തിരയുക

റോമിലെ സ്‌പാനിഷ്‌ ചത്വരത്തിലുള്ള അമലോത്ഭവമാതാവിന്റെ രൂപം റോമിലെ സ്‌പാനിഷ്‌ ചത്വരത്തിലുള്ള അമലോത്ഭവമാതാവിന്റെ രൂപം 

അമലോത്ഭവകന്യകയും ദൈവമാതാവുമായ പരിശുദ്ധ കന്യകാമറിയം

പരിശുദ്ധ അമ്മയെക്കുറിച്ച്, പ്രത്യേകിച്ച്, മാതാവിന്റെ അമലോത്ഭവവുമായി ബന്ധപ്പെടുത്തിയ ചിന്താമലരുകൾ.
അമലോത്ഭവകന്യകയും ദൈവമാതാവുമായ പരിശുദ്ധ കന്യകാമറിയം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരിശുദ്ധ അമ്മയെക്കുറിച്ചുള്ള വിശ്വാസസത്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് അമലോത്ഭവം. ക്രിസ്തുമസിന്റെ ഒരുക്കത്തിന്റെ ദിനങ്ങൾക്കിടയിൽ, ഡിസംബർ എട്ടാം തീയതി ആഘോഷിക്കപ്പെടുന്ന ഒരു തിരുനാൾ കൂടിയാണ് പരിശുദ്ധ കന്യകയുടെ അമലോത്ഭവം.

ദൈവമാതാവ്

നാല് വിശ്വാസസത്യങ്ങളാണ് കത്തോലിക്കാസഭയിൽ പരിശുദ്ധ അമ്മയെക്കുറിച്ച് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. മറിയം അമലോത്ഭവയാണ് എന്ന സത്യം വിശ്വാസസത്യമായി പ്രഖ്യാപിക്കപ്പെടുന്നതിന് മുൻപ് പ്രഖ്യാപിക്കപ്പെട്ടവയിൽ ആദ്യത്തേത്, അവൾ തെയോതോക്കോസ് (Theotókos),  ദൈവമാതാവ് ആണ് എന്ന് എഫേസൂസിലെ കൗൺസിൽ 431 ജൂൺ 22-ന് പ്രഖ്യാപിച്ചതാണ്. മൂന്നാമത്തെ എക്യൂമെനിക്കൽ കൗൺസിലായിരുന്നു എഫേസൂസിൽ വച്ച് നടന്നത്. മറിയം ക്രിസ്തുവിന്റെ, യേശുവിന്റെ അമ്മ മാത്രമാണെന്ന നെസ്തോറിയൻ ചിന്തയെ തള്ളിക്കളഞ്ഞുകൊണ്ടാണ്, അവൾ ദൈവമാതാവാണെന്ന് കൗൺസിൽ പ്രഖ്യാപിച്ചത്. ദൈവമാതാവായ മറിയത്തിന്റെ പ്രത്യേക തിരുനാൾ സഭയിൽ ആഘോഷിക്കപ്പെടുന്നത് എല്ലാ വർഷവും ജനുവരി ഒന്നാം തീയതിയാണ്.

നിത്യകന്യക

553-ൽ നടന്ന രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ കൗൺസിലിൽ വച്ചാണ് പരിശുദ്ധ അമ്മയെക്കുറിച്ചുള്ള രണ്ടാമത്തെ വിശ്വാസസത്യം പ്രഖ്യാപിക്കപ്പെട്ടത്. സഭയുടെ ആദ്യനൂറ്റാണ്ടുകളിലെ സഭാപിതാക്കന്മാരുടെ എഴുത്തുകളിൽ കാണുവാൻ കഴിഞ്ഞ ഒരു സത്യമായിരുന്നു അത്. യേശുവിന്റെ ജനനത്തിന് മുൻപും, അതിന്റെ അവസരത്തിലും, അതിനു ശേഷവും, മറിയം കന്യകയായി തുടർന്നു എന്ന ഒരു വിശ്വാസമായിരുന്നു, സഭ ഔദ്യോഗികമായി പ്രഘോഷിച്ചത്. മറിയം എയിപാർത്തേനോസ് (Aeiparthenos), "നിത്യകന്യക" ആണ് എന്ന ഈ സത്യം, കത്തോലിക്കാസഭയെപ്പോലെ മറ്റു പല ക്രൈസ്തവസഭകളും അംഗീകരിക്കുന്ന ഒന്നാണ്. 649-ൽ നടന്ന ലാറ്ററൻ സിനഡിൽ മാർട്ടിൻ ഒന്നാമൻ പാപ്പായയും മറിയത്തിന്റെ നിത്യകന്യകാത്വത്തെ വീണ്ടും എടുത്തുപറയുന്നുണ്ട്.

വിശുദ്ധഗ്രന്ഥത്തിൽ മറിയത്തെക്കുറിച്ച് നൽകപ്പെടുന്ന സാക്ഷ്യവും നമുക്ക് ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒന്നാം അദ്ധ്യായത്തിൽ മറിയത്തെ മംഗളവാർത്ത അറിയിക്കുവാനായി ഗബ്രിയേൽ ദൈവദൂതൻ അയക്കപ്പെടുന്നതിനെക്കുറിച്ച് നാം വായിക്കുക ഇങ്ങനെയാണ്: "ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്ന് പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താൽ അയക്കപ്പെട്ടു" (ലൂക്ക 1, 27). ദൈവപുത്രനായ യേശുക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെ വിശുദ്ധി നഷ്ടപ്പെടാതെ, നിത്യകന്യകയായി തുടരാൻ ദൈവം അവളെ അനുഗ്രഹിച്ചുവെന്ന് സഭ എറ്റു പറയുന്നു.

അമലോത്ഭവ

ദൈവമാതാവിന്റെ കറയില്ലാത്ത ഉത്ഭവത്തെക്കുറിച്ച് കത്തോലിക്കാസഭ പ്രസ്താവിച്ച വിശ്വാസസത്യമാണ്, നാം ഇന്ന് പ്രത്യേകമായി വിചിന്തനം ചെയ്യുന്ന, പരിശുദ്ധ കന്യകയുടെ “അമലോത്ഭവം". 1854 ഡിസംബർ എട്ടാം തീയതി ജ്യൊവാന്നി മരിയ മാസ്ത്രായി ഫെറെത്തി എന്ന ഒൻപതാം പിയൂസ് പാപ്പായാണ്, അവർണ്ണനീയനായ ദൈവം, ലത്തീൻ ഭാഷയിൽ ഇനെഫാബിലിസ്‌ ദേവൂസ്‌ (Ineffabilis Deus) എന്ന് തുടങ്ങുന്ന തിരുവെഴുത്തു വഴി പാപക്കറയില്ലാതെയാണ് മറിയം ജനിച്ചതെന്ന വിശ്വാസസത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നൂറ്റാണ്ടുകളായി കത്തോലിക്കാസഭയിൽ നിലനിന്നിരുന്ന ഒരു വിശ്വാസത്തെയാണ്  ഇതുവഴി പൊതുവിശ്വാസസത്യമായി പാപ്പാ പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് വിശ്വാസികളുടെ ഭാഗത്തുനിന്ന് ധാരാളമായി ലഭിച്ച അപേക്ഷകളുടെ കൂടി അടിസ്ഥാനത്തിൽ, 1848-ൽ ഒരു ദൈവശാസ്ത്ര കമ്മീഷനെ പഠനത്തിന് നിയോഗിച്ചതിന് ശേഷമാണ് പാപ്പാ 1854-ൽ ഏറെ പ്രധാനപ്പെട്ട ഇനെഫാബിലിസ്‌ ദേവൂസ്‌ എന്ന ഈ ഒരു തിരുവെഴുത്ത് പുറത്തുവിട്ടത്. പത്രോസിന്റെ പിൻഗാമികളിൽ ഏറ്റവും വലിയ ഒരു മരിയഭക്തൻ കൂടിയായിരുന്നു, നീണ്ട മുപ്പത്തിരണ്ട് വർഷങ്ങൾ പാപ്പയായിരുന്ന അദ്ദേഹം. ചരിത്രപ്രധാനമായ ഈ വിശ്വാസസത്യം പ്രഖ്യാപിക്കുന്നതിന് വർഷങ്ങൾക്ക് മുൻപ്, 1849-ൽ, രക്ഷാകരചരിത്രത്തിൽ പരിശുദ്ധ അമ്മയുടെ പങ്കിനെക്കുറിച്ച്, ഊബി പ്രീമും (Ubi primum) എന്ന അപ്പസ്തോലിക പ്രബോധനവും ഒൻപതാം പിയൂസ് പാപ്പാ എഴുതിയിരുന്നു. 1868-ൽ ഒന്നാം വത്തിക്കാൻ കൗൺസിൽ വിളിച്ചുചേർത്തതും ഇതേ പാപ്പായാണെന്നത് സഭയുടെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്.

സ്വർഗ്ഗാരോപിത

1854-ൽ, പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തെക്കുറിച്ചുള്ള വിശ്വാസസത്യം പ്രഘോഷിക്കപ്പെട്ടതിന് ശേഷം 1950 നവംബർ ഒന്നാം തീയതി പന്ത്രണ്ടാം പിയൂസ് പാപ്പാ നടത്തിയ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിൽ ഒന്നാണ് പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണം. ഏറ്റവും ഔദാര്യവാനായ ദൈവം, മുനിഫിചെന്തീസിമൂസ് ദേവൂസ് (Munificentissimus Deus) എന്ന അപ്പസ്തോലികപ്രബോധനത്തിലൂടെയാണ് പാപ്പാ ഈയൊരു പ്രഖ്യാപനം നടത്തിയത്. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണം എന്നതിലൂടെ, മറിയം സ്വർഗ്ഗത്തിലേക്ക് ദൈവത്താൽ എടുക്കപ്പെട്ടു എന്നാണ് നാം മനസ്സിലാക്കുന്നത്. ദൈവമാതാവും, നിത്യകന്യകയും, അമലോത്ഭവയുമായ മറിയത്തിന്റെ ഇഹലോകജീവിതത്തിന്റെ അവസാനം, അവൾ ആത്മശരീരങ്ങളോടെ സ്വർഗ്ഗീയമഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്നാണ് ഇതിനെക്കുറിച്ച് സഭാരേഖയിൽ രേഖപ്പെടുത്തുക. ഉത്ഥിതനായ ക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തു എന്ന് പറയുന്ന സത്യവും, പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണവും തമ്മിലുള്ള വ്യത്യാസം ഇവിടെ വ്യക്തമാണല്ലോ. പല പൗരസ്ത്യക്രൈസ്തവസഭാചിന്തകളിലും പറയുന്ന ദൈവമാതാവിന്റെ ദൊർമിസിയോ (Dormition of the Mother of God) ,വിശ്രമത്തോടെ, പരിശുദ്ധ അമ്മ ഇഹലോകത്തിൽനിന്ന് കടന്നുപോയി തന്റെ പുത്രനോട് ചേരുന്നു എന്ന വിശ്വാസവും സ്വർഗ്ഗാരോഹണമെന്ന സത്യത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്. കോയിമേസിസ് (Koimesis) എന്ന ഗ്രീക്ക് വാക്കിൽനിന്നാണ് ദൊർമിസിയോ എന്ന പരിഭാഷ വരുന്നത്. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണം ഓഗസ്റ്റ് 15-നാണ് ആഘോഷിക്കപ്പെടുന്നത്. സ്വർഗ്ഗാരോപിതയായി മഹത്വത്തിലായിരിക്കുന്ന പരിശുദ്ധ അമ്മ നമ്മുടെ നിത്യജീവന്റെ സാധ്യതയിലേക്കുകൂടിയാണ് വിരൽചൂണ്ടുന്നത്.

എന്തുകൊണ്ട് അമലോത്ഭവ?

പരിശുദ്ധനും ദൈവപുത്രനുമായ ക്രിസ്തുവിന്റെ ജനനത്തിനായി ദൈവം തിരഞ്ഞെടുത്ത പരിശുദ്ധ അമ്മയുടെ ജീവിതത്തിൽ പാപക്കറയേശിയിരുന്നില്ല എന്നത്, ദൈവം മാനവകുലത്തിന്റെ രക്ഷയ്ക്കായി കടന്നുവരുന്ന യേശുവിനായി ദൈവം ലോകത്തെ എത്രമാത്രം ഒരുക്കുന്നു, അവിടുത്തെ പദ്ധതികൾ എത്ര സൂക്ഷ്മവും കൃത്യവുമാണ് എന്നതിന്റെ അടയാളം കൂടിയാണ്. ദൈവപുത്രനായ ഈശോമിശിഹായുടെ യോഗ്യതകളെപ്രതി, ഉത്ഭവപാപത്തിന്റെ സകല മാലിന്യങ്ങളിൽനിന്നും അവൾ ദൈവത്താൽ സംരക്ഷിക്കപ്പെട്ടു. മനുഷ്യരെല്ലാവരും ഉത്ഭവപാപത്തോടെയാണ് ജനിക്കുന്നതെങ്കിലും, ജീവന്റെയും പ്രപഞ്ചത്തിന്റെയും നാഥനും സൃഷ്ടാവുമായ ദൈവത്തിന്, തന്റെ പുത്രനായ ക്രിസ്തുവിന്റെ അമ്മയാകുവാനായി തിരഞ്ഞെടുക്കപ്പെട്ടവളെ, സാധാരണ മനുഷ്യരിൽനിന്ന് വ്യത്യസ്തയായി, കറകളില്ലാതെ, ഉത്ഭവപാപത്തിൽനിന്ന് ഒഴിവാക്കി, കാത്തുസൂക്ഷിക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ച് സംശയിക്കുന്നത്, ദൈവത്തിന്റെ സർവ്വശക്തിയെ സംശയിക്കുന്നതിന് തുല്യമാണ്. പൗരസ്ത്യസഭകളിൽ ഏതാണ്ട് ഏഴാം നൂറ്റാണ്ടിൽത്തന്നെ ഈ തിരുനാൾ ആഘോഷിക്കപ്പെട്ടിരുന്നു.

പരിശുദ്ധ അമ്മയുടെ ദർശനങ്ങൾ

1830 നവംബർ 27-ന് വിശുദ്ധ കാതറിൻ ലബുറേയ്ക്ക് പരിശുദ്ധ അമ്മ ഒരു പ്രത്യേക കാശുരൂപത്തിന്റെ ദർശനം നൽകുന്നുണ്ട്. അതിൽ രേഖപ്പെടുത്തിയിരുന്നത് ഇങ്ങനെയാണ്; പാപം കൂടാതെ ഉത്ഭവിച്ച മറിയമേ, അങ്ങയിൽ അഭയം തേടുന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ". 1854 ഡിസംബർ എട്ടാം തീയതി, പരിശുദ്ധ അമ്മയുടെ അമലോത്ഭവവുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം,1858 മാർച്ച് 25-ആം തീയതി ഫ്രാൻസിലെ ലൂർദ്ദിൽ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം വെറും പതിനാല് വയസുകാരിയായ ബർണദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ട് പറയുന്നുണ്ട്, "ഞാൻ അമലോത്ഭവയാണ്".

പാപവും ദൈവകൃപയും ദൈവവചനവും

ഉത്ഭവപാപം ഇല്ലാതെ പരിശുദ്ധ അമ്മ ഈ ഭൂമിയിൽ ജനിച്ചു എന്ന ഏറെ മനോഹരമായ ഒരു സത്യമാണ് അമലോത്ഭവയായ മറിയം എന്ന വിശ്വാസസത്യത്തിൽ നാം ആഘോഷിക്കുക. എന്താണ് ഉത്ഭവപാപം എന്നത് മനസ്സിലാക്കുമ്പോഴാണ് എന്തുകൊണ്ടാണ് ഇത്തരമൊരു ആഘോഷത്തിന് പ്രാധാന്യം എന്ന് വ്യക്തമാകുക. ഉൽപ്പത്തിപുസ്തകം മൂന്നാം അദ്ധ്യായത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരണം നാം കാണുന്നത്. ആദിമാതാപിതാക്കളായ ആദവും ഹവ്വയും, പറുദീസയിൽ സസുഖം ജീവിച്ചിരുന്ന ഒരു കാലം. അവിടെ, ദൈവത്തിന്റെ കൽപനയ്ക്ക് ചെവി കൊടുക്കാതെ, അവർ കൃപ നഷ്ടപ്പെടുത്തി പാപം ചെയ്തു. ആദ്യമാതാപിതാക്കളുടെ പാപത്തെത്തുടർന്ന് അവർ പറുദീസയിൽനിന്ന് പുറത്താക്കപ്പെടുകയും, പിന്നീട് അവരിൽനിന്ന് ജന്മമെടുത്ത ഓരോ മനുഷ്യരും, അവർക്ക് സ്വന്തമായി ഉണ്ടാകേണ്ടിയിരുന്ന കൃപയില്ലാത്തവരായി ജനിക്കേണ്ടിവരുന്ന അവസ്ഥയെയാണ് നമ്മൾ പൊതുവെ ഉത്ഭവപാപം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഈയൊരു അവസ്ഥയിൽ തുടരുന്ന മാനവകുലത്തിൽ പിറക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന് ദൈവം തന്റെ കൃപയാൽ, പ്രത്യേകമായി ഇത്തരമൊരു കുറവില്ലാതെ ജനിക്കുവാൻ അനുവദിച്ചു എന്നതാണ് അമലോത്ഭവത്തിലൂടെ നാം മനസ്സിലാക്കേണ്ടത്.

ഉൽപ്പത്തിപുസ്തകം മൂന്നാം അദ്ധ്യായത്തിൽ പിശാചിനെ ശപിച്ചുകൊണ്ട് ദൈവം പറയുന്നുണ്ട്, നീ ശപിക്കപ്പെട്ടവനായിരിക്കും, നീയും സ്ത്രീയും തമ്മിലും, നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും (ഉൽപത്തി 3, 14-15). ഏദൻതോട്ടത്തിൽനിന്ന് പുറത്താക്കപ്പെട്ട മനുഷ്യകുലത്തിന് മോചനം നൽകാൻ, എന്നാൽ അതേസമയം, സാത്താന്റെ തല തകർക്കാൻ, അയക്കപ്പെട്ട ദൈവപുത്രന് ജന്മമേകേണ്ടവളായതിനാലാണ്, സർവ്വശക്തനായ ദൈവം അവൾക്ക് പാപമാലിന്യമേശാത്ത ജന്മം നൽകിയത്. ദൈവം അവൾക്ക് അമലോത്ഭവം നൽകിയപ്പോൾ, രണ്ടാം ഹവ്വയായ അവൾ നിർമ്മലവും ദൈവഹിതത്തോട് പരിപൂർണ്ണമായും ചേർന്നുപോകുന്നതുമായ ജീവിതം വഴി തന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്തു.

പരിശുദ്ധ അമ്മ ദൈവകൃപയിലാണ് ജനിച്ചതെന്നും, ജീവിച്ചതെന്നും പുതിയ നിയമത്തിലേക്ക് കടന്നുവരുമ്പോൾ വ്യക്തമായി നമുക്ക് മനസ്സിലാക്കാൻ സാധിക്കും. യേശുവിന്റെ ജനനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുവാനായി, മംഗളവാർത്ത നൽകുവാനായി എത്തുന്ന ഗബ്രിയേൽ ദൈവദൂതൻ മറിയത്തിനടുത്തെത്തി അവളെ അഭിസംബോധന ചെയ്യുക ഇപ്രകാരമാണ്: "ദൈവകൃപ നിറഞ്ഞവളെ! സ്വസ്തി, കർത്താവ് നിന്നോടുകൂടെ!", "ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു" (ലൂക്കാ 1, 28-30). രക്ഷകനായ ദൈവപുത്രന്റെ അമ്മയാകാൻ വേണ്ടി, കൃപ നിറഞ്ഞവളായാണ്, പാപക്കറയെശാതെയാണ് ദൈവം അവൾക്ക് ജന്മമേകിയത്. പരിശുദ്ധ അമ്മയുടെ അമലോത്ഭവം അങ്ങനെ, രക്ഷാകരചരിത്രത്തിലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒരു നിമിഷമാണ്.

ലോകത്തിനും വിശ്വാസികൾക്കും മാതൃക

പരിശുദ്ധ അമ്മയുടെ അമലോത്ഭവത്തെക്കുറിച്ചുള്ള ചിന്തകൾ, മാനവരാശിക്ക്, പ്രത്യേകിച്ച് ഓരോ ക്രൈസ്തവനും ഉണ്ടായിരിക്കേണ്ട ജീവിതവിശുദ്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മറിയം ജനനത്തിലും, ജീവിതത്തിലും കാത്തുസൂക്ഷിച്ച കൃപ, മാമ്മോദീസായിലൂടെ നേടിയവരാണ് ഓരോ ക്രൈസ്തവരും. നമ്മുടെ വിശ്വാസം അതാണ് നമ്മെ പഠിപ്പിക്കുന്നത്. ജന്മപാപത്തിൽനിന്ന് മാമ്മോദീസായെന്ന കൂദാശവഴി മോചനം നേടിയ നാം പരിശുദ്ധ അമ്മയെപ്പോലെ നിത്യതയിലേക്ക് പ്രവേശിക്കുവാനാകുന്ന വിധത്തിൽ ആത്മശരീരവിശുദ്ധികൾ കാത്തുസൂക്ഷിക്കണമെന്ന്, ദൈവകൃപയിൽ ജീവിക്കണമെന്ന് അമലോത്ഭവമെന്ന വിശ്വാസസത്യം നമ്മെ ക്ഷണിക്കുന്നു. ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന്, പൂർണ്ണമായ വിശുദ്ധിയിൽ കുറഞ്ഞതൊന്നിനും പറുദീസയിൽ സ്ഥാനമില്ലെന്ന്, കൃപ നിറഞ്ഞ ഹൃദയങ്ങളാണ് ദൈവത്തിന് സ്വീകാര്യമായ ഇടങ്ങളെന്ന്, മറിയത്തിന്റെ അമലോത്ഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

പരിശുദ്ധ അമ്മയെ മാതൃകയായി സ്വീകരിക്കുക എന്നതുപോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടുന്നതും, പരിശുദ്ധ അമ്മയ്‌ക്കൊപ്പം ജീവിതം പ്രാർത്ഥനയാക്കി മാറ്റുന്നതും. വചനത്തെ ഉള്ളിൽ ധ്യാനിച്ച, വചനത്തിന് മാംസമാകാൻ സ്വന്തം ശരീരം നൽകിയ മറിയത്തെപ്പോലെ, ദൈവവചനമനുസരിച്ച് ജീവിക്കുവാൻ നാമും പരിശ്രമിക്കേണ്ടതുണ്ട്, ക്രിസ്തുവെന്ന വചനത്തിന് നമ്മുടെ ജീവിതം വഴി സാക്ഷ്യം നൽകേണ്ടതുണ്ട്. സ്വന്തം പുത്രന്റെ കുരിശുമരണമെന്ന വേദന ഹൃദയത്തിൽ വാളായി തുളച്ചുകയറുമ്പോഴും, തന്റെ വിളിയിലും വിശ്വാസത്തിലും വിശ്വസ്തയായിരുന്ന പരിശുദ്ധ ദൈവമാതാവിനെപ്പോലെ, ജീവിതബുദ്ധിമുട്ടുകളിൽ നാമും വിശ്വസ്തതയോടെ ദൈവത്തോട് ചേർന്ന് നിൽക്കാൻ പഠിക്കേണ്ടതുണ്ട്. മറിയത്തിന്റേതുപോലെ നിർമ്മലവും ദൈവത്തിന് പ്രീതികരവുമായ ജീവിതം നയിക്കുവാൻ കാരുണ്യവാനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ, അമലോത്ഭവ നമുക്കായി മാധ്യസ്ഥ്യം വഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 December 2023, 14:32