താൻ സാധിക്കൂ എന്നു സ്പിരിറ്റ് ഓഫ് അസ്സീസി കമ്മീഷൻ പ്രസിഡന്റ് ഡോൺ ടോണിയോ ദേൽ ഒലിയോ അടിവരയിട്ട് പറയുന്നു. ഇത്തവണ ഒക്ടോബര് 27 നു മറ്റു ക്രിസ്തീയ കൂട്ടായ്മകളോടൊന്നു ചേർന്ന് കൊണ്ട് ഫ്രാൻസിസ് പാപ്പാ ലോകസമാധാനത്തിനു വേണ്ടി ഉപവാസത്തിന്റെയും,പ്രാർത്ഥനയുടെയും ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒക്ടോബർ 26 നു വിവിധ സ്കൂളുകളിൽ നിന്നും എത്തിച്ചേരുന്ന യുവജനങ്ങൾക്ക് സ്പിരിറ്റ് ഓഫ് അസീസിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഒരു സെമിനാർ നടക്കും.തുടർന്ന് 27 നു പോർസിയൂങ്കോളയിൽ വച്ചു വിവിധ മതനേതാക്കളോടൊപ്പം മതാന്തര പ്രാർത്ഥനാസമ്മേളനവും,വത്തിക്കാൻ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പാ നേതൃത്വം നൽകുന്ന പ്രാർത്ഥനയിൽ സംബന്ധിക്കുകയും ചെയ്യും.
ഒക്ടോബർ 28നു, 'യുദ്ധങ്ങളെ തടയുവാൻ മതങ്ങൾക്ക് സാധിക്കുമോ?' എന്ന തലക്കെട്ടിൽ ഒരു സെമിനാറും സംഘടിപ്പിക്കുന്നു. തുടർന്ന് ഒക്ടോബർ 29 ഞായറാഴ്ച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ അപ്പർ ബസിലിക്കയിൽ ബിഷപ്പ് സൊറന്റീനോയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ ആഘോഷപരിപാടികൾക്ക് സമാപനം കുറിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: