വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ഉണ്ണിയേശുവിന്റെ രൂപത്തിൽ ചുംബനമർപ്പിക്കുന്ന ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം - 2019 വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ഉണ്ണിയേശുവിന്റെ രൂപത്തിൽ ചുംബനമർപ്പിക്കുന്ന ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം - 2019  (Vatican Media)

യേശുനാഥന്‍റെ ദിവ്യജനന ചരിത്രം, അര്‍ണോസ് പാതിരിയുടെ പുത്തന്‍പാനയില്‍

അർണോസ് പാതിരി രചിച്ച പുത്തൻപാനയുടെ അഞ്ചാം പാദത്തിൽ പ്രതിപാദിക്കപ്പെടുന്ന, യേശുവിന്റെ ജനനവും ബാല്യവും സംബന്ധിച്ച വിവരണത്തെ ആധാരമാക്കി, ചരിത്രകാരനും, അർണോസ് പാതിരിയുടെ കൃതികളെക്കുറിച്ച് കൂടുതലായി പഠിച്ച്, എല്ലാവരിലേക്കുമെത്തിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന ബഹുമാനപ്പെട്ട ആന്റണി പുത്തൂർ സാർ വത്തിക്കാൻ റേഡിയോയ്ക്കായി തയ്യാറാക്കി അവതരിപ്പിച്ച പ്രത്യേക പരിപാടി.
യേശുനാഥന്‍റെ ദിവ്യജനന ചരിത്രം, അര്‍ണോസ് പാതിരിയുടെ പുത്തന്‍പാനയില്‍ - ശബ്ദരേഖ

എഫ്. ആന്റണി പൂത്തൂര്‍, ചാത്തിയാത്ത്

മലയാളഭാഷയുടെ രണ്ടാം എഴുത്തച്ഛന്‍ എന്നും അര്‍ണവം എന്നും സര്‍ഗധനനായിരുന്ന സുകുമാര്‍ അഴീക്കോട് മാഷും, മലയാളത്തിന്‍റെ അര്‍ണ്ണവാവതാരമെന്ന് പണ്ഡിതലോകവും വിശേഷിപ്പിച്ച, ജന്‍മംകൊണ്ട് ജര്‍മ്മന്‍കാരനും, കര്‍മ്മവശാല്‍ മലയാളിയും ആയ, ഈശോസഭാ മിഷനറി യൊഹാന്നസ് ഏണസ്തൂസ് ഫോണ്‍ ഹാങ്സ്ലേഡന്‍ എന്ന അണര്‍ണോസ് പാതിരി രചിച്ച “കൂദാശപ്പാന” അഥവാ "പുത്തൻപാന"യുടെ  അഞ്ചാം പാദത്തിന്‍റെ മുഖ്യ പ്രതിപാദ്യം യേശുനാഥന്‍റെ ജനനവും ബാല്യവുമാണ്.   അഗുസ്തോസ് കേസര്‍ അതായത് അഗസ്റ്റസ് സീസര്‍ മഹാരാജാവ് റോമന്‍ പൗരന്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ ജനസംഖ്യാ കണക്കെടുപ്പില്‍ പങ്കെടുക്കുന്നതിനായി ദാവീദ് രാജവംശത്തില്‍ ജനിച്ച യൗസേപ്പും മറിയവും ദാവീദ്  രാജാവിന്‍റെ ദേശമായ ബേത്ലഹേം പട്ടണത്തില്‍ എത്തിച്ചേരുന്ന ചരിത്രമാണ് പുത്തന്‍പാനയുടെ അഞ്ചാംപാദത്തിന്‍റെ ആരംഭത്തില്‍ രേഖപ്പെടുത്തിയിട്ടുളളത്. അതിപ്രകാരമാണ്:

     "വന്‍പനഗുസ്തോസ് കേസര്‍ മഹാരാജന്‍

     കല്‍പിച്ചു തന്‍റെ ലോകരെയെണ്ണുവാന്‍

നൂതനം തലക്കാണവും വാങ്ങിച്ചു

സാധനത്തിലെഴുതേണം ലോകരെ

     ജന്‍മമായ നഗരിയില്‍ കൂടുവാന്‍

     തന്‍മഹീപതി കല്പിച്ചറിയിച്ചു

ദാവീദു രാജപൗത്രന്‍ യവുസേപ്പും

ദേവമാതാവും ദാവീദു ഗോത്രികള്‍

     താതന്‍ രാജാവു ദാവീദു വാണതു

     ബേതലഹേം തന്നിലെന്നതു കാരണം

പോകണമവര്‍ ബെതലഹേം ചന്തയില്‍

സകലേശ വിധിയുമതൂപോലെ

     ഉമ്മായും യൗസേപ്പുമെഴുന്നളളി

     ജന്മഭൂമിയവര്‍ക്കറിഞ്ഞാലും"

ഇപ്രകാരം ബെതലഹേമില്‍ എത്തിച്ചേര്‍ന്ന ഇരുവരും തങ്ങള്‍ക്കു വസിക്കുവാന്‍ ഒരിടം തേടി അലയുകയാണ്. ഈ ഭാഗം കവി വര്‍ണ്ണിക്കുന്നതിപ്രകാരമാണ്:

     "ബെതലഹേം പുക്കു രാജവിധിപോലെ

     ബെതലഹേം ചന്തയാകെ നടന്നവര്‍

ഇരിപ്പാനൊരു വീടു തിരഞ്ഞാറെ

ആരും കൈക്കൊണ്ടില്ല നരമുഖ്യരെ

     മുഷ്കരന്‍മാര്‍ക്കു നല്കി ഭവനങ്ങള്‍

     സല്‍ക്കരിച്ചു കൊടുക്കുന്നെല്ലാവരും

ഇവരെത്രയും നിര്‍ദ്ധനരാകയാല്‍

ആവാസത്തിനു സ്ഥലമില്ലാഞ്ഞറെ

     ശ്രേഷ്ഠനാഥയ്ക്കു നിയോഗ്യയോഗത്താല്‍

     ഗോഷ്ഠാനത്തിലിറങ്ങി പാര്‍ത്താരവര്‍"

അങ്ങിനെ നിര്‍ദ്ധനരായ അവര്‍ക്ക് പട്ടണത്തിനുപുറത്തുളള ഒരു പശുത്തൊഴുത്തില്‍ പാര്‍ക്കേണ്ടതായിവന്നു. ഇവിടെ വച്ച് ഒരു മഹാസംഭവം നടന്നു. അത് കവി തന്‍റെ കവനവഴിയിലൂടെ അവതരിപ്പിക്കുന്നതിപ്രകാരമാണ്:

     "വില്‍പഞ്ചവിംശതി ഞായര്‍ വാസരേ

     സ്വപ്നം ഭൂമിയില്‍ വ്യാപിച്ച കാലത്തില്‍

തിന്‍മയാലുളള പാപങ്ങള്‍ നീക്കുവാന്‍

ഭൂമിക്കാനന്ദത്തിനുളള കാരണം

     ഉത്തമ ധ്യാനം പൂണ്ടൊരു കന്യക

     പുത്രദര്‍ശനമേറെ ഇച്ഛിച്ചപ്പോള്‍

രാത്രി പാതി കഴിഞ്ഞൊരനന്തരം

ചിത്രമെത്രയും നീങ്ങിയിരുട്ടുകള്‍

     മനോജ്ഞനൊരു സൂര്യോപമാനനായ്

     കന്യാപുത്രന്‍ ഭൂപാലന്‍ പിറന്നിത്"

അതെ "വില്‍പഞ്ചവിംശതി” ഞായര്‍ വാസരേ അതായത് ഡിസംബര്‍ ഇരുപത്തിയഞ്ചാം തിയതി ഞായറാഴ്ച തിന്‍മയാലുളള താപങ്ങളെല്ലാം നീക്കുവാനായി ആ ദിനം ആരംഭിക്കുന്ന രാത്രി പാതിരാ കഴിഞ്ഞപ്പോള്‍ പെട്ടെന്ന് അന്ധകാരം നീങ്ങുകയും സൂര്യതുല്യനായ, കന്യാപുത്രനായ, ഭൂപാലനായ, മിശിഹാ പിറക്കുകയും ചെയ്തു. ആ ജനനത്തിന്‍റെ സവിശേഷതയെ സംബന്ധിച്ച് കവി പറയുന്നു:

     "കന്യാത്വക്ഷയം വരാതെ നിര്‍മ്മല

     ഊനം കൂടാതെ പെറ്റു വിസ്മയം.

കുപ്പിക്കു ഛേദം വരാതെയാദിത്യന്‍

കുപ്പി തന്നില്‍ കടക്കുമതുപോലെ

     ഉദരത്തിനു ഛേദം വരുത്താതെ

     മേദിനിയിലിറങ്ങി സര്‍വ്വപ്രഭു."

ഇവിടെ സ്ഫടികക്കുപ്പിയുടെ ഉളളില്‍ സ്ഫടികത്തിന് കേടൊന്നും വരുത്താതെ സൂര്യാഭ കടക്കുന്നതുപോലെ ഉദരത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ ദൈവപുത്രന്‍ തന്‍റെ മാതാവിന്‍റെ ഉദരത്തില്‍ നിന്നും പുറത്തുവന്നു എന്ന വിവരണം ഹൃദ്യമായിരിക്കുന്നു. ഉണ്ണിയോടുളള മാതൃവാല്‍സല്ല്യമാണ് തുടര്‍വരികളില്‍ പ്രകടമാകുന്നത്. ആട്ടിടയന്‍മാര്‍ക്ക് ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് മിശിഹായുടെ അവതാരവാര്‍ത്ത അറിയിക്കുന്നതും ദൈവപൂത്രന്‍റെ തിരുപ്പിറവിയെ സംബന്ധിച്ച് അറിയുവാന്‍ ആദ്യമായി ഭാഗ്യം ലഭിച്ച ആ പാവപ്പെട്ട ആട്ടിടയര്‍ ഗോശാലയിലെത്തി ദിവ്യശിശുവിനെ വന്ദിച്ചാരാധിച്ച് നിര്‍വൃതിയടയുന്നതും കിഴക്കുനിന്നുളള ജ്ഞാനികളുടെ സന്ദര്‍ശനവും കുഞ്ഞിപ്പൈതങ്ങളെ ഹേറോദേസ് കൊല്ലിക്കുന്നതും തിരുകുടുംബം മിസ്റയിമിലേക്ക് പലായനം ചെയ്യുന്നതും ഹേറോദേസ് പുഴുത്തുചത്തതിനുശേഷം അവര്‍ നസ്രത്തിലേക്ക് വന്ന് താമസിക്കുന്നതും പന്ത്രണ്ടാം വയസ്സിൽ ദൈവാലയത്തില്‍ വെച്ച്  മിശിഹായെ കാണാതാകുന്നതും പിന്നീട് കണ്ടെത്തുന്നതുമായ ചരിത്രസംഭവങ്ങളാണ് തുടര്‍വരികളിലൂടെ അര്‍ണോസ് പാതിരി നമ്മോട് സംവദിക്കുന്നത്. അങ്ങിനെ 142 ഈരടികളുളള അഞ്ചാം പാദത്തിലൂടെ യേശുനാഥന്‍റെ ജനനചരിത്രവും ബാല്യകാല സംഭവങ്ങളും വിവരിച്ച് നമ്മെ ബോധ്യപ്പെടുത്തുകയാണ് മലയാളത്തിന്‍റെ മഹാകവിയായ അര്‍ണോസ് പാതിരി ഇതിലൂടെ ചെയ്യുന്നത്.

അന്ത്യോഖ്യയില്‍ വിജാതീയ മാതാപിതാക്കളില്‍ ജനിച്ച വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷം 1: 43-ലാണ് മറിയം ദൈവമാതാവാണെന്ന് എലിസബത്തിലൂടെ ആദ്യം പ്രഘോഷിക്കുന്നത്. 1922 മുതല്‍ 1939 വരെ സാര്‍വ്വത്രികസഭയെ നയിച്ച പീയൂസ് പതിനൊന്നാമന്‍ പാപ്പയാണ് 1931-ല്‍ ദൈവമാതൃത്വത്തിരുനാള്‍ സഭയില്‍ സാഘോഷം കൊണ്ടാടണമെന്ന് നിഷ്ക്കര്‍ഷിച്ചത്. എന്നാല്‍ 1722 -ല്‍ പൂര്‍ത്തിയാക്കി കൈരളിക്കു സമര്‍പ്പിച്ച "പുത്തന്‍പാന"യില്‍ മേരിമാതാവിനെ "ദൈവമാതാവ്" എന്നാണ് അര്‍ണോസ്പാതിരി രേഖപ്പെടുത്തുന്നത്. മലയാളത്തില്‍ ആദ്യമായി "ദൈവമാതാവ്" എന്ന് മറിയത്തെ വിശേഷിപ്പിക്കുന്നത് പുത്തൻപാനായിലാണെന്നതും അറിയേണ്ടതുണ്ട്.

രക്ഷാകരചരിത്രത്തിലെ സുപ്രധാനനിമിഷമാണ് ഉണ്ണിയേശുവിന്‍റെ ജനനം. ഒരു മനുഷ്യന്‍റെ ജനനത്തിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ അവന്‍റെ വരവിനെക്കുറിച്ചും അവന്‍റെ നാമത്തെ സംബന്ധിച്ചും അവന്‍റെ വരവ് എവിടെയായിരിക്കും എന്നതിനെപ്പറ്റിയും എഴുതപ്പെടുകയും അവന്‍റെ വരവിനായി ആകാംക്ഷാഭരിതരായി ഒരു ജനത കാത്തിരിക്കുകയും ചെയ്യുക എന്ന അപൂര്‍വ്വത യേശുനാഥന്‍റെ ജനനത്തിലല്ലാതെ മറ്റൊരിടത്തും മറ്റൊരുവനിലും കാണുന്നില്ല. ആ ജന്‍മദിനമമാണ് ഓരോ ഡിസംബര്‍ 25-നും ലോകമാസകലം ക്രിസ്തുമസായി കൊണ്ടാടുന്നത്. ഓരോ ക്രിസ്തുമസും ആത്മീയചൈതന്യത്താല്‍ ഉത്തേജിതരായി, നല്ല മനുഷ്യരായി,  നല്‍മയുടെ വിളനിലമായ ഹൃദയത്തിന്‍റെ ഉടമകളായി, ഓരോരുത്തരും മാറുവാനുളള ഉള്‍വിളിയായിത്തീരട്ടെ എന്നാശിക്കുന്നു. ഏവര്‍ക്കും യേശുനാഥന്‍റെ രണ്ടായിരത്തിയിരുപത്തിമൂന്നാമത് ജന്‍മദിന ആശംസകളും പ്രാര്‍ത്ഥകളും സ്നേഹപൂര്‍വ്വം അര്‍പ്പിക്കുന്നു.

‘Felicem Domini Nativitatis diem’ ie ‘Happy Birth Day of the Lord.’

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 December 2023, 12:00