തിരയുക

കാത്തിരിപ്പിന്റെ സമയം കാത്തിരിപ്പിന്റെ സമയം  (©eyetronic - stock.adobe.com)

സദാ ജാഗരൂകരായി ദൈവത്തിനായി കാത്തിരിക്കുക

ലത്തീൻ ആരാധനാക്രമപ്രകാരം ആഗമനകാലം ഒന്നാം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്‌ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം - മർക്കോസ് 13, 33-37
സുവിശേഷപരിചിന്തനം മർക്കോസ് 13, 33-37 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

യേശുക്രിസ്തുവിന്റെ ജനനത്തിനായി ഒരുങ്ങുന്ന ആഗമനകാലത്തെ ആദ്യ ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകൾ ഒരുക്കത്തോടെ ദൈവത്തെ കാത്തിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് നമ്മെ ഉദ്ബോധിപ്പിക്കുന്നത്. സദാ ജാഗരൂകരായിരിക്കുവാനുള്ള ക്രിസ്തുവിന്റെ ക്ഷണം, വിശുദ്ധ മത്തായി (24, 36-44), മർക്കോസ് (13, 33-37) സുവിശേഷകന്മാർ രേഖപ്പെടുത്തുന്ന ഒരു സുവിശേഷഭാഗമാണ്. ഇപ്പോഴും ജാഗ്രതയോടെ ഒരുങ്ങി, ചുമതലകൾ നിർവ്വഹിച്ച്, ദൈവത്തിനായി കാത്തിരിക്കുക. അവന്റെ വരവ് എപ്പോഴാണെന്ന് നമുക്കറിയില്ലല്ലോ എന്ന് തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നു.

യാത്രയാകുന്ന ഗൃഹനാഥനും ഉത്തരവാദിത്വമുള്ള സേവകരും

തന്റെ ഭവനം വിട്ട് ദൂരെദേശത്തേക്ക് യാത്ര പുറപ്പെടുന്ന ഒരു ഗൃഹനാഥന്റെയോ യജമാനന്റെയോ ഒക്കെ ചിത്രം യേശു പലപ്പോഴും ഉപയോഗിക്കുന്നത് സുവിശേഷങ്ങളിൽ നാം കാണുന്നുണ്ട്. മത്തായി, ലൂക്ക സുവിശേഷകർ രേഖപ്പെടുത്തുന്ന താലന്തുകളുടെ ഉപമയിലും ഇതേ പശ്ചാത്തലം നമുക്ക് കാണാം. തന്റെ ഭൃത്യർക്ക് വ്യക്തമായ ചുമതലകൾ ഏൽപ്പിച്ചാണ് ഗൃഹനാഥൻ പോകുന്നത്. സേവകർക്ക് അവരുടെ ചുമതലയും കാവൽക്കാരന് ഉണർന്നിരിക്കാനുള്ള കൽപ്പനയും നൽകുന്നതുപോലെ (മർക്കോസ് 13, 34) എന്നാണ് മർക്കോസ് എഴുതുന്നത്. തന്റെ ഭൃത്യരിൽ വിശ്വാസമുള്ള ഒരു യജമാനനെയാണ് നമുക്ക് ഇവിടെയും താലന്തുകളുടെ ഉപമയിലുമൊക്കെ കാണാനാവുക. ഉദാസീനരാകാതെ, എപ്പോഴും യജമാനന്റെ, ഗൃഹനാഥന്റെ തിരിച്ചുവരവും പ്രതീക്ഷിച്ച്, ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റി കാത്തിരിക്കാൻ വിളിക്കപ്പെട്ട ജോലിക്കാർക്കുണ്ടായിരിക്കേണ്ട കർത്തവ്യബോധത്തിലേക്കാണ് ഈ സുവിശേഷഭാഗങ്ങൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുക. ഗൃഹനാഥൻ എപ്പോൾ വന്നാലും, സന്ധ്യയ്ക്കോ, അർധരാത്രിക്കോ, കോഴി കൂവുമ്പോഴോ രാവിലെയോ, ഏതു സമയത്ത് തിരികെ വന്നാലും, ഉത്തരവാദിത്വപരമായി തങ്ങളുടെ ജോലികൾ ചെയ്യുന്ന സേവകരെയാണ് കാണേണ്ടതെന്ന് വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. ജാഗരൂകരായി യജമാനനായി കാത്തിരിക്കുക.

ഉത്തരവാദിത്വം മറന്ന് ജീവിക്കുന്നവർ

ജോലികൾ സേവകരെ ഏൽപ്പിച്ചുപോയ വീട്ടുടമസ്ഥനാകട്ടെ, മണവാളനെ കാത്തിരിക്കുന്ന പത്തു കന്യകമാരാകട്ടെ, താലന്തുകൾ ഏൽപ്പിക്കപ്പെട്ട സേവകരാകട്ടെ, എല്ലാം നമ്മെ ഓർമ്മിപ്പിക്കുന്നത് ഉത്തരവാദിത്വത്തോടെയുള്ള ഒരു ജീവിതശൈലിയാണെങ്കിൽ, ഇതേ പശ്ചാത്തലം ജീവിതത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ചും ജീവിതത്തിലുണ്ടാകാവുന്ന പ്രലോഭനങ്ങളെക്കുറിച്ചും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. എപ്പോഴാണ് യജമാനൻ തിരികെ വരിക എന്നറിയാത്ത സേവകരിൽ ഉണ്ടായേക്കാവുന്ന ഒരു പ്രലോഭനം, ജീവിതത്തെ കുറച്ച് ലാഘവത്വത്തോടെ കാണാനുള്ള ചിന്തയാണ്. ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാൻ ഇനിയും സമയമുണ്ട്, ഒരൽപം വിശ്രമിക്കാനുള്ള അവസരമാണ്, ആരും അറിയുകയില്ല, പിന്നീടാകാം, അങ്ങനെ നാളെയെ മറന്നു ജീവിക്കുവാനുള്ള ഒരു വലിയ പ്രലോഭനം നമുക്ക് മുന്നിലുണ്ട്. ചിലരെങ്കിലും അവയിൽ വീണുപോവുകയും ചെയ്തേക്കാം. ജീവിതത്തിന്റെ ഉദാസീനതകൾ, ചെയ്യരുതാത്ത തെറ്റുകൾ, അവിശ്വസ്‌തമായ ജീവിതം, സൗകര്യപൂർവ്വം മറന്നുപോകുന്ന, അവഗണിക്കുന്ന ഉത്തരവാദിത്വങ്ങൾ, അങ്ങനെ, ഒരുക്കത്തോടെ ജീവിക്കുന്നതിൽനിന്ന് നമ്മെ മാറ്റി നിറുത്തുന്ന തെറ്റുകളും കുറവുകളും ഒഴിവാക്കി, എപ്പോഴും ഏതു നിമിഷവും, നമ്മുടെ നാഥനായ ദൈവത്തിനായി കാത്തിരിക്കുക എന്ന ഒരു വിളിയാണ് സുവിശേഷം നമുക്ക് മുന്നിൽ വയ്ക്കുന്നത്. "ശ്രദ്ധാപൂർവ്വം ഉണർന്നിരിക്കുവിൻ. സമയം എപ്പോഴാണെന്ന് നിങ്ങൾക്കറിവില്ലല്ലോ" (മത്തായി 13, 33) എന്ന് യേശു ഉദ്ബോധിപ്പിക്കുന്നു.

ക്രിസ്തുവിന്റെ വരവിനായി കാത്തിരിക്കുന്ന ആദിമസഭ

യേശുവിന്റെ മരണ, ഉത്ഥാനങ്ങൾക്ക് ശേഷം എല്ലാത്തിന്റെയും അവസാനം കുറിച്ചുകൊണ്ട്, യേശു വീണ്ടും ഉടൻ തിരികെ വരുമെന്ന ഒരു വിശ്വാസം ആദിമക്രൈസ്തവസഭയിലുണ്ടായിരുന്നു. എന്നാൽ യേശു സുവിശേഷത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട്, "ആ  ദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാർക്കും, സ്വർഗത്തിലുള്ള ദൂതന്മാർക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ" (മത്തായി 13, 32)

കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം ഒന്നാം അദ്ധ്യായത്തിൽ, യേശുക്രിസ്തുവിന്റെ ദിനത്തിലേക്കായി കുറ്റമറ്റവരായി നിങ്ങളെ ദൈവം പരിപാലിക്കട്ടെയെന്ന് (1 കൊറി. 1, 8) വിശുദ്ധ പൗലോസ് കോറിന്തോസിലെ സഭയ്ക്ക് പ്രാർത്ഥനാശംസകളേകുന്നുണ്ട്. യേശുക്രിസ്തുവുമായുള്ള സഹവാസത്തിലേക്ക് നിങ്ങളെ വിളിച്ച ദൈവം വിശ്വസ്‌തനാണെന്ന് (1 കൊറി. 1, 9) ജനതകളുടെ അപ്പസ്തോലനെന്ന് അറിയപ്പെടുന്ന പൗലോസ് എഴുതുന്നു. ക്രിസ്തുവിന്റെ വരവിനായി കാത്തിരിക്കുന്ന ഓരോ വിശ്വാസിയും ഈയൊരു ഉറപ്പോടെ ജീവിക്കാൻ പഠിക്കണം. നമ്മെ വിശ്വാസത്തിലേക്ക് വിളിച്ച ദൈവം വിശ്വസ്‌തനാണ്, അന്ത്യദിനത്തിലേക്ക് ഒരുക്കത്തോടെ കാത്തിരിക്കാൻ കൃപ നൽകുന്നത് അവനാണ്. ദൈവത്തിന്റെ വിശ്വസ്‌തതയോട് ചേർന്ന് വിശ്വാസത്തിൽ ഉറച്ച് ജീവിക്കാൻ, കർത്താവിന് മുൻപിൽ നിൽക്കാൻ തക്കവിധം കുറ്റമറ്റവരായി ജീവിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വത്തിലേക്കാണ് ഈ വചനം നമ്മെ വിളിക്കുന്നത്. നിഷ്‌കളങ്കരായ മനുഷ്യരെ പറ്റിക്കുന്ന ലാഘവത്വത്തോടെ, ആരും കണ്ടുപിടിക്കില്ലെന്ന, ആരും അറിയില്ലെന്ന ചിന്തയോടെ ദൈവത്തെ പറ്റിക്കാമെന്നോ, തിന്മയിൽ തുടരാമെന്നോ കരുതി ജീവിച്ചാൽ, ദൈവത്തിന് മുൻപിൽ നിലനിൽപ്പില്ലെന്ന സത്യം തിരിച്ചറിഞ്ഞ്, ഉത്തരവാദിത്വത്തോടെ ജീവിക്കാനാകണം. ദൈവത്തിന്റെ വിശ്വസ്തതയാണ് നമുക്ക് മുന്നിൽ മാതൃകയായുള്ളത്.

ക്രിസ്തുവിനായി കാത്തിരിക്കേണ്ട വിശ്വാസസമൂഹം

സഭ, ക്രിസ്തുവിനെ പിൻചെല്ലാനും, അവന്റെ വരവിനായി കാത്തിരിക്കാനും വിളിക്കപ്പെട്ട മനുഷ്യരുടെ സമൂഹമാണ്. വീടുവിട്ടു ദൂരേക്ക് പോകുന്ന വീട്ടുടമസ്ഥൻ ക്രിസ്‌തുവാണ്. സേവകർക്ക്, തന്റെ ഭവനത്തിലെ അംഗങ്ങളായ നമുക്കോരോരുത്തർക്കും നമ്മുടെ ചുമതലകളും, ഉണർന്നിരിക്കാനുള്ള കൽപ്പനയും നൽകിയാണ് അവൻ പോയിരിക്കുന്നത്. ആത്മാവിനെയും ജീവിതത്തെയും ബാധിച്ചേക്കാവുന്ന ആധ്യാത്മികമാന്ദ്യത്തിൽനിന്നും വിശ്വാസരാഹിത്യത്തിൽനിന്നും ഒഴിഞ്ഞുമാറി, ഊഷ്മളമായ ദൈവസ്നേഹത്തിൽ കരുത്തും നവജീവനും കണ്ടെത്തി നമ്മുടെ ക്രൈസ്തവജീവിതം നയിക്കേണ്ടതുണ്ട്. അവൻ എപ്പോൾ തിരികെ വന്നാലും ജാഗരൂകരായി, ഒരുക്കമുള്ളവരായി കാണപ്പെടാൻ വിളിക്കപ്പെട്ടവരാണ് നാം. ഈ ജാഗ്രത കാത്തിരിപ്പിന്റെ മാത്രം സമയമല്ല, മറിച്ച് പ്രവർത്തനത്തിന്റെയും, സുവിശേഷസാക്ഷ്യത്തിന്റെയും സമയം കൂടിയാണ്. പിതാവായ ദൈവം തന്നിൽ ഏൽപ്പിച്ച, സുവിശേഷമാകാനും സുവിശേഷമേകാനുമുള്ള വിളിയും ദൗത്യവുമാണ് ക്രിസ്‌തു സഭയ്ക്ക്, അതിലെ അംഗങ്ങളായ നമുക്കോരോരുത്തർക്കും നൽകിയിട്ടുള്ളത്. അവന്റെ ഭവനമായ സഭയുടെ വിളിയനുസരിച്ചാണ്, സഭംഗങ്ങളായ നാമോരോത്തരും നാം ജീവിക്കേണ്ടത്. അവനിൽനിന്ന് ലഭിച്ച ഉത്തരവാദിത്വം നൽകുന്ന അധികാരത്തോടെ, സേവനം ചെയ്‌തുകൊണ്ട്‌ ജീവിക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. പിതാവായ ദൈവത്തിന്റെ സുവിശേഷമായ ക്രിസ്തുവിന് സാക്ഷ്യം നൽകാനും അവനെ ലോകമെങ്ങും അറിയിക്കാനുമുള്ള നമ്മുടെ ഉത്തരവാദിത്വം അതിന്റെ പൂർണ്ണതയിൽ ജീവിക്കാം. ക്രിസ്‌തുവിന്റെ സ്നേഹത്തിന്റെ പ്രവൃത്തികൾ തുടരാം. അവന്റെ ഭവനത്തിന്റെ ഉത്തരവാദിത്വമുള്ള കാവൽക്കാരായി ജീവിക്കാം. പരിശുദ്ധ അമ്മ എപ്രകാരം ദൈവഹിതത്തിനായി തന്നെത്തന്നെ പൂർണ്ണമായും സമർപ്പിച്ചോ, അതെ എളിമയോടെ, ദൈവഹിതത്തിനു നമ്മെത്തന്നെ പൂർണ്ണമായും വിട്ടുകൊടുക്കാം. ദൈവത്തിന് സ്വീകാര്യരായ മനുഷ്യരായി ജീവിക്കുകയും, ജാഗ്രതയോടെ, ദൈവഹിതമനുസരിച്ച് പ്രവർത്തിക്കുകയും, ആഴമേറിയ വിശ്വാസത്തോടെയും ഹൃദയത്തിൽനിന്നുയരുന്ന തീവ്രമായ പ്രാർത്ഥനകളോടെയും, മതിയായ ഒരുക്കത്തോടെയും ക്രിസ്‌തുവിന്റെ വരവിനായി കാത്തിരിക്കുകയും ചെയ്യാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2023, 09:36