കർദ്ദിനാൾ ഫ്രിഡൊളിൻ അംബോങ്കോ (ഫയൽ ഫോട്ടോ). കർദ്ദിനാൾ ഫ്രിഡൊളിൻ അംബോങ്കോ (ഫയൽ ഫോട്ടോ). 

ആഫ്രിക്കൻ സഭ പാപ്പയുമായി ഐക്യത്തിൽ; എന്നാൽ സ്വവർഗ്ഗ ദമ്പതികളുടെ ആശീർവ്വാദം ഒഴിവാക്കും

ഫ്രാൻസിസ് പാപ്പായുമായുള്ള ദൃഡമായ ഐക്യം വീണ്ടും ആവർത്തിച്ച് ഉറപ്പിക്കുകയും രൂപതകളിൽ മെത്രാന്മാർക്കുള്ള സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുകയും ചെയ്തു കൊണ്ട് ആഫ്രിക്കൻ മെത്രാൻ സമിതിയുടെ (SECAM) അദ്ധ്യക്ഷനായ കർദ്ദിനാൾ ഫ്രിഡൊളിൻ അംബോങ്കോആഫ്രിക്കൻ സഭകൾ ഫിദൂച്ചാ സുപ്ളിക്കൻസ് പ്രസ്താവനയെക്കുറിച്ചുള്ള വിചിന്തനം തുടരും എന്നറിയിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഫിദൂച്ചാ സുപ്ളിക്കൻസ്  പ്രസ്താവനയിൽ ആരാധനക്രമത്തിനു വെളിയിൽ നൽകാൻ നിർദ്ദേശിച്ചിട്ടുള്ള ആശീർവ്വാദം ഉതപ്പിന് വിധേയമാകാതെ ആഫ്രിക്കയിൽ നടപ്പിലാക്കാനാവില്ല എന്നും എന്നാൽ ആഫ്രിക്കയിലെ മെത്രാൻ സമിതികൾ എല്ലാം ഫ്രാൻസിസ് പാപ്പായോടുള്ള ഐക്യം പ്രഖ്യാപിക്കുന്നു എന്നും ആഫ്രിക്കൻ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനും കിൻഷാസായുടെ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ഫ്രിദൊളിൻ അംബോങ്കോ ബെസുങ്കു പ്രസിദ്ധീകരിച്ച കത്തിൽ പറയുന്നു.

കഴിഞ്ഞ ഡിസംബർ 18 ന്  വിശ്വാസ തിരുസംഘം പ്രസിദ്ധീകരിച്ച ഫിദൂച്ചാ സുപ്ളിക്കൻസ്  കത്തോലിക്ക ധാർമ്മികതയിലല്ലാതെ ജീവിക്കുന്ന ദമ്പതികൾക്ക്, സ്വവർഗ്ഗ ദമ്പതികൾക്ക് ഉൾപ്പെടെ, ആശീർവ്വാദം നൽകാനുള്ള സാധ്യതകൾ തുറന്നിരുന്നു. എന്നാൽ ഇത് യാതൊരു വിധ ആരാധനാക്രമമനുസരിച്ചായിരിക്കരുതെന്നും വിവാഹ കൂദാശയുടെ പോലുള്ള  അനുകരണമാകരുതെന്നും പ്രത്യേകം നിർദ്ദേശിച്ചിരുന്നു.

കർദ്ദിനാൾ അംബോങ്കോ വ്യാഴാഴ്ച പുറത്തിറക്കിയ കത്തിൽ ആഫ്രിക്കയിലെ വിവിധ മെത്രാൻ സമിതികൾ എടുത്ത തീരുമാനങ്ങളുടെ ഒരു രത്നച്ചുരുക്കം കൊടുത്തിട്ടുണ്ട്. ഫിദൂച്ചാ സുപ്ളിക്കൻസ്  ഞെട്ടലും തെറ്റിദ്ധാരണകളുമാണ് അൽമായ വിശ്വാസികൾക്കിടയിലും, സന്യസ്തരിലും, ഇടയന്മാർക്കിടയിലും ഉണ്ടാക്കിയതെന്നും വലിയ പ്രതികരണങ്ങൾ ഉളവാക്കിയെന്നും കത്തിൽ പറയുന്നു. കത്തിന് ഫ്രാൻസിസ് പാപ്പയുടേയും വിശ്വാസതിരുസംഘത്തിന്റെ തലവ൯ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടെസിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധനക്രമത്തിന് വെളിയിൽ ആശീർവ്വാദം നൽകിയാലും സ്വവർഗ്ഗ ദമ്പതികൾക്കുള്ള ആശീർവ്വാദം ആഫ്രിക്കയിൽ ഉതപ്പായിരിക്കുമെന്ന് മെത്രാന്മാർ വിശ്വസിക്കുന്നു എന്നും കത്തിൽ പറയുന്നു.

ക്രൈസ്തവ വിവാഹത്തെ സംബന്ധിച്ച സഭയുടെ പ്രബോധനത്തിന് മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് ഫിദൂച്ചാ സുപ്ളിക്കൻസ് വ്യക്തമാക്കുന്നുണ്ട്. അതിനാൽ ആഫ്രിക്കയ്ക്ക് അവരുടെ സാഹചര്യത്തിൽ സ്വവർഗ്ഗ ബന്ധത്തെയോ, സ്വവർഗ്ഗദമ്പതികളേയോ ആശീർവദിക്കുന്നത് ശരിയായിരിക്കുകയില്ലെന്നും അത് കൂടുതൽ സംഭ്രാന്തി പരത്തുകയും ആഫ്രിക്കൻ സംസ്കാരത്തിന് എതിരുമായിരിക്കുമെന്നതുകൊണ്ട് ഓരോ മെത്രാനും തന്റെ രൂപതയിൽ സ്വവർഗ്ഗ ദമ്പതികൾക്ക് ആശീർവ്വാദം നൽകാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ആഫ്രിക്കയിലെ തങ്ങളുടെ എല്ലാ മക്കൾക്കും അജപാലന സഹായം നൽകാനുള്ള പ്രതിബദ്ധത സഭ സുദൃഢമാക്കി. ക്രമവിരുദ്ധമായ സാഹചര്യങ്ങളിലുള്ള  ദമ്പതികളെ പിഞ്ചെല്ലാനും സഹായിക്കാനും ഇടയന്മാരെ പ്രോൽസാഹിപ്പിക്കുണ്ടെന്ന് കർദ്ദിനാൾ കൂടിച്ചേർത്തു. സ്വവർഗ്ഗ രതിയുടെ പ്രവണതയുള്ളവരെ ബഹുമാനത്തോടും അന്തസ്സോടും കൂടെ കാണണമെന്നും, അതേസമയം അവരുടെ ബന്ധം ദൈവഹിതത്തിന് വിപരീതമാണെന്നും അതിനാൽ സഭയുടെ ആശീർവ്വാദം ലഭിക്കാനാവില്ലെന്ന് ഓർമ്മിപ്പിക്കണമെന്നും ആഫ്രിക്കൻ മെത്രാൻ സമിതി അടിവരയിടുന്നു എന്ന് കർദ്ദിനാൾ പറഞ്ഞു.

സ്വവർഗ്ഗ രതി ആന്തരീകമായ ക്രമക്കേടാണെന്നും, പ്രകൃതി നിയമത്തിനെതിരാണെന്നും സഭ പഠിപ്പിച്ചിരുന്നതും ഓർമ്മിച്ച കർദ്ദിനാൾ ഫിദൂച്ചാ സുപ്ളിക്കൻസ്  മനസ്സിലാക്കാൻ ചില രാജ്യങ്ങൾക്ക് കൂടുതൽ സമയമാവശ്യമുണ്ടെന്നും, തങ്ങൾ അതിനെക്കുറിച്ചുള്ള വിചിന്തനം തുടരുമെന്നും എടുത്തു പറഞ്ഞു. ഏതു തരത്തിലുള്ള സംസ്കാരിക കോളനിവൽക്കരണത്തിനും എതിരായ ഫ്രാൻസിസ് പാപ്പാ ആഫ്രിക്കൻ ജനതയെ തന്റെ പൂർണ്ണഹൃദയത്തോടെ ആശീർവ്വദിച്ചു കൊണ്ട്, ക്രൈസ്തവമൂല്യങ്ങളുടെ സംരക്ഷണത്തിന് വിശ്വസ്തതയോടെ തുടരാൻ പ്രോൽസാഹിപ്പിക്കുന്നു എന്നും കർദ്ദിനാൾ ഫ്രിഡൊളിൻ അംബോങ്കോ അറിയിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 January 2024, 15:10