തിരയുക

നസ്രത്തിലെ തിരുക്കുടുംബം നസ്രത്തിലെ തിരുക്കുടുംബം 

ദൈവസാന്നിദ്ധ്യമുള്ള തിരുക്കുടുംബമാതൃക

ലത്തീൻ ആരാധനാക്രമപ്രകാരം തിരുക്കുടുംബത്തിന്റെ തിരുനാൾദിനത്തിലെ തിരുവചനവായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - ലൂക്ക 2, 22-40
സുവിശേഷപരിചിന്തനം ലൂക്ക 2, 22-40 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തുമസ് ആഘോഷങ്ങളുടെ തിരക്കുകൾ ഒതുങ്ങി, നമ്മിൽ പലരുടെയും ജീവിതത്തിൽ ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി, സന്തോഷസന്താപങ്ങളുടെ ഇടയിൽ ഈ ഒരു വർഷം അവസാനിക്കുമ്പോൾ, യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിന്റെയും കടുംബത്തിന്റെ, തിരുക്കുടുംബത്തിന്റെ തിരുനാൾ ഈ ഞായറാഴ്ച നമ്മൾ ആഘോഷിക്കുകയാണ്. അതുകൊണ്ടുതന്നെ ഏറെ പ്രധാനപ്പെട്ട ഒരു ദിനമാണ് ക്രിസ്തുമസിന് ശേഷമുള്ള ഈ ആദ്യ ഞായർ. ഇന്നത്തെ സമൂഹത്തിൽ കുടുംബം എന്ത്, എന്തുകൊണ്ട് കുടുംബം രൂപീകരിക്കപ്പെടണം, എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് പോലും എളുപ്പമല്ലാത്ത ഒരു സാഹചര്യത്തിൽ ഈ തിരുനാൾ ആഘോഷിക്കപ്പെടുന്നത്, ക്രൈസ്തവവിശ്വാസമനുസരിച്ച് കുടുംബം എന്തായിരിക്കണം എന്നതിലേക്ക് നമ്മുടെ ശ്രദ്ധ പ്രത്യേകമായി ക്ഷണിക്കുന്നുണ്ട്. നമ്മുടെ കുടുംബങ്ങൾ തിരുക്കുടുംബത്തിന്റെ മാതൃകയോട് എത്രമാത്രം ചേർന്നുപോകുന്നു എന്ന ഒരു ചോദ്യം കൂടി ഈ തിരുനാൾ നമുക്ക് മുൻപിൽ വയ്ക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന നിരവധിയായ വെല്ലുവിളികൾക്ക് മുൻപിൽ ദൈവത്തിന്റെ പ്രത്യേകമായ കാരുണ്യവും അനുഗ്രഹവും പ്രാർത്ഥിക്കാനുള്ള ഒരു നിമിഷം കൂടിയായി തിരുക്കുടുംബതിരുനാളിനെ നാം കാണേണ്ടതുണ്ട്.

യേശുവിന്റെ ബാല്യം

വിശുദ്ധ ലൂക്കായുടെ സുവിശേഷം രണ്ടാം അധ്യായം ഇരുപത്തിരണ്ട് മുതൽ നാൽപ്പത് വരെയുളള തിരുവചനങ്ങളാണ് ഈ ഞായറാഴ്ച വായിക്കപ്പെടുന്നത്. യേശുവിന്റെ ജനനത്തിന് ശേഷം, അവന്റെ മാതാപിതാക്കൾ ദൈവദൂതന്റെ നിർദ്ദേശപ്രകാരമുള്ള പേര് അവന് നൽകുന്നത് മുതൽ, മോശയുടെ നിയമമനുസരിച്ച് അവനെ കർത്താവിന് സമർപ്പിക്കാൻ ദേവാലയത്തിൽ കൊണ്ടുപോകുന്നതും, കർത്താവിന്റെ പരിശുദ്ധനെ കാത്ത് ദേവാലയത്തിൽ കഴിഞ്ഞിരുന്ന ശിമയോൻ സകല ജനതകൾക്കും വേണ്ടി ദൈവം ഒരുക്കിയ രക്ഷയായ യേശുവിനെ കൈകളിലെടുത്ത് ദൈവത്തെ സ്തുതിക്കുന്നതും, പരിശുദ്ധ അമ്മ സഹിക്കാനിരിക്കുന്ന വേദനയെക്കുറിച്ച് പറയുന്നതും, ദേവാലയത്തിൽ കഴിഞ്ഞിരുന്ന അന്നാ പ്രവാചിക യേശുവിന്റെ സാന്നിദ്ധ്യത്തിൽ ദൈവത്തെ സ്തുതിക്കുന്നതും ഒക്കെയാണ് ഇവിടെ നാം കണ്ടുമുട്ടുക.

ദൈവത്തിന്റെ സാന്നിദ്ധ്യമുള്ള കുടുംബം

തിരുക്കുടുംബം എന്തുകൊണ്ട് ആ പേരിന് അർഹമായി എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. ക്രിസ്തുവിന്റെ സാന്നിദ്ധ്യമാണ് യൗസേപ്പിന്റെയും മറിയത്തിന്റെയും കുടുംബത്തെ തിരുക്കുടുംബമാക്കി മാറ്റുന്നത്. മാനുഷികനീതിയെ കവച്ചുവയ്ക്കുന്ന വിശുദ്ധ യൗസേപ്പിന്റെ നീതിയോ, ദൈവത്തിന് സ്വജീവിതം പൂർണ്ണമായി വിട്ടുകൊടുക്കുന്ന പരിശുദ്ധ അമ്മയുടെ പുണ്യമോ മാത്രമല്ല, അവരുടെ കുടുംബത്തെ തിരുക്കുടുംബമായി മാറ്റുന്നത്. ഇതിനെക്കുറിച്ച് നമുക്ക് സംശയമൊന്നും വേണ്ട, കാരണം, നീതിമാന്മാരായ മനുഷ്യർ ലോകത്ത് ഏറെ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്, ജീവിതം ദൈവത്തിനായി സമർപ്പിച്ച വ്യക്തികൾ ഇതിനുമുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ ദൈവത്തിന്റെ സ്വരത്തിന് ചെവികൊടുത്ത്, രണ്ടുപേർ ഒരുമിച്ച് ചേർന്ന് മുന്നോട്ടുവരുവാൻ തീരുമാനിക്കുന്ന ഒരിടത്ത്, ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഭാഗമായി ദൈവപുത്രൻ മനുഷ്യനായി ജന്മമെടുക്കുന്നതിനാലാണ്, ആ കുടുംബം തിരുക്കുടുംബമായി മാറുന്നത്. മാനുഷികമായ തീരുമാനങ്ങൾക്കും, പ്രവൃത്തികൾക്കും ഉപരിയായി, ദൈവത്തിന്റെ തീരുമാനവും, പ്രവൃത്തിയും, സാന്നിദ്ധ്യവുമാണ് തിരുക്കുടുംബത്തെ, തിരുക്കുടുംബമാക്കി മാറ്റുന്നത്. ദൈവത്തെ മാറ്റി നിറുത്തി, എത്ര മനോഹരമായ പദ്ധതികൾ വിഭാവനം ചെയ്താലും, എത്ര ആകർഷകമായ തീരുമാനങ്ങളെടുത്തലും, എത്രമാത്രം കാരുണ്യത്തോടെ പെരുമാറിയാലും, അവിടമൊന്നും ദൈവസാന്നിദ്ധ്യം നിറഞ്ഞതാകണമെന്നില്ല എന്ന് തിരുക്കുടുംബം നമ്മെ ഓർമ്മിപ്പിക്കുന്നു. എത്ര ഔന്ന്യത്യം നിറഞ്ഞതാണെങ്കിലും, മാനുഷികമായ പരിധികൾ നിറഞ്ഞ ഈ ലോകജീവിതം, ദൈവികമാകണമെങ്കിൽ, അവിടെ ദൈവസാന്നിദ്ധ്യം ഉണ്ടാകണമെന്ന് നമുക്കോർക്കാം, അതിനായി അദ്ധ്വാനിക്കാം.

ക്രിസ്തുവിന്റെ സാന്നിദ്ധ്യമാണ് ജോസഫിന്റെയും മേരിയുടെയും കുടുംബത്തെ തിരുക്കുടുംബമാക്കി മാറ്റുന്നത് എന്നത് നാം അംഗീകരിക്കുമ്പോൾത്തന്നെ, ക്രിസ്തുവിന്റെ വളർത്തച്ഛനെന്ന നിലയിലും, അമ്മയെന്ന നിലയിലും അവരിരുവരും യേശുവിനെ എപ്രകാരം വളർത്തി എന്നതും ഇന്ന് നാം ചിന്തിക്കേണ്ട വിഷയമാണ്. ദൈവം ദൂതൻ വഴി നൽകിയ നിർദ്ദേശമനുസരിച്ച് തങ്ങളുടെ ശിശുവിന് പേരിടുന്ന അവരുടെ വിധേയത്വം, അവനെ മോശയുടെ, യഹൂദ നിയമമനുസരിച്ച് കർത്താവിന് സമർപ്പിക്കുന്ന അവരുടെ മതാത്മികത, ജ്ഞാനം നിറഞ്ഞവനായി വളരാൻ അവനെ ഒരുക്കിയ അവരുടെ ഉത്തരവാദിത്വബോധം, അങ്ങനെ ജോസഫിന്റെയും മറിയത്തിന്റെയും മാനുഷികമായ ഏറെ പ്രധാനപ്പെട്ട ചില പ്രവൃത്തികളും അവരുടെ കുടുംബം തിരുക്കുടുംബമായി മാറാൻ കാരണമാകുന്നുണ്ട് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

നമ്മുടെ കുടുംബങ്ങൾ തിരുക്കുടുംബങ്ങളാണോ?

തിരുക്കുടുംബത്തിന്റെ തിരുനാൾ ആഘോഷം നമ്മുടെ മുന്നിൽ വയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വിളി, നമ്മുടെ കുടുംബങ്ങളും തിരുക്കുടുംബം പോലെ, ദൈവസാന്നിദ്ധ്യത്തിന് യോജിച്ച ഇടങ്ങളാക്കി, ദൈവസാന്നിദ്ധ്യമുള്ള ഇടങ്ങളാക്കി മാറ്റാനുള്ള ഒരു വിളിയാണ്. വലിയ ദൈവ, തത്വശാസ്ത്ര ചിന്തകളിലേക്ക് പോകാനുള്ള ഒരു സമയമായി നമ്മുടെ ഈ വിചിന്തനം മാറേണ്ടതില്ല, മറിച്ച് ദൈവകേന്ദ്രീകൃതമായ ഇടങ്ങളായി നമ്മുടെ കുടുംബങ്ങൾ മാറുന്നുണ്ടോ എന്ന പരമപ്രധാനമായ ഒരു ചിന്തയിലേക്ക് നമ്മുടെ ചിന്തകളെ കേന്ദ്രീകരിക്കാനുള്ള ഒരു സമയമാണ് ഈ തിരുനാൾ. നമ്മുടെ തീരുമാനങ്ങളും, പ്രവൃത്തികളുമൊക്കെ എത്രമാത്രം ദൈവോന്മുഖമാണ് എന്ന ഒരു ചിന്തയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ദൈവഹിതമറിയാനും, അതനുസരിച്ച് ജീവിതങ്ങളെ മാറ്റാനും നമ്മുടെ വ്യക്തിജീവിതങ്ങളിലും കുടുംബജീവിതങ്ങളിലും നാം എന്തുമാത്രം ശ്രമം നടത്തുന്നുണ്ട്? നമ്മുടെ സ്നേഹത്തിലും, കാരുണ്യത്തിലും, സഹായപ്രവൃത്തികളിലും എന്തുമാത്രം ദൈവത്തിന്റെ സാന്നിദ്ധ്യമുണ്ട്? ദൈവികതയെക്കാൾ മാനവികതയ്ക്ക് പ്രാധാന്യം കൊടുത്ത്, സ്വയം ദൈവങ്ങളാകാൻ, ദൈവത്തെക്കാൾ മിടുക്കന്മാരും മിടുക്കികളുമാകാൻ ശ്രമിക്കുന്നവരാണോ നാം? ദൈവം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്ന സമർപ്പണവും, സ്നേഹവും, വിശ്വാസവുമൊക്കെ നമ്മുടെ കുടുംബങ്ങളിൽ വളരുവാനും, അവയുടെ സത്‌ഫലങ്ങൾ മറ്റുള്ളവർക്ക് കൂടി ക്രൈസ്തവസാക്ഷ്യമായി മാറുവാനും നാം ദൈവത്തോട് സഹകരിക്കുന്നുണ്ടോ? നമ്മുടെ കുടുംബപ്രാർത്ഥനകളും, സഭാത്മക-കൗദാശികജീവിതവും ഉൾപ്പെടെയുള്ള പ്രവൃത്തികളിലൂടെ, നമ്മുടെ കുടുംബങ്ങളിൽ ദൈവസാന്നിദ്ധ്യമുണ്ടെന്ന് മറ്റുള്ളവർക്കുകൂടി കാണിച്ചുകൊടുക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ? നമ്മുടെ കുടുംബങ്ങളിൽ, ജ്ഞാനത്തിലും, വിശ്വാസത്തിലും, ദൈവകൃപയിലും കുട്ടികളെ മാത്രമല്ല, ഓരോ അംഗങ്ങളെയും, വളർന്നുവരുവാൻ സഹായിക്കുന്ന ഒരു മാതൃകാപരമായ ജീവിതം നയിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ?

വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ഇടമായ ക്രൈസ്തവകുടുംബം

സുവിശേഷത്തിൽ നമ്മൾ കണ്ടുമുട്ടുന്ന നീതിമാനും ദൈവഭക്തനുമായ ശിമെയോന്റെയും, അന്ന എന്ന പ്രവാചികയുടെയും സാന്നിദ്ധ്യവും നമുക്ക് മുന്നിലുണ്ട്. വിശുദ്ധഗ്രന്ഥത്തിൽ നാം കണ്ടുമുട്ടുന്ന മറ്റു പല വിശുദ്ധജീവിതങ്ങളും പോലെ, ദൈവത്തിന്റെ വാഗ്ദാനങ്ങൾ പൂർത്തിയാക്കപ്പെടുമെന്ന വിശ്വാസത്തിന്റെ ഉദാഹരണങ്ങൾ കൂടിയാണ് ഈ രണ്ടു പേരുടെയും ജീവിതം. മരിക്കുന്നതിന് മുൻപ് കർത്താവിന്റെ അഭിഷിക്തനെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയുണ്ടായിരുന്ന ശിമെയോനും, ദേവാലയത്തിൽ തന്റെ ജീവിതം ചിലവഴിച്ചിരുന്ന വിധവയായ അന്ന എന്ന പ്രവാചികയും നമ്മെ ക്ഷണിക്കുന്നതും, അവരുടെ മാതൃകയിൽ, വിശ്വാസത്തോടെയും പ്രതീക്ഷയോടെയും ജീവിതത്തിൽ മുന്നോട്ടുപോകാനാണ്. അതുപോലെ, ജോസഫിനെയും മറിയത്തെയും പോലെ, ദൈവഹിതത്തിനു കീഴ്‌വഴങ്ങി, ജീവിതം ദൈവത്തിനായി സമർപ്പിച്ച്, ദൈവികപദ്ധതികളനുസരിച്ച് ജീവിക്കുന്ന, ദൈവസാന്നിദ്ധ്യമുള്ള മനുഷ്യരുടെ ജീവിതങ്ങളെ ഓർത്ത് സമൂഹത്തിനും ലോകത്തിനും മുൻപിൽ ദൈവത്തിന് നന്ദി പറയാനും, സ്തുതിക്കുവാനും കൂടി അവരുടെ ജീവിതങ്ങൾ നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്.

ക്രൈസ്തവകുടുംബങ്ങൾ മാതൃകാ കുടുംബങ്ങളാകണം

തിരുക്കുടുംബത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിവസത്തിൽ, ക്രൈസ്തവജീവിതത്തിൽ മുന്നേറാനുള്ള നമ്മുടെ വിളി നമുക്ക് പുതുക്കാം. കുടുംബങ്ങളുടെ പവിത്രതയും, മഹത്വവും, വിശുദ്ധിയും, എന്തിന് ഘടന പോലും ചോദ്യം ചെയ്യപ്പെടുന്ന നമ്മുടെ ഈ കാലത്ത്, ദൈവം, തന്റെ തിരുസുതനായ ക്രിസ്തുവിന്റെ സാന്നിധ്യമുള്ള, യൗസേപ്പിന്റെയും മറിയത്തിന്റെയും കുടുംബമാതൃകയിലൂടെ നമുക്ക് മുന്നിൽ വയ്ക്കുന്ന മൂല്യങ്ങളെ മുറുകെപ്പിടിക്കുകയും ലോകത്തിന് മുന്നിൽ ധൈര്യപൂർവ്വം സാക്ഷ്യപ്പെടുത്തുകയും ചെയ്യാം. ദൈവഹിതം അനുസരിച്ച് ജീവിക്കുന്ന, അവന്റെ തീരുമാനത്തിന് സ്വയം സമർപ്പിച്ച്, സ്ത്രീയും പുരുഷനും ചേർന്ന് രൂപീകരിക്കുന്ന, ദൈവം തങ്ങൾക്ക് നൽകുന്ന മക്കളെ ദൈവവിശ്വാസത്തിലും, ജ്ഞാനത്തിലും വളർത്തി, ലോകത്തിന് മുൻപിലെ നേട്ടങ്ങളെക്കാൾ ദൈവകൃപയിൽ വളരാൻ അവരെ ഒരുക്കുന്ന, വിശുദ്ധിയുടെ ഇടങ്ങളായി ക്രൈസ്തവകുടുംബങ്ങൾ വളരട്ടെ. പങ്കാളിയുടെമേൽ ആധിപത്യം സ്ഥാപിക്കാനെന്നതിനേക്കാൾ പങ്കാളിയെയും മക്കളെയും വളർത്താൻ, സ്വയം വലുതാകാൻ എന്നതിനേക്കാൾ എളിമപ്പെടാൻ, കടുംബത്തിന് ആനന്ദത്തിനും, അഭിമാനത്തിനും കാരണക്കാരനും കാരണക്കാരിയുമാകാൻ, പ്രത്യാശയുടെയും വിശ്വാസത്തിന്റെയും ഒരു ജീവിതമാതൃക നയിക്കാൻ, ഏറ്റവും ഉപരിയായി, ദൈവത്തിന് വാസയോഗ്യമായ ഇടങ്ങളാക്കി കുടുംബങ്ങളെ ഉത്തരവാദിത്വബോധത്തോടെ വളർത്താൻ പരിശ്രമിക്കാം. തിരുക്കുടുംബത്തിന്റെ നാഥനായ വിശുദ്ധ യൗസേപ്പിന്റെയും, ദൈവമാതാവായ പരിശുദ്ധ അമ്മയുടെയും പ്രാർത്ഥനകളും, മാദ്ധ്യസ്ഥ്യവും, സാന്നിദ്ധ്യവും നമ്മുടെ കുടുംബങ്ങളിലുണ്ടാകട്ടെ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 December 2023, 17:57