സാന്ത്വനവും പ്രതീക്ഷയും ആഗമന കാലത്തിന്റെ സന്ദേശം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ആഗമനകാലത്തിന്റെ അവസാന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. കർത്താവായ യേശുമിശിഹായുടെ വരവിനായി ആത്മീയമായും, ഭൗതീകമായും നാം ഏറെ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകം ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ, വളരെ പ്രത്യേകമായി യേശുവിന്റെ ജനനവും, ജീവിതവും, മരണവും ഉത്ഥാനവുമെല്ലാം അനുഭവിച്ച വിശുദ്ധനാട്ടിൽ അസഹിഷ്ണുതയുടെയും, യുദ്ധത്തിന്റെയും ഭീതിപ്പെടുത്തുന്ന ദിവസങ്ങളിൽ ഒരു പക്ഷെ നമ്മിൽ പലരും ചിന്തിച്ചേക്കാം, എന്താണ് കർത്താവിന്റെ ജനനം ഇന്നും ആഘോഷിക്കുന്നതിലുള്ള പ്രസക്തിയെന്ന്. രണ്ടായിരം വർഷത്തെ കർത്താവിന്റെ സഭയുടെ ചരിത്രത്തിൽ ഇരുണ്ട കാലഘട്ടങ്ങൾ പലതും വന്നുചേർന്നപ്പോഴും ഉന്നയിക്കപ്പെട്ട ചോദ്യമാണിത്.കർത്താവ് തന്റെ ജനത്തെ സന്ദർശിക്കുവാൻ ഇന്നും എത്തുന്നുണ്ടോ?
ഇന്നത്തെ വചനവായനകൾ ഈ ചോദ്യങ്ങളിന്മേൽ ഉത്തരം കണ്ടെത്തുവാനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് വഴിയൊരുക്കുന്നു. പുതിയനിയമത്തിന്റെ വെളിച്ചത്തിൽ മാത്രമല്ല ഏശയ്യാ പ്രവാചകന്റെ പ്രവചനങ്ങളുടെ വെളിച്ചത്തിലുമാണ് സഭാമാതാവ് ഇന്ന് നമ്മുടെ ബോധ്യങ്ങളെ ഉണർത്തുന്നത്.
പ്രതീക്ഷയും, സാന്ത്വനവും എന്നിങ്ങനെ രണ്ടു പ്രമേയങ്ങളാണ് ഈ ഞായറാഴ്ചയിലെ വായനകൾ നമുക്ക് സമ്മാനിക്കുന്നത്. പഴയനിയമജനതയുടെ മിശിഹായെ പറ്റിയുള്ള പ്രത്യാശാപൂർണ്ണമായ കാത്തിരിപ്പ് വചനങ്ങളിലൂടെ നമുക്ക് ഏറെ സുപരിചിതമാണ്. പ്രത്യാശയെപ്പറ്റിയുള്ള വചനഭാഗങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് ഏശയ്യാ പ്രവാചകന്റെ ഗ്രന്ഥത്തിൽ നിന്നും നാം വായിച്ചുകേട്ട വചനഭാഗം. പീഡിതരെ സദ്വാർത്ത അറിയിക്കുന്നതിനായി തന്നെ അഭിഷേകം ചെയ്തിരിക്കുന്ന എന്ന സന്തോഷപൂർണ്ണമായ പ്രവാചകന്റെ വചനങ്ങൾക്ക് ബലം നൽകുന്നത് ആദ്യവാക്കുകളാണ്: ദൈവമായ കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. തന്റെ പ്രവാചകദൗത്യം ധൈര്യപൂർവം പൂർത്തിയാക്കുന്നതിനു പ്രവാചകന്റെ ജീവിതത്തിന്റെ അടിസ്ഥാനമായി വിവരിക്കുന്നത് ദൈവീക സാന്നിധ്യം പകർന്നുനൽകുന്ന സന്തോഷവും പ്രത്യാശയും, സന്തോഷവുമാണ്. തുടർന്നും തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ഓരോ കടമകളെയും എടുത്തു പറയുമ്പോഴും:ഹൃദയം തകർന്നവർക്ക് ആശ്വാസം നൽകുക,തടവുകാർക്ക് മോചനം നൽകുക,ബന്ധിതർക്കു സ്വാതന്ത്ര്യവും,വിലപിക്കുന്നവർക്കു സമാശ്വാസവും തുടങ്ങി വിവിധങ്ങളായ പ്രവാചക ദൗത്യങ്ങളിൽ, ഏശയ്യാ പ്രവാചകൻ പങ്കുവയ്ക്കുന്നത് പ്രതീക്ഷയോടു കൂടി മുന്നേറുക എന്ന ഒരേ ഒരു ആശയം മാത്രമാണ്.
ലൗകീകമായ ബലത്തിനുമപ്പുറം ദൈവത്തിന്റെ സാന്നിധ്യം പ്രദാനം ചെയ്യുന്ന രക്ഷയുടെ സദ്‌വാർത്തയെയാണ് ഏശയ്യാ പ്രവാചകൻ പ്രവചിക്കുന്നത്. ഇത് നൂറ്റാണ്ടുകൾക്കു മുൻപ് രചിക്കപ്പെട്ടു, മൺമറഞ്ഞുപോയ ഒരു വാക്മയചിത്രമല്ല മറിച്ച് ഇന്നും നമുക്ക് രക്ഷകന്റെ വരവിന്റെ യഥാർത്ഥ അർത്ഥം പ്രദാനം ചെയ്യുന്ന വാക്കുകളാണ്.ദൈവത്തിൽ അധിവസിക്കുന്നതാണ് നിലനിൽക്കുന്ന സന്തോഷത്തിന്റെ അടിസ്ഥാനം.വേദനകൾ ഏറെ നിറഞ്ഞിരിക്കുന്ന ജീവിതത്തിന്റെ അവസ്ഥകളിലും ദൈവമാണ് നമ്മുടെ കേന്ദ്രബിന്ദുവെങ്കിൽ ഒന്നും അസഹനീയമായി മാറുന്നില്ലായെന്ന വലിയ പാഠവും ഈ ആദ്യവായനയിലെ വചനങ്ങൾ നമുക്ക് പ്രദാനം ചെയ്യുന്നു.അതുകൊണ്ടാണ് നിയമാവർത്തന പുസ്തകത്തിൽ നാം വായിക്കുന്നത്: "നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കണം"(നിയ.6 ,5). ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കാനുള്ള മനുഷ്യന്റെ വിളിയെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്.ചോദിക്കുന്ന കല്പനയല്ല, മറിച്ച് നൽകുന്ന കല്പനയാണ്.ജീവിതത്തിന്റെ യഥാർത്ഥ സ്വാതന്ത്ര്യവും,സന്തുഷ്ടതയും,തുറവിയും അനുഭവിക്കണമെങ്കിൽ ഇപ്രകാരം ദൈവസാനിധ്യത്തിൽ ജീവിക്കുവാൻ ഏശയ്യാ പ്രവാചകൻ നമ്മെ ക്ഷണിക്കുന്നു. നമ്മെ ബാധിക്കുന്ന അസ്വസ്ഥതകൾ, തൃപ്തിയില്ലായ്മ, അത്യാഗ്രഹം, ദുഃഖ മനോഭാവം എന്നിവ ദൈവീകസാന്നിധ്യമില്ലായ്മയിലൂടെയാണ് വരുന്നതെന്ന ബോധ്യവും ആദ്യത്തെ വായന നമുക്ക് നൽകുന്നു.
പ്രത്യാശയെന്ന പുണ്യത്തിന്റെ ക്രിസ്തുമാനമാണ് പൗലോസ് ശ്ലീഹയുടെ ലേഖനത്തിലൂടെ സഭാമാതാവ് നമ്മെ ഓർമിപ്പിക്കുന്നത്.നമ്മുടെ ഏക സന്തോഷവും,പ്രതീക്ഷയും, രക്ഷയും ക്രിസ്തുവാണെന്ന് തിരിച്ചറിയുകയും,അവനെ കണ്ടെത്തി ജീവിതത്തിൽ സ്വന്തമാക്കുന്ന വ്യക്തികൾക്കാണ് സന്തോഷവും സമാധാനവും അനുഭവിക്കുവാൻ സാധിക്കുന്നതെന്ന് പൗലോസ് ശ്ലീഹ നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രത്യാശയുടെ ഈ വലിയ സന്ദേശം ജീവിതത്തിൽ ഉൾക്കൊണ്ടതുകൊണ്ടു മാത്രമാണ് പൗലോസ് ശ്ലീഹായുടെ ജീവിതത്തിൽ എപ്പോഴും ക്രിസ്‌തോന്മുഖമായ ജീവിതം നയിച്ചതിനെപ്പറ്റിയുള്ള സന്തോഷം തന്റെ ലേഖനങ്ങളിലൂടെ അദ്ദേഹം പങ്കുവയ്ക്കുന്നത്.
ഫിലിപ്പിയിലെ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ ശ്ലീഹ ഇപ്രകാരം എഴുതുന്നു: "എന്റെ ആഗ്രഹം, മരിച്ച് ക്രിസ്തുവിനോട് കൂടി ആയിരിക്കുവാനാണ്, അതാണു കൂടുതൽ ശ്രേഷ്ഠം"(ഫിലി 1 ,23 )തുടർന്നും ശ്ലീഹ എഴുതുന്നു: "എന്റെ കർത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതൽ വിലയുള്ളതാകയിൽ സർവവും നഷ്ടമായിത്തന്നെ ഞാൻ പരിഗണിക്കുന്നു. അവനെപ്രതി ഞാൻ സകലവും നഷ്ടപ്പെടുത്തുകയും, ഉച്ഛിഷ്ടം പോലെ കരുതുകയുമാണ്."(ഫിലി 3 ,8).ഇപ്രകാരം തന്റെ ജീവിതത്തിൽ പ്രത്യാശയുടെ കിരണം ചൊരിഞ്ഞ ക്രിസ്തുവിന്റെ സാന്നിധ്യം നമ്മുടെ വ്യക്തിജീവിതങ്ങളിൽ കണ്ടെത്തുവാനുള്ള ഒരു ക്ഷണമാണ് പൗലോസ് ശ്ലീഹ ആഗമന കാലം മൂന്നാം ഞായറാഴ്ച നമുക്ക് നൽകുന്നത്. എത്രത്തോളം പ്രത്യാശയുടെ സന്തോഷം നമുക്ക് പ്രദാനം ചെയ്യുന്ന ക്രിസ്തുവിന്റെ ജനനതിരുനാളിനു നാം ഒരുങ്ങുന്നുണ്ട്? അവനു വേണ്ടി ഹൃദയത്തിന്റെ വാതിലുകൾ തുറന്നിടുവാൻ നാം തയാറാണോ എന്ന ആത്മശോധനയ്ക്കുള്ള ചോദ്യങ്ങളും പൗലോസ് ശ്ലീഹ നമുക്ക് നൽകുന്നു.
ദൈവത്തെ അനുഭവിക്കാനും ക്രിസ്തുവിൽ അവനെ തിരിച്ചറിയാനും നമ്മെ സഹായിക്കുന്ന മനോഭാവം എന്താണെന്ന് ഇന്നത്തെ സുവിശേഷത്തിൽ യോഹന്നാൻ ശ്ലീഹ സ്നാപകന്റെ ജീവിതത്തിലൂടെ നമുക്ക് വെളിപ്പെടുത്തി തരുന്നു.
ക്രിസ്തുവിനു സാക്ഷ്യ വഹിക്കുവാൻ വേണ്ടി ദൈവത്താൽ അയക്കയ്ക്കപ്പെട്ടവനാണ് സ്നാപകയോഹന്നാൻ.സ്നാപകന്റെ ജീവിതത്തിന്റെ വെളിപ്പെടുത്തൽ ഒരു ചോദ്യം വഴിയായിട്ടാണ് സുവിശേഷകൻ നമുക്ക് പറഞ്ഞുതരുന്നത്:"നിങ്ങൾ ആരാണ്?" ജറുസലേമിൽ നിന്ന് യഹൂദർ അയച്ച പുരോഹിതന്മാരും, ലേവ്യരും സ്നാപകനോട് തന്റെ സ്വത്വം വെളിപ്പെടുത്തുന്നതിനുള്ള ഈ ചോദ്യം ഉന്നയിക്കുമ്പോൾ, നമ്മുടെ ജീവിതത്തിലും ഈ ആഗമനകാലം മുൻപോട്ടുവയ്ക്കുന്ന 'ക്രൈസ്തവരെന്നനിലയിലുള്ള സ്വത്വം' തിരിച്ചറിയുവാനും,അതിനനുസരണം ജീവിക്കുവാനുമുള്ള ഒരു വിളിയും ഇന്നത്തെ സുവിശേഷം നമുക്ക് പ്രദാനം ചെയ്യുന്നു.നമ്മുടെ ജീവിതസാക്ഷ്യങ്ങൾ മറ്റുള്ളവർക്ക് നമ്മോടുള്ള ഈ ചോദ്യങ്ങളിൽ തൃപ്തമായ ഒരു ഉത്തരം കണ്ടെത്തുവാൻ സാധിക്കുന്നുണ്ടോ എന്ന് വിചിന്തനം ചെയ്യേണ്ടത് ആവശ്യമാണെന്നും ഈ വചനങ്ങൾ നമുക്ക് വെളിപ്പെടുത്തുന്നു.
'ഞാൻ ക്രിസ്തുവല്ല' എന്ന സ്നാപകന്റെ ഉത്തരത്തിൽ അവന്റെ ജീവിതത്തിന്റെ സർവ്വസവും അടങ്ങിയിരിക്കുന്നു. തന്റെ ജീവിതത്തിൽ ദൈവം ഏൽപ്പിച്ച വലിയ ഉത്തരവാദിത്വത്തെ എളിമയോടുകൂടി സ്വീകരിച്ചുകൊണ്ട് പ്രത്യാശയുടെയും, സാന്ത്വനത്തിന്റെയും സാക്ഷിയാകുവാനുള്ള തന്റെ ജീവിതത്തെയാണ് സ്നാപകൻ വെളിപ്പെടുത്തുന്നത്.തന്റെ ജീവിതത്തിന്റെ മഹത്വം മുഴുവൻ, താൻ ദർശിച്ച വെളിച്ചത്തെ മറ്റുള്ളവർക്ക് വെളിപ്പെടുത്തുന്ന സ്നാപകയോഹന്നാന്റെ വാക്കുകളിൽ ഉൾച്ചേർന്നിരിക്കുന്നു:"ഞാൻ ദൈവത്തിന്റെ ശബ്ദമാണ്". തന്റെ ജീവിതത്തിന്റെ വെളിച്ചം അഹങ്കാരത്താൽ നഷ്ടപ്പെടാതിരിക്കുവാൻ സ്നാപകൻ ജീവിതത്തിന്റെ എളിമ വെളിപ്പെടുത്തുന്നു.വിശ്വാസത്തിൽ ശക്തനായവന്റെ വിനീതമായ വാക്കുകൾ."എന്റെ പിന്നാലെ വരുന്നവൻ: അവന്റെ ചെരിപ്പിന്റെ കെട്ടഴിക്കാൻ ഞാൻ യോഗ്യനല്ല" എന്ന് വിളിച്ചുപറയുമ്പോൾ സ്നാപകൻ അനുഭവിക്കുന്ന സന്തോഷത്തിന്റെ സീമാതീതമായ അനുഭവം ഇന്നത്തെ സുവിശേഷം നമുക്ക് പ്രദാനം ചെയ്യുന്നു. കെട്ടഴിക്കണമെങ്കിൽ അവന്റെ പാദത്തിന്റെ അരികിലേക്ക് മുട്ടുകൾ മടക്കി,തല കുമ്പിട്ടു കടന്നുചെല്ലണം, എന്നാൽ അതിനുപോലും യോഗ്യതയില്ലെന്ന സ്നാപകന്റെ വാക്കുകൾ എളിമയുടെ ഉത്തുംഗ ഉദാഹരണമാണ്.
നമ്മുടെ സഹോദരങ്ങളുടെ വിജയത്തിൽ സന്തോഷമുണ്ടോ അതോ അസൂയയും അസൂയയും ഉള്ളവരാണോ എന്ന് നമുക്ക് നമ്മുടെ മനസ്സാക്ഷി പരിശോധിച്ച് സ്വയം ചോദിക്കാനല്ല അവസരം കൂടിയാണ് ഇത്.അതുകൊണ്ട്, വിനീതർക്ക് മാത്രമേ ദൈവത്തെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ കഴിയൂ എന്നും എളിമയുള്ളവർക്ക് മാത്രമേ ക്രിസ്തുവിനെ അവരുടെ അഭിമാനത്താൽ കളങ്കപ്പെടുത്താതെ അവനെക്കുറിച്ച് സംസാരിക്കാൻ കഴിയൂ എന്നും യോഹന്നാൻ നമ്മെ പഠിപ്പിക്കുന്നു.ദൗർഭാഗ്യവശാൽ പ്രത്യാശയുടെ ദൈവീക കിരണങ്ങൾ ഇന്നു ഇല്ലാതാവുന്നത് നാം ആളുകളെ ക്രിസ്തുവിലേയ്‌ക്കല്ല, നമ്മിലേക്ക് നയിക്കാൻ ശ്രമിക്കുന്നതിൽ നിന്നാണ്!
"താൻ ഒരു വിളക്കല്ലാതെ മറ്റൊന്നുമല്ലെന്ന് മനസ്സിലാക്കുകയും, അഭിമാനത്തിന്റെ കാറ്റിൽ അത് അണഞ്ഞുപോകുമെന്ന ഭയത്താൽ സർവ്വശക്തനോട് സഹായം അഭ്യർത്ഥിച്ചുകൊണ്ട് വിനീതനായി നിലകൊണ്ട സ്നാപകനെ അനുകരിക്കുവാൻ നമുക്ക് പരിശ്രമിക്കാം" എന്ന വിശുദ്ധ ആഗസ്തീനോസിന്റെ വാക്കുകൾ കർത്താവിന്റെ തിരുപിറവിക്കായുള്ള നമ്മുടെ ഒരുക്കത്തിന് നമ്മെ സഹായിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: