ദൈവകൃപ നിറഞ്ഞവളെ സ്വസ്‌തി! ദൈവകൃപ നിറഞ്ഞവളെ സ്വസ്‌തി! 

രക്ഷകന്റെ വരവിനെക്കുറിച്ചുള്ള മംഗളവാർത്ത

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ മംഗളവാർത്തക്കാലം രണ്ടാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം.
സുവിശേഷപരിചിന്തനം Luke 1, 26-38 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മംഗളവാർത്തക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച, യഥാർത്ഥ മംഗളവാർത്തയെക്കുറിച്ചുള്ള, യേശുവിന്റെ ജനനത്തെക്കുറിച്ച് പരിശുദ്ധ അമ്മയോട് ഗബ്രിയേൽ ദൂതൻ അറിയിക്കുന്ന സുവിശേഷഭാഗമാണ് (ലൂക്കാ 1, 26-38) നാം വിചിന്തനം ചെയ്യുന്നത്. മംഗളവാർത്തക്കാലത്തെ നാലു ഞായറാഴ്ചകളിൽ യോഹന്നാന്റെയും യേശുവിന്റെയും ജനനവുമായി ബന്ധപ്പെട്ട അറിയിപ്പുകളും, അവരുടെ ജനനവുമാണ് നാം വായിക്കുന്നത്.

സമാന്തരമായ അറിയിപ്പുകൾ

ദൈവം വാഗ്ദാനം ചെയ്ത നിത്യരക്ഷയുടെ ഭാഗമായി നടക്കുന്ന യോഹന്നാന്റെയും യേശുവിന്റെയും ജനനത്തെക്കുറിച്ചുള്ള അറിയിപ്പുകൾക്ക് ഏറെ സാമ്യങ്ങളുണ്ട്.

അസ്വസ്ഥത

ഒന്നാമതായി, ഈ രണ്ട് അറിയിപ്പുകളിലും ഗബ്രിയേൽ ദൈവദൂതൻ രണ്ടു വ്യക്തികളുടെ അടുക്കലെത്തി വരുവാനിരിക്കുന്ന ഒരു ശിശുവിനെപ്പറ്റിയാണ് സംസാരിക്കുന്നത്. സാധാരണഗതിയിൽ അസാധ്യമെന്ന് തോന്നുന്ന ഒരു സംഭവത്തെക്കുറിച്ച് ദൈവദൂതൻ സംസാരിക്കുന്നതുകൊണ്ടുതന്നെ ഈ സംഭവത്തിൽ ദൂതന്റെ വാക്കുകൾ കേൾക്കുന്ന രണ്ടുപേരിലും, സഖറിയായിലും പരിശുദ്ധ അമ്മയിലും അസ്വസ്ഥതയും ഒരുപക്ഷെ ഭീതിയുമുയരുന്നുണ്ട്. (ലൂക്ക 1:11–12, 26–29). ദൂതനെ കണ്ട സഖറിയാ അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്‌തു (ലൂക്ക 1, 11–12). , എന്നും, ഈ വചനം കേട്ട് മറിയം അസ്വസ്ഥയായി, എന്താണ് ഈ അഭിവാദനത്തിന്റെ അർത്ഥം എന്ന് അവൾ ചിന്തിച്ചുവെന്നും സുവിശേഷം എഴുതിവയ്ക്കുന്നു (ലൂക്ക 1, 26–29). ദേവാലയശുശ്രൂഷയിൽ മുഴുകിയിരുന്ന ഒരു പുരോഹിതനും, നിർമ്മലയായ ഒരു കന്യകയും, ഇരുവർക്കും ദൈവദൂതന്റെ സാമീപ്യവും അവൻ പറയുന്ന വാക്കുകളും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നില്ല. ദൈവികപദ്ധതികൾ പലപ്പോഴും സാധാരണ ബുദ്ധികൊണ്ടോ, തത്വചിന്തകൾ കൊണ്ടോ മനസ്സിലാക്കാൻ എളുപ്പമാകണമെന്നില്ല എന്ന ഒരു ചിന്ത ഇവിടെ നമുക്ക് കാണാം.

ആശ്വാസവചനങ്ങൾ

സംശയത്തിലും അസ്വസ്ഥതയിലുമായ സഖറിയയെയും പരിശുദ്ധ അമ്മയെയും ആശ്വസിപ്പിക്കുന്ന ദൈവദൂതനെക്കുറിച്ചാണ് അടുത്തതായി സുവിശേഷം പറയുക (ലൂക്ക 1:13, 30). ദൈവദൂതന്റെ സാന്നിധ്യവും, അവൻ നൽകിയ സന്ദേശത്തിന്റെ പ്രാധാന്യവും രണ്ടു വ്യക്തികളുടെ ജീവിതത്തിലും അമ്പരപ്പും അസ്വസ്ഥതയും ഉളവാക്കുമ്പോൾ ദൈവദൂതൻ പറയുന്നു, "ഭയപ്പെടേണ്ട". ദൈവം മനുഷ്യന്റെ ജീവിതത്തിൽ ഇടപെടുമ്പോൾ, നന്മയിൽ ജീവിക്കുന്നവർക്ക്, നീതിയിലും വിശുദ്ധിയിലും ജീവിക്കുന്നവർക്ക് ഭയത്തിന്റെ നിഴലിൽ ജീവിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവമാണ് നമ്മിൽ പ്രവർത്തിക്കുന്നതെങ്കിൽ, അവന്റെ പദ്ധതികൾ നാശത്തിനുള്ളവയല്ല, വളർച്ചയ്ക്കും നന്മയ്ക്കുമുള്ള അനുഗ്രഹത്തിന്റെ പദ്ധതികളാണ്.

തന്റെ മുൻപിൽ അസ്വസ്ഥരായി നിൽക്കുന്ന ഇരുവരെയും ആശ്വസിപ്പിച്ചതിന് ശേഷമാണ് ദൈവദൂതൻ തന്റെ സന്ദേശമറിയിക്കുന്നത്. നിനക്ക് ഒരു പുത്രൻ ജനിക്കുവാൻ പോകുന്നു. ദൈവത്തിന്റെ പദ്ധതിയനുസരിച്ചാണ് അവരുടെ ജനനമെന്ന ഒരു ബോധ്യവും മാലാഖ സഖറിയയ്ക്കും പരിശുദ്ധ അമ്മയ്ക്കും നൽകുന്നുണ്ട്.

സംശയം

ദൈവദൂതന്റെ ആശ്വാസവാക്കുകൾക്കും, ലോകത്തിന് ആനന്ദദായകമാകേണ്ട യോഹന്നാന്റെയും യേശുവിന്റെയും ജനനത്തെക്കുറിച്ചുള്ള അറിയിപ്പുകൾക്കും ശേഷവും ഇരുവരും, സഖറിയായും പരിശുദ്ധ അമ്മയും ഈ ഒരു ദൈവികപദ്ധതിയുടെ മുന്നിൽ എതിർപ്പിന്റേതായ ഒരു സ്വരമുയർത്തുന്നുണ്ട്. സഖറിയാ ദൂതനോട് ചോദിക്കുന്നു, "ഞാൻ ഇത് എങ്ങനെ അറിയും? ഞാൻ വൃദ്ധനാണ്, എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്"  (ലൂക്ക 1, 18); പരിശുദ്ധ അമ്മയാകട്ടെ ദൂതനോട് പറയുന്നു, "ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ?" (ലൂക്ക 1, 34).

അടയാളങ്ങൾ

ദൈവദൂതന്റെ വരവിലും അവന്റെ അറിയിപ്പിലും അസ്വസ്ഥയിലായ, തിരഞ്ഞെടുക്കപ്പെട്ട ഇരുവർക്കും ഒരു അടയാളം നൽകുന്ന ദൈവദൂതനെയാണ് നാം സുവിശേഷത്തിന്റെ തുടർന്നുള്ള വചനങ്ങളിൽ കാണുക; "യഥാകാലം പൂർത്തിയാക്കേണ്ട എന്റെ വചനം അവിശ്വസിച്ചതുകൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാൻ നിനക്ക് സാധിക്കുകയില്ല" (ലൂക്ക 1, 20, 36) എന്ന് സഖറിയയോടും, "ഇതാ, നിന്റെ ചർച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവൾക്ക് ഇത് ആറാം മാസമാണ്" എന്ന് മറിയത്തോടും  (ലൂക്ക 1, 36) ദൂതൻ പറയുന്നു. ദൈവസന്നിധിയിൽ ശുശ്രൂഷ ചെയ്യുന്നവനായിട്ടും, വിശ്വാസത്തിൽ ആഴപ്പെട്ട് ദൈവികപദ്ധതികളെ മനസ്സിലാക്കി എളിമയോടെ സ്വീകരിക്കേണ്ടവനായിരുന്നിട്ടും, അവയെ സംശയിച്ച സഖറിയായ്ക്ക് അല്പകാലത്തേക്ക് ശിക്ഷയും, വിവാഹം ഉറപ്പിച്ച,  കന്യകയെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്ന, എളിമ നിറഞ്ഞ മറിയത്തിന് ഒരു സദ്‌വാർത്തയുമാണ് ദൂതൻ അടയാളമായി നൽകുക.

പ്രവാചകനും ദൈവവും

യോഹന്നാന്റെയും യേശുവിന്റെയും ജനനത്തെക്കുറിച്ചുള്ള അറിയിപ്പുകളിലെ പ്രധാനപ്പെട്ട ഒരു വ്യത്യാസം ഈ രണ്ടു ശിശുക്കളുടെയും വ്യക്തിത്വത്തിലുള്ള വ്യത്യാസമാണ്. യേശുവിന് വഴിയൊരുക്കുക, ജനത്തെ അവന്റെ വരവിനായി തയാറാക്കുക എന്ന ഉത്തരവാദിത്വം നൽകപ്പെട്ട ഒരു പ്രവാചകനായി മാറാനുള്ള ഒരു മനുഷ്യനാണ് യോഹന്നാൻ. എന്നാൽ യേശുവാകട്ടെ, ദാവീദിന്റെ മകനായി, അവന്റെ വംശത്തിൽ പിറന്ന, അവന്റെ സിംഹാസനത്തിലേറാനുള്ള രാജാവാണ് (ലൂക്ക 1, 32–33), പരിശുദ്ധനാണ്, ദൈവപുത്രനാണ് (Lk 1, 35).

ദൈവത്തിന് സ്വീകാര്യരായ മനുഷ്യരാവുക

യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള സുവിശേഷഭാഗത്ത്, ഒരു യഥാർത്ഥ ക്രൈസ്തവന്, ദൈവവിശ്വാസിക്ക് ഉണ്ടായിരിക്കേണ്ട ചില മൂല്യങ്ങൾ നമുക്ക് കണ്ടെത്താനാകും. പരിശുദ്ധ അമ്മയെക്കുറിച്ച് സുവിശേഷം പറയുക കന്യക, പുരുഷനെ അറിഞ്ഞിട്ടില്ലാത്തവൾ എന്നാണെന്ന് നാം കണ്ടു. ഓരോ ക്രൈസ്തവവിശ്വാസിക്കുമുണ്ടായിരിക്കേണ്ട ജീവിതവിശുദ്ധിയിലേക്കാണ് ഈ വാക്കുകൾ വിരൽചൂണ്ടുക. വിശുദ്ധിയും എളിമയും നിറഞ്ഞ ഹൃദയങ്ങളാണ് ദൈവത്തിന് പ്രിയപ്പെട്ട ഇടങ്ങളെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. പരിശുദ്ധ അമ്മയെക്കുറിച്ച് ദൈവദൂതൻ പറയുന്ന മറ്റു വാക്കുകളും ഓരോ ക്രൈസ്തവന്റെയും ജീവിതത്തിൽ ഓർത്തിരിക്കേണ്ടവയാണ്. "ദൈവകൃപ കണ്ടെത്തിയവരായിരിക്കണം, കൃപ നിറഞ്ഞവരായിരിക്കണം"  ഓരോ ക്രൈസ്തവരും. ദൈവം കൂടെയുള്ള ഒരു ജനമായി ഇസ്രായേൽ ജനത്തെ നാം കണ്ടിരുന്നുവെങ്കിൽ, ഓരോ ക്രൈസ്തവനും അതിലേറെ അഭിമാനിക്കാനും ആനന്ദിക്കാനും അവകാശമുണ്ട്, കാരണം, ഒരു ക്രൈസ്തവൻ ദൈവത്തിന്റെ സാന്നിധ്യത്തിൽ ജീവിക്കുന്നവൻ മാത്രമല്ല, ക്രിസ്തുവിന്റെ, ദൈവത്തിന്റെ അലയങ്ങളായി മാറുവാൻ വിളിക്കപ്പെട്ട, അവന്റെ തിരുശരീരരക്തങ്ങൾ സ്വീകരിച്ച്, അവനോട് ഒന്നായിത്തീരുവാൻ അനുഗ്രഹം ലഭിച്ച വ്യക്തികളാണ്.

രക്ഷാവാഗ്‌ദാനവും യേശുവും

ഉൽപ്പത്തിപ്പുസ്തകത്തിന്റെ മൂന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നതുപോലെ, ഹവ്വായ്ക്ക് മുതൽ, പഴയനിയമജനതയ്ക്ക് മുഴുവൻ നൽകപ്പെട്ട രക്ഷാവാഗ്ദാനത്തിന്റെ (ഉൽപത്തി 3, 8-24; ജെറമിയ 33, 14-26)  ഭാഗമായി പിറക്കുവാനിരിക്കുന്ന യേശുവിനെക്കുറിച്ചുള്ള ഈ സുവിശേഷഭാഗം നമ്മിലും സന്തോഷം നിറയ്ക്കട്ടെ. വെളിപാട് പുസ്തകത്തിൽ യോഹന്നാൻ എഴുതുന്നതുപോലെ, യൂദവംശത്തിൽനിന്നുള്ള സിംഹവും ദാവീദിന്റെ വേരുമായ, സിംഹാസനത്തിൽ ആയിരിക്കുന്നവന്റെ കൈയിലുള്ള സപ്തമുദ്രകൾ പതിച്ച പുസ്തകച്ചുരുൾ നിവർത്താനും, അതിന്റെ മുദ്രകൾ പൊട്ടിക്കാനും അർഹതയുള്ളവനാണ് (വെളിപാട് 5, 1-5) മറിയത്തിൽനിന്ന് പിറക്കുമെന്ന് ദൈവദൂതൻ വാഗ്ദാനം ചെയ്‌ത യേശുക്രിസ്തു. മാനവകുലത്തിന് മുഴുവൻ രക്ഷയേകുവാനായി വന്ന ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുവാനായി ഒരുങ്ങുന്ന ഈ നാളുകളിൽ, ദൈവത്തോട് കൂടുതൽ ചേർന്ന് ജീവിക്കാൻ, പരിശുദ്ധ അമ്മയെപ്പോലെ എളിമയും വിശുദ്ധിയും നിറഞ്ഞ ഒരു ജീവിതം നയിക്കുവാൻ ഈ വിശുദ്ധഗ്രന്ഥവായനകൾ നമ്മയും ആഹ്വാനം ചെയ്യുന്നുണ്ട്. ദൈവകൃപ നിറഞ്ഞവരായി, ദൈവം കൂടെയുള്ള, ദൈവം ഉള്ളിൽ വസിക്കുന്ന മനുഷ്യരായി, എല്ലാവര്ക്കും ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യം നൽകിക്കൊണ്ട് ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം. മാംസമായിത്തീർന്ന വചനത്തെ ഉള്ളിൽ പേറിയ, അതുവഴി ദൈവമാതാവായിത്തീർന്ന പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് തുണയാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 December 2023, 13:31