2018 ൽ ഫ്രാൻസിസ് പാപ്പാ അയർലണ്ട് സന്ദർശിച്ചപ്പോൾ 2018 ൽ ഫ്രാൻസിസ് പാപ്പാ അയർലണ്ട് സന്ദർശിച്ചപ്പോൾ   (ANSA)

ജീവന്റെ കരസ്പർശവുമായി അയർലണ്ടിലെ കത്തോലിക്കാസമൂഹം

മരണാവസ്ഥയിൽ കഴിയുന്ന രോഗികളുടെ പരിചരണത്തിനും, പരാശയപൂർവ്വമായ ആത്‌മഹത്യാ നിയമം ഒഴിവാക്കുന്നതിനും അയർലണ്ടിലെ വിവിധ മതസമൂഹങ്ങൾ പരസ്പരം കൈകോർത്തുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

മരണാവസ്ഥയിൽ കഴിയുന്ന രോഗികളുടെ പരിചരണത്തിനും, പരാശയപൂർവ്വമായ ആത്‌മഹത്യാ നിയമം ഒഴിവാക്കുന്നതിനും അയർലണ്ടിലെ വിവിധ മതസമൂഹങ്ങൾ പരസ്പരം കൈകോർത്തുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. അയർലണ്ടിലെ കത്തോലിക്കാ രൂപതകളുടെ നേതൃത്വത്തിലാണ് വിവിധ കർമപ്രവർത്തനങ്ങൾ നടത്തുന്നത്.

ഇത് സംബന്ധിച്ച പ്രസ്താവന അയർലൻഡ് മെത്രാൻ സമിതിക്കുവേണ്ടി മിസ്.പെട്രാ കോൺറോയിയും,ഡോ.മാർഗരറ്റ് നൗറ്റനും ചേർന്ന് അവതരിപ്പിച്ചു.'പരാശയപൂർവ്വമായ ആത്‌മഹത്യ' വിശ്വാസപരവും, മതപരവുമായ വീക്ഷണവും മറ്റു ദാര്ശനികസമൂഹങ്ങളുടെ വീക്ഷണവും എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഒരു സമ്മേളനാവസരത്തിലാണ് ഈ പ്രസ്താവന നടത്തിയത്.

മരണത്തോട് മല്ലടിക്കുന്ന രോഗികളുടെ പരിചരണവും, അവർക്കുവേണ്ടിയുള്ള സേവനങ്ങളും കത്തോലിക്കാസഭയുടെ അജപാലനപരമായ ഉത്തരവാദിത്വമാണെന്ന് പ്രസ്താവനയിൽ എടുത്തു പറയുന്നു.

"മരണം മനുഷ്യാവസ്ഥയുടെ സ്വാഭാവിക ഭാഗമാണ്. യുക്തിയുമായോ വ്യക്തിയുടെ അന്തസ്സുമായോ വൈരുദ്ധ്യമുള്ള രീതിയിൽ ആയുസ്സ് നീട്ടാൻ അസാധാരണമോ അപകടകരമോ  ആയ ചികിത്സകൾ ഉപയോഗിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നില്ല. ഒരു നല്ല മരണം അനുഭവിക്കാൻ ആളുകളെ എങ്ങനെ സഹായിക്കാം എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. വിശ്വാസത്തിന്റെ കാരണങ്ങളാലും പൊതുനന്മയുടെ പ്രതിരോധവുമായി ബന്ധപ്പെട്ട കാരണങ്ങളാലും മനുഷ്യജീവിതം ബോധപൂർവം അവസാനിപ്പിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നു",പ്രസ്താവനയിൽ പറയുന്നു.

മാരകമായ രോഗത്തിന്റെ അവസാന ആഴ്‌ചകളിൽ, മാനുഷികവും ആത്മീയവുമായ വളർച്ച അനുഭവിക്കാൻ അനേകം ആളുകളെ സഹായിക്കാൻ  കത്തോലിക്കാ സഭയുടെ വിവിധങ്ങളായ അജപാലനശുശ്രൂഷകൾക്കു സാധിക്കുന്നതിലെ ചാരിതാർഥ്യവും അവർ പങ്കുവച്ചു.

ഇത്തരത്തിൽ മരണാവസ്ഥയിൽ കഴിയുന്ന രോഗികളുടെ പരിചരണത്തിനും, പരാശയപൂർവ്വമായ ആത്‌മഹത്യാ നിയമം ഒഴിവാക്കുന്നതിനും എല്ലാ മതസമൂഹങ്ങളും ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയും പ്രസ്താവനയിൽ പ്രത്യേകമായി അടിവരയിടുന്നു. സമ്മേളനത്തിൽ അയർലണ്ടിലെ വിവിധ ക്രിസ്ത്യൻ സമൂഹങ്ങളിൽ നിന്നും,മുസ്‌ലിം സമൂഹത്തിൽ നിന്നുമുള്ള പ്രതിനിധികളും, നിരവധി മനുഷ്യാവകാശപ്രവർത്തകരും സംബന്ധിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2023, 14:11