കർദ്ദിനാൾ തോമസ് സ്റ്റഫോർഡ് വില്യംസ് കാലം ചെയ്തു, പാപ്പാ അനുശോചിച്ചു !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ന്യൂസിലൻറ് സ്വദേശിയായ കർദ്ദിനാൾ തോമസ് സ്റ്റഫോർഡ് വില്യംസിൻറെ നിര്യാണത്തിൽ മാർപ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.
ന്യൂസിലാൻറിലെ വെല്ലിംഗ്ടൺ അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് കർദ്ദിനാൾ വില്യംസ് തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിൽ വെള്ളിയാഴ്ചയാണ് (22/12/23) മരണമടഞ്ഞത്. വയ്ക്കനെയിലെ ചാൾസ് ഫ്ലെമിംഗ് വിശ്രമജീവിത ഭവനത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം.
കർദ്ദിനാൾ തോമസ് വില്യംസ്, അദ്ദേഹത്തിൻറെ പൗരോഹിത്യ ശുശ്രൂഷയും മെത്രാൻ ശുശ്രൂഷയും വഴി അജഗണത്തിനേകിയ നിസ്തുല സേവനം പാപ്പാ വെല്ലിംഗടൺ അതിരൂപതയുടെ ആർച്ച്ബിഷപ്പ് പോൾ മാർട്ടിന് അയച്ച് അനുശോചന സന്ദേശത്തിൽ കൃതജ്ഞതാപൂർവ്വം അനുസ്മരിക്കുന്നു.
ന്യൂസിലൻറിൻറെ തലസ്ഥാനമായ വെല്ലിംഗ്ടണിൽ 1930 മാർച്ച് 20-നാണ് കർദ്ദിനാൾ തോമസ് സ്റ്റഫോർഡ് വില്യംസ് ജനിച്ചത്. 1959 ഡിസമ്പർ 20-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1979 ഡിസമ്പർ 20-ന് മെത്രാനായി അഭിഷിക്തനാകുകയും വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ 1983 ഫെബ്രുവരി 2-ന് അദ്ദേഹത്തെ കർദ്ദിനാളാക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: