തിരയുക

നിയുക്ത മെത്രാൻ മത്തായി കടവിൽ ഓ.ഐ.സി,  ഖദ്ക്കി മലങ്കര കത്തോലിക്കാ രൂപതയുടെ പുതിയ ഭരണസാരഥി നിയുക്ത മെത്രാൻ മത്തായി കടവിൽ ഓ.ഐ.സി, ഖദ്ക്കി മലങ്കര കത്തോലിക്കാ രൂപതയുടെ പുതിയ ഭരണസാരഥി 

ഖട്ക്കി മലങ്കര കത്തോലിക്കാ രൂപതയ്ക്ക് പുതിയ മെത്രാൻ !

ക്രിസ്ത്വാനുകരണ സഭാംഗമായ വൈദികൻ മത്തായി കടവിൽ ഓ.ഐ.സിയെ സീറോമലങ്കര കത്തോലിക്കാ സഭയുടെ സിനഡാണ് ഖട്ക്കി രൂപതയുടെ മെത്രാനായി തിരഞ്ഞെടുത്തത്. ഈ തിരഞ്ഞെടുപ്പിന് മാർപ്പാപ്പാ അംഗീകാരം നല്കുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഖട്ക്കി മലങ്കര കത്തോലിക്കാ രൂപതയുടെ പുതിയ മെത്രാനായി ക്രിസ്ത്വാനുകരണ സഭയുടെ പൊതുശ്രേഷ്ഠൻ അഥവാ, സുപ്പീരിയർ ജനറൽ ആയ വൈദികൻ മത്തായി കടവിൽ ഓ.ഐ.സി  (Mathai Kadavil, O.I.C) നിയമിതനായി.

മലങ്കര കത്തോലിക്ക സഭയുടെ  സിനഡിൻറെ ഈ തീരുമാനം ഫ്രാൻസീസ് പാപ്പാ അംഗീകരിച്ചു. ചൊവ്വാഴ്ച (12/12/23)യാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

വിശുദ്ധ എഫ്രേമിൻറെ നാമത്തിലുള്ള ഖട്ക്കി രൂപതയുടെ നിയുക്ത മെത്രാൻ മത്തായി കടവിൽ  കണ്ണത്തുനാടു സ്വദേശിയാണ്. 1963 ഡിസമ്പർ 21-ന് ജനിച്ച അദ്ദേഹം ക്രിസ്ത്വാനുകരണ സഭയിൽ 1981 മെയ് 15-ന് വ്രതവാഗ്ദാനം നടത്തുകയും പൂനയിലെ ജ്ഞാനദീപ വിദ്യാപീഠത്തിൽ തത്ത്വശാസ്ത്ര ദൈവവിജ്ഞാനീയ പഠനങ്ങൾക്കു ശേഷം 1989 ഒക്ടോബർ 9-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

സെമിനാരിയിലും ഇടവകയിലും തിരുവല്ല അതിരൂപതയുടെ യുവജന അജപാലന കാര്യാലയത്തിലും ബഥനി പ്രസാധകകേന്ദ്രത്തിലും മറ്റും സേവനമനുഷ്ഠിച്ചതിനു ശേഷം നിയുക്ത മെത്രാൻ മത്തായി കടവിൽ ബെൽജിയത്തിലെ ലുവെയിനിലേക്കു പോകുകയും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. 2021-മുതൽ അദ്ദേഹം മിശിഹാനുകരണ സഭയുടെ പൊതുശ്രേഷ്ഠനായി  സേവനം ചെയ്തുവരികയായിരുന്നു.

നിയുക്തമെത്രാൻ മത്തായി കടവിൽ മലയാളത്തിനു പുറമെ ആംഗലം, സംസ്കൃതം, സിറിയക്, ജർമ്മൻ, ഫ്രഞ്ച് എന്നീ ഭാഷകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.  ഏതാനും പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 December 2023, 17:36