കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ രാജി ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സീറോ മലബാർ എറണാകുളം-അങ്കമാലി മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ പിതാവും തലവനുമായിരുന്ന കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സമർപ്പിച്ച രാജി ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു. രാജി സ്വീകരിക്കുന്നത് സംബന്ധിച്ച് നൽകിയ സന്ദേശത്തിൽ, കർദ്ദിനാൾ ആലഞ്ചേരി സീറോ മലബാർ സഭയുടെ വളർച്ചയ്ക്കായി ചെയ്ത സേവനങ്ങളെ പാപ്പാ പ്രത്യേകം പരാമർശിച്ചു.
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, കഴിഞ്ഞ വർഷം പൗരോഹിത്യത്തിന്റെ അൻപതും, മെത്രാഭിഷേകത്തിന്റെ ഇരുപത്തിയഞ്ചും വർഷങ്ങൾ ആഘോഷിച്ചതിനെ അനുസ്മരിച്ച ഫ്രാൻസിസ് പാപ്പാ, എറണാകുളം-അങ്കമാലി മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ പിതാവും തലവനുമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഈ സഭയുടെ നിർണ്ണായകമായ നേട്ടങ്ങൾക്ക് വേണ്ടി കർദ്ദിനാൾ പ്രവർത്തിച്ചു എന്ന് തന്റെ സന്ദേശത്തിൽ പാപ്പാ എടുത്തുപറഞ്ഞു.
ഇന്ത്യ മുഴുവനുമുള്ള അജപാലനാധികാരത്തിനായുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരം, റോമിൽ സീറോമലബാർ സഭയുടെ പ്രതിനിധിഭവനം സ്ഥാപനം, ഓസ്‌ട്രേലിയ, കാനഡ, ഗ്രേറ്റ് ബ്രിട്ടൻ എന്നിവിടങ്ങളിൽ രൂപതകൾ സ്ഥാപിക്കപ്പെട്ടത്, തുടങ്ങിയവ കാര്യങ്ങളിൽ കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ പങ്ക് പാപ്പാ അനുസ്മരിച്ചു. അറബ് മേഖലയിലെ അജപാലനവുമായി ബന്ധപ്പെട്ടുള്ള ശ്രമങ്ങൾ മുന്നോട്ട് വരുന്നതും പാപ്പാ എടുത്തുപറഞ്ഞു. ഈ പ്രവർത്തനങ്ങളെല്ലാം, സിനഡ്, അജപാലനം, മതബോധനം, ആരാധനക്രമം, പൗരോഹിത്യപരിശീലനം, യുവജനങ്ങൾക്കായുള്ള, പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലെ അംഗങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ, ഒപ്പം, പാവപ്പെട്ടവർക്കായുള്ള പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള, സഭയുടെ സാധാരണ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലാണ് കർദ്ദിനാൾ മുന്നോട്ട് കൊണ്ടുപോയതെന്ന് പാപ്പാ ഓർമ്മിച്ചു.
ഇന്ത്യയിൽ സുവിശേഷമെത്തിച്ചതെന്ന് പാരമ്പര്യമനുസരിച്ച് നാം വിശ്വസിക്കുന്ന വിശുദ്ധ തോമസ് അപ്പസ്തോലന്റെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷങ്ങൾ ആചരിക്കപ്പെട്ട 2022, ആഗോളസഭയ്ക്ക് മുഴുവനും, പ്രത്യേകിച്ച് മാർത്തോമ്മാക്രിസ്ത്യാനികൾക്ക്, പ്രധാനപ്പെട്ട ഒരു വർഷമായിരുന്നുവെന്നതും ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. തന്റെ കർത്താവും ദൈവവുമായ ക്രിസ്തുവിന് വേണ്ടിയാണ് അദ്ദേഹം ജീവത്യാഗം ചെയ്തത്. അപ്പസ്തോലന്റെ മാതൃകയിൽ, ഉത്ഥിതനായ ക്രിസ്തുവിനോടും സഭയോടുമുള്ള സ്നേഹത്തെപ്രതി, നിരവധി പ്രതിഷേധങ്ങളെയും ഭിന്നതകളെയും തുടർന്ന്, 2019-ൽ കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോ മലബാർ സഭയിലെ തന്റെ അജപാലനാധികാരം ത്യാഗം ചെയ്യാൻ തീരുമാനിച്ചതും പാപ്പാ തന്റെ കത്തിൽ അനുസ്‌മരിച്ചു. എന്നാൽ, കർദ്ദിനാളിന്റെ രാജി സ്വീകരിക്കാനുള്ള ഉചിതമായ സമയമല്ല അതെന്ന, സീറോ മലബാർ സഭാ സിനഡിലെ മെത്രാന്മാരുടെ അഭിപ്രായത്തെ അപ്പസ്തോലികസിംഹാസനം സ്വീകരിക്കുകയായിരുന്നുവെന്ന് പാപ്പാ എഴുതി. എന്നാൽ സഭയുടെ ഐക്യവും, പ്രേഷിതദൗത്യവും മറ്റെല്ലാത്തിനേക്കാളും പ്രധാനമായി കരുതിയ, ഇടയന്റെ ഹൃദയം അങ്ങിൽ തിരിച്ചറിയാതിരിക്കാൻ സിനഡിന് കഴിയില്ലായിരുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
എന്നാൽ ഇപ്പോൾ, പൗരോഹിത്യ, മെത്രാഭിഷേക ജൂബിലികളുടെയും, അജപാലനസേവനത്തിനായി അങ്ങയെ ഏൽപ്പിച്ച ഉത്തരവാദിത്വത്തിന്റെയും ലക്ഷ്യങ്ങളിലേക്ക് എത്തിയിരിക്കുന്ന ഈ അവസരത്തിൽ, അങ്ങയുടെ പുതിയ ഈ രാജി പരിഗണിക്കാൻ താൻ തീരുമാനിച്ചിരിക്കുന്നുവെന്ന് പാപ്പാ തന്റെ കത്തിൽ എഴുതി. എന്നാൽ ഇത് ഒരു സേവനത്തിന്റെ സമാപനമല്ല, പൂർത്തീകരണമാണെന്ന് പാപ്പാ വ്യക്തമാക്കി. ഇത് സുവിശേഷത്തോടുള്ള വിശ്വസ്തതയുടെ മറ്റൊരു സാക്ഷ്യം കൂടിയാണെന്ന് പാപ്പാ എഴുതി. ഇതുവഴി സഭയെ, ധ്യാന, മാധ്യസ്ഥപ്രാർത്ഥനകളിലൂടെ പുതിയ ഒരു തരത്തിൽ സേവിക്കുകയാണ് ചെയ്യുന്നത്. അതേസമയം, റോമൻ കൂരിയായിലെ ഏതൊക്കെ ഡികാസ്റ്ററികളുടെ ഉപദേശകസമിതികളിൽ അംഗമായിരുന്നോ അവിടെയുള്ള പ്രവർത്തനങ്ങൾ തുടരുവാനും പാപ്പാ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ പരിഗണിച്ചുകൊണ്ടും, സീറോമലബാർ ഹയരാർക്കിയുടെ ശതാബ്ദിയുടെ വെളിച്ചത്തിലും, ദൈവജനത്തിന്റെ നന്മയുടെയും ഐക്യത്തിന്റെയും കണക്കിലെടുത്തും, താങ്കളുടെ രാജിക്കത്ത്, പരിശുദ്ധാത്മാവിനോടുള്ള വിധേയത്വത്തിന്റെയും, അനുസരണത്തിന്റെയും അടയാളമായി കണ്ടുകൊണ്ട് സ്വീകരിക്കുന്നുവെന്ന് പാപ്പാ എഴുതി. തന്റെ പ്രാർത്ഥനകളും അനുഗ്രഹാശിസ്സുകളും, കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിക്കും സീറോ മലബാർ എറണാകുളം-അങ്കമാലി മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയ്ക്കും ആശംസിച്ച പാപ്പാ, എല്ലാവർക്കും തോമസ് അപ്പസ്തോലന്റെ മാദ്ധ്യസ്ഥ്യവും നേർന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: