തിരയുക

ആധുനിക വിനിമയോപാദികൾ ആധുനിക വിനിമയോപാദികൾ  (AFP or licensors)

ആധുനിക സാമൂഹ്യ വിനിമയോപാധികൾ സഭയുടെ സുവിശേഷവത്ക്കരണ ദൗത്യത്തിന് സംഭാവനയേകും!

ഏഷ്യയിലെ കത്തോലിക്കാമെത്രാൻ സംഘങ്ങളുടെ സംയുക്തസമിതിയുടെ സാമൂഹ്യവിനിമയ കാര്യാലയത്തിൻറെ നവമ്പർ 20 മുതൽ 24 വരെ സംഘടിപ്പിക്കപ്പെട്ട ഇരുപത്തിയെട്ടാം സമ്മേളനത്തിൻറെ സമാപന രേഖ, ആധുനിക സാമൂഹ്യസമ്പർക്കമാദ്ധ്യമങ്ങൾക്ക് സഭയുടെ ജീവിതത്തിലും സുവിശേഷപ്രഘോഷണ ദൗത്യത്തിലുമുള്ള സുപ്രധാന പങ്ക് എടുത്തുകാട്ടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആധുനിക സാമൂഹ്യവിനിമയോപാധികൾ നരകുലത്തിൻറെ സേവനത്തിനുള്ള ദൈവിക ദാനങ്ങളാണെന്ന് ഏഷ്യയിലെ കത്തോലിക്കാമെത്രാൻ സംഘങ്ങളുടെ സംയുക്തസമിതിയുടെ സാമൂഹ്യവിനിമയ കാര്യാലയം (FABC-OSC).

ഈ കാര്യാലയം തായ്ലൻറിൻറെ തലസ്ഥാനമായ ബോങ്കോക്കിൽ നവമ്പർ 20 മുതൽ 24 വരെ സംഘടിപ്പിച്ച അതിൻറെ ഇരുപത്തിയെട്ടാം സമ്മേളനത്തിൻറെ സമാപന രേഖയിലാണ് ഈ പ്രസ്താവനയുള്ളത്. മെത്രാന്മാരും വൈദികരും അൽമായരുമുൾപ്പടെ വിവിധരാജ്യക്കാരായ മുപ്പതുപേരാണ് ഈ സമ്മേളനത്തിൽ സംബന്ധിച്ചിരുന്നത്.

ഓരൊ ക്രൈസ്തവനും ആശയവിനിമയം ചെയ്യുന്നവനാണെന്നും ദൈവമാണ് ആശയവിനിമയം ഏറ്റവും പരിപൂർണ്ണമായി നടത്തുന്നവനെന്നും അനുസ്മരിക്കുന്ന രേഖ നിർമ്മിത ബുദ്ധിയുൾപ്പടെയുള്ള എല്ലാ നൂതനസാങ്കേതിക വിദ്യകളും എന്താണെന്നു മനസ്സിലാക്കി വിമർശന ബുദ്ധിയോടുകൂടി ഉപയോഗപ്പെടുത്തണമെന്നും  ഈ സാങ്കേതിക വിദ്യകൾ സഭയ്ക്കും അവളുടെ വിനിമയ ശുശ്രൂഷയ്ക്കും സുവിശേഷപ്രഘോഷണദൗത്യത്തിനും സംഭാവനയേകുകയും അവസരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുമെന്നും പറയുന്നു.

സുവിശേഷവത്ക്കരണമെന്നത് ജീവൻ പകർന്നു നൽകലും നമ്മുടെ മദ്ധ്യേ സന്നിഹിതനായ ഉത്ഥിതനുമായുള്ള സമാഗമത്തിൻറെ സൗന്ദര്യം പങ്കുവയ്ക്കലുമാണെന്ന് രേഖയിൽ കാണുന്നു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2023, 18:25