തിരയുക

തിരുക്കുടുംബം തിരുക്കുടുംബം 

പൂർണ്ണമായ ജീവിതസമർപ്പണം ആവശ്യപ്പെടുന്ന ക്രിസ്തുമസ്

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ മംഗളവാർത്തക്കാലം നാലാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം.
സുവിശേഷപരിചിന്തനം Mathew 1, 18-24 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഉണ്ണീശോയുടെ പിറവിക്ക് ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കെ, മംഗളവർത്തക്കാലത്തിലെ ഈ നാലാം ഞായറാഴ്ച, മുഴുവൻ മാനവികതയ്ക്കും, ലോകത്തിന് മുഴുവനും രക്ഷകനായി കടന്നുവന്ന ക്രിസ്തുവിന്റെ, എമ്മാനുവേലിന്റെ ജനനത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് വിശുദ്ധ മത്തായി എഴുതിവയ്ക്കുന്ന സുവിശേഷഭാഗമാണ് നമ്മുടെ വിചിന്തനത്തിനായി സഭ നിർദ്ദേശിച്ചിരിക്കുന്നത്. മത്തായിയുടെ സുവിശേഷം ഒന്നാം അദ്ധ്യായം പതിനെട്ട് മുതൽ ഇരുപത്തിനാല് വരെയുളള ഭാഗത്ത്, വിവാഹം ഉറപ്പിച്ചിരുന്ന രണ്ടു വ്യക്തികളുടെ ജീവിതത്തിൽ ദൈവം പ്രത്യേകമായി ഇടപെടുന്നതിന്റെ ചരിത്രമാണ് നാം വായിക്കുന്നത്. യേശുക്രിസ്തുവിന്റെ മാതാവായ മറിയവും, അവളുടെ ഭർത്താവാകാനായി വിവാഹമുറപ്പിച്ചിരുന്ന വിശുദ്ധ യൗസേപ്പും, ഈ രണ്ടുപേരുടെയും ജീവിതത്തിൽ ദൈവത്തിന്റെ സന്ദേശമേകുന്ന കർത്താവിന്റെ ദൂതനും. ഉൽപ്പത്തിപ്പുസ്തകം മുതൽ വിശുദ്ധഗ്രന്ഥത്തിന്റെ വിവിധഭാഗങ്ങളിൽ രേഖപ്പെടുത്തപ്പെട്ട രക്ഷയുടെ വാഗ്ദാനത്തിന്റെ ഭാഗമായി, ഇസ്രായേൽജനത്തിന്റെ യഥാർത്ഥ മോചനത്തെക്കുറിച്ചുള്ള പ്രവചനങ്ങളുടെ പൂർത്തീകരണമായി, ക്രിസ്‌തു പിറക്കുമ്പോൾ, വിശുദ്ധ യൗസേപ്പിന്റെയും പരിശുദ്ധ അമ്മയുടെയും ജീവിതത്തിലെന്നപോലെ, നമ്മുടെ ജീവിതങ്ങളിലും ഉണ്ടാകേണ്ട ചില പ്രത്യേകതകളിലേക്കുകൂടിയാണ് സുവിശേഷം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

നീതിമാനായ വിശുദ്ധ യൗസേപ്പ്

ദൈവപുത്രനായ ഈശോയുടെ വളർത്തുപിതാവ് എന്ന സ്ഥാനത്തേക്ക് ദൈവം തിരഞ്ഞെടുക്കുന്നത് നിയമത്തിന്റെ നൂലാമാലകൾക്കും, ആനുകൂല്യങ്ങൾക്കും അപ്പുറം ചിന്തിക്കുന്ന നീതിമാനായ ഒരു മനുഷ്യനെയാണ്. ലോകത്തിന് മുൻപിൽ നീതിമാൻ എന്ന വാക്കിന്, ഇത്രയധികം അർത്ഥം നൽകുന്ന മറ്റു മനുഷ്യർ ഏറെയില്ല. അനീതി ചെയ്യാതിരിക്കുക, അവകാശങ്ങൾക്കനുസരിച്ച്, അർഹതപ്പെട്ടത്‌ മാത്രം സ്വന്തമാക്കുക എന്നതിലേക്ക് മാത്രം ഒതുങ്ങുന്ന ഒരു നീതിബോധമല്ല വിശുദ്ധ യൗസേപ്പിന്റേതെന്ന് നാം സുവിശേഷത്തിൽ കാണുന്നുണ്ട്. തന്റെ ഭാര്യയാകാൻ തിരഞ്ഞെടുക്കപ്പെട്ട്, അതിനായി സമ്മതമേകിയവൾ ഇതാ, വിവാഹത്തിന് മുൻപ്, തന്നിൽനിന്നലാതെ ഗർഭിണിയായിരിക്കുന്നു. സ്നേഹിച്ച കൂട്ടുകാരിയോ കൂട്ടുകാരനോ ഉപേക്ഷിച്ചുപോകുകയോ, മറ്റൊരാളെ ജീവിതത്തിലേക്ക് തിരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ, ഉൾക്കൊള്ളാൻ സാധിക്കാത്ത, അവരുടെ ജീവിതം പോലും എടുക്കാനും, സ്വന്തം ജീവിതം അവസാനിപ്പിക്കാനും തയ്യാറാകുന്ന ആളുകളുള്ള നമ്മുടെ ഈ ലോകത്തിന് മുൻപിൽ വിശുദ്ധ യൗസേപ്പിന്റെ നീതിബോധവും മനഃസാന്നിദ്ധ്യവും ഏറെ തിളങ്ങിനിൽക്കുന്നുണ്ട്.

വിവാഹത്തിന് മുൻപ് ഗർഭിണിയായി കാണപ്പെട്ട മറിയത്തെ പരസ്യമായി ഉപേക്ഷിക്കാൻ മാത്രമല്ല, നിയമത്തിന് മുൻപിലെത്തിച്ച് അപമാനിക്കാനും, തന്റെ നിഷ്‌കളങ്കത തെളിയിക്കാനും എല്ലാ സാധ്യതകളും നിലനിൽക്കുമ്പോൾ, ദാവീദിന്റെ പുത്രനും നീതിമാനുമെന്ന് സുവിശേഷം വിശേഷിപ്പിക്കുന്നവനുമായ വിശുദ്ധ യൗസേപ്പ്, മറിയത്തെ അപമാനിതയാക്കാൻ ഇഷ്ടപ്പെടാതെ, അവളെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. വ്യഭിചാരക്കുറ്റം ആരോപിക്കപ്പെട്ട സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുമ്പോൾ, അവൾ മാത്രമല്ല, അവൾക്കൊപ്പം അവളുടെ ഉള്ളിൽ വളരുന്ന ഒരു ശിശുകൂടിയാണ് മരിക്കുന്നതെന്ന് പോലും ചിന്തിക്കാത്ത ഒരു സമൂഹത്തിന് മുൻപിലാണ്, തനിക്കുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവളെ വേണ്ടന്ന് വയ്ക്കാനും അവളുടെയും ജനിക്കാനിരിക്കുന്ന ശിശുവിന്റെയും ജീവിതങ്ങളെ സംരക്ഷിക്കാനും യൗസേപ്പ് തയ്യാറാകുന്നത്. ദൈവപുത്രന്റെ വളർത്തുപിതാവാകുവാൻ തിരഞ്ഞെടുക്കപ്പെട്ടവൻ ദൈവികമായ നീതിയോട് അടുത്ത് നീതി പുലർത്തുന്നവനാണെന്നത് നാം ഇവിടെ തിരിച്ചറിയുന്നു. പാപികളോടും, ബലഹീനരോടും കരുണയോടെ പെരുമാറുന്ന, അവരെ തിരികെ ജീവന്റെ പാതയിലേക്ക് കരം പിടിച്ചു നടത്തുന്ന യേശുക്രിസ്‌തുവിന്റെ വളർത്തുപിതാവാകുവാൻ യൗസേപ്പിനെ തിരഞ്ഞെടുത്തതും ഇതേ കാരണത്താലായിരിക്കാമെന്ന് നമുക്ക് അനുമാനിക്കാനാകും.

ദൈവഹിതത്തിന് വഴങ്ങുന്ന ജീവിതങ്ങൾ

സുവിശേഷഭാഗത്ത് നാം കാണുന്ന രണ്ടു വ്യക്തിത്വങ്ങൾ പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പും, തങ്ങളുടെ ജീവിതത്തെ, തീരുമാനങ്ങളെ, ആഗ്രഹങ്ങളെ എല്ലാം, ദൈവത്തിന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റുവാനും, ത്യാഗങ്ങൾ ഏറ്റെടുക്കുവാനും തയ്യാറായവരാണ് എന്നതാണ് നമുക്ക് കാണാനാകുന്നത്. പരിശുദ്ധ അമ്മയോട് ദൈവദൂതൻ മംഗളവാർത്ത അറിയിക്കുമ്പോഴാകട്ടെ, വിശുദ്ധ യൗസേപ്പിനോട് ഈശോയുടെ, എമ്മാനുവേലിന്റെ ജനനത്തെക്കുറിച്ച് അറിയിക്കുമ്പോഴാകട്ടെ, ഇരുവരും ദൈവഹിതം എതിർപ്പുകളില്ലാതെ സ്വീകരിക്കുന്നതാണ് നാം കാണുക. കന്യകയായിരുന്നിട്ടും അമ്മയാകാനായി ദൈവം തന്നെ തിരഞ്ഞെടുത്തപ്പോൾ, ജീവിതം ദൈവപുത്രനായി സമർപ്പിക്കുവാൻ മാതാവ് തയ്യാറാകുന്നത് നാം കാണുന്നുണ്ട്. ഈശോയുടെ ജനനം മുതൽ മരണം വരെ, അവന്റെ ഒപ്പം, സന്തോഷത്തിന്റെയും സഹനത്തിന്റെ ദിനങ്ങളിൽ കൂടെയായിരിക്കുവാൻ ആദ്യ ശിഷ്യകൂടിയായ പരിശുദ്ധ കന്യക തയ്യാറാകുന്നത് നാം സുവിശേഷത്തിലൂടെ വായിച്ചറിയുന്നുണ്ട്.

വിശുദ്ധ യൗസേപ്പും മുൻപ് നാം കണ്ടതുപോലെ, മനുഷ്യത്വത്തിനപ്പുറം കടക്കുന്ന വലിയ നീതി നിറഞ്ഞ തീരുമാനമെടുത്തവനാണ്. തനിക്ക് ഭാര്യയാകേണ്ടിവന്നവൾ, തന്നിൽനിന്നല്ലാതെ ഒരു മകന് ജന്മമേകുമെന്നത് ദൈവഹിതമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, സ്വന്തം തീരുമാനങ്ങൾ തിരുത്താനും, മറിയത്തിനും അവളിൽനിന്ന് പിറക്കുന്ന ശിശുവിനും സംരക്ഷകനായി തന്റെ ജീവിതം തുടരാനും ദൈവപുത്രന്റെ വളർത്തുപിതാവായ യൗസേപ്പ് തീരുമാനിക്കുന്നു.

അനുസരണത്തിന്റെ, ദൈവഹിതത്തിന് സ്വയം വിട്ടുകൊടുക്കലിന്റെ, ജീവിതം സമർപ്പിക്കലിന്റെ ഇടങ്ങളിലാണ് ദൈവം മനുഷ്യനായി പിറക്കുന്നത്. ഉണർന്നിരിക്കുമ്പോൾ ദൂതൻ നൽകുന്ന സന്ദേശത്തെ ശ്രവിച്ച്, ഹൃദയത്തിൽ സൂക്ഷിച്ച്, അംഗീകരിച്ച്, അതനുസരിച്ച് ജീവിക്കുന്ന പരിശുദ്ധ അമ്മയെക്കാൾ ആഴമേറിയ വിശ്വാസത്തോടെയായിരിക്കണം വിശുദ്ധ യൗസേപ്പ്, സ്വപ്നത്തിൽ കർത്താവിന്റെ ദൂതൻ നൽകുന്ന സന്ദേശത്തെ സ്വീകരിക്കുന്നത്. തന്റെ ഭാര്യയാകേണ്ടിയിരുന്നവൾക്കും, അവളിൽനിന്ന് ജനിക്കുവാനിരിക്കുന്ന ശിശുവിനുമായി സ്വജീവിതം സമർപ്പിക്കാനും, തന്റെ ആഗ്രഹങ്ങളും തീരുമാനങ്ങളും വേണ്ടെന്നു വയ്ക്കുവാനും യൗസേപ്പ് തയ്യാറാകുമ്പോൾ, നമ്മുടെ ജീവിതങ്ങളെക്കുറിച്ച് ഒരു വിചിന്തനം നടത്താൻ കൂടി വചനം നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ആരുടെ സ്വപ്നങ്ങളാണ് നിങ്ങളും ഞാനും ജീവിക്കുന്നത്? എന്റെ സ്വാർത്ഥതയ്ക്ക് മുന്നിൽ ദൈവഹിതത്തിന് ഞാൻ എന്തുമാത്രം പ്രാധാന്യം നൽകുന്നുണ്ട്? എന്നിൽ പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിന്റെയും സമർപ്പണം എന്തുമാത്രം ഞാൻ ജീവിക്കുന്നുണ്ട്?

എമ്മാനുവേൽ - ദൈവം നമ്മോടുകൂടെ

പരിശുദ്ധ അമ്മയിൽനിന്ന് പിറക്കുന്ന ശിശുവിന്, യേശു എന്ന് പേരിടാനാണ് ദൈവദൂതൻ കൽപ്പിക്കുന്നത്. എന്നാൽ അതേസമയം, "കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, ദൈവം നമ്മോടുകൂടെ എന്നർത്ഥം വരുന്ന എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും എന്ന് കർത്താവ് പ്രവാചകൻ മുഖേന അരുളിച്ചെയ്തതു പൂർത്തിയാകാൻവേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത് എന്ന് വിശുദ്ധ മത്തായി സുവിശേഷത്തിൽ എഴുതിവയ്ക്കുന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകം ഏഴാം അധ്യായം പതിനാലാം വാക്യത്തിൽ നാം ഈ പ്രവചനം കാണുന്നുണ്ട്. വിശുദ്ധ മത്തായിയുടെ തന്നെ സുവിശേഷം ഇരുപത്തിയെട്ടാം അദ്ധ്യായത്തിൽ ഉത്ഥിതനായ ക്രിസ്തു തന്റെ ശിഷ്യർക്ക് നൽകുന്ന വാഗ്ദാനവും ഇതിനോട് ചേർന്ന് നമുക്ക് വായിക്കാൻ സാധിക്കും: "യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും" (മത്തായി 28, 20).

ലോകത്തിന്റ മുഴുവൻ രക്ഷയ്ക്കായി കടന്നുവന്ന ദൈവപുത്രനാണ് യേശുക്രിസ്തുവെന്ന് നാം ആഘോഷിക്കാനിരിക്കുന്ന ക്രിസ്തുമസ് ഈ ദിവസങ്ങളിൽ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. എന്നാൽ, പരിശുദ്ധ അമ്മയുടെ ഉദരത്തിൽ മനുഷ്യനായിപ്പിറന്ന ദൈവപുത്രനായ യേശു, എന്നും നമ്മോടൊത്ത് വസിക്കുന്ന ദൈവമാണെന്ന്, എമ്മാനുവേലാണെന്ന് നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നതും നാം ഓർത്തിരിക്കേണ്ടതുണ്ട്. ഉണ്ണീശോയ്ക്കായി ഒരുക്കുന്ന പുൽക്കൂട് നമ്മുടെ ഹൃദയങ്ങളിലാണ് ഒരുക്കേണ്ടതെന്ന് നമുക്കോർക്കാം. ദൈവഹിതത്തിന് തങ്ങളെത്തന്നെ വിട്ടുനൽകുന്ന പരിശുദ്ധ അമ്മയെയും വിശുദ്ധ യൗസേപ്പിനെയും പോലെ നമ്മെത്തന്നെ ദൈവത്തിനായി നൽകാൻ ഈ ദിനങ്ങളിൽ നമുക്ക് പരിശ്രമിക്കാം. വിശുദ്ധ യൗസേപ്പിന്റെ മാതൃകയിൽ, നാം കണ്ടുമുട്ടുന്ന വ്യക്തികളിലെ കുറവുകളും കുറ്റങ്ങളും പൊറുക്കുകയും മറക്കുകയും ചെയ്യുന്ന, ഉദാത്തമായ നീതിബോധം സ്വന്തമാക്കാം. മറിയത്തിന്റെ കൃതജ്ഞതയോടെ ഗീതം പോലെ ജീവിതം മുഴുവൻ ദൈവസ്തുതിയുടെ ഗീതമാക്കി മാറ്റാം. ഇനിയുള്ള മണിക്കൂറുകൾ പ്രാർത്ഥനയുടേതാകട്ടെ, ജീവിതസമർപ്പണത്തിന്റേതാകട്ടെ. ക്രിസ്‌തുവിനെ ഉള്ളിൽ സ്വീകരിച്ച്, പരിശുദ്ധ അമ്മയെപ്പോലെ അവനെ ലോകത്തിന് നൽകാൻ, തിരുക്കുടുംബത്തിന്റെ മാദ്ധ്യസ്ഥ്യം നമുക്ക് തേടാം. ഈശോയുടെ അനുഗ്രഹീതമായ സാന്നിദ്ധ്യമനുഭവിച്ച്, പരിശുദ്ധരായി ജീവിക്കാനും രക്ഷകന്റെ സന്ദേശം ലോകത്തിന് നൽകുവാനും ദൈവം നമ്മെ യോഗ്യരാക്കട്ടെ. ക്രിസ്തുമസ് നമുക്കേവർക്കും സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും അനുഭവമായി മാറാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 December 2023, 18:18