കർദ്ദിനാൾ ഫെർണാണ്ടൊ ഫിലോണിയും ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ലയും ദൈവമാതാവിൻറെ തിരുന്നാൾ  ദിവ്യപുജാർപ്പണ വേളയിൽ, ജറുസലേം, 01/01/24 കർദ്ദിനാൾ ഫെർണാണ്ടൊ ഫിലോണിയും ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ലയും ദൈവമാതാവിൻറെ തിരുന്നാൾ ദിവ്യപുജാർപ്പണ വേളയിൽ, ജറുസലേം, 01/01/24 

സമാധാനം ദൈവിക ദാനവും മൗലിക നന്മയും, കർദ്ദിനാൾ ഫിലോണി !

ദൈവമാതാവിൻറെ തിരുന്നാൾ ദിനത്തിൽ, ജനുവരി ഒന്നിന്, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിൻറെ “പ്രൊ-കത്തീദ്രലിൽ” ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ലയുടെ മുഖ്യകാർമ്മികത്വത്തിൽ കർദ്ദിനാൾ ഫിലോണി സഹകാർമ്മികനായി തിരുന്നാൾക്കുർബ്ബാന അർപ്പിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാധാനമെന്ന ദാനം ധീരതയോടെ അന്വേഷിക്കുകയും സംരക്ഷിക്കുകയും ചെയ്യാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് കർദ്ദിനാൾ ഫെർണാണ്ടൊ ഫിലോണി.

ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിൻറെ ആവശ്യങ്ങൾക്കും വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിദ്ധ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സംരംഭങ്ങൾക്കും വേണ്ടി പരിശ്രമിക്കുകയെന്ന ദൗത്യത്തോടുകൂടിയതും വത്തിക്കാൻറെ നേതൃത്വത്തിലുള്ളതുമായ വിശ്വാസികളുടെ സ്ഥാപനമായ “ദ എക്വെസ്ട്രിയൻ ഓർഡർ ഓഫ് ദ ഹോളി സെപൾക്കർ ഓഫ് ജറുസലേമിൻറെ” ( The Equestrian Order of the Holy Sepulchre of Jerusalem ) മേധാവി, അഥവാ “ഗ്രാൻറ് മാസ്റ്റർ” ആണ് കർദ്ദിനാൾ ഫിലോണി.

ദൈവമാതാവിൻറെ തിരുന്നാൾ ദിനത്തിൽ, ജനുവരി ഒന്നിന്, ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിൻറെ “പ്രൊ-കത്തീദ്രലിൽ”  ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ലയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയുടെ സമാപനത്തിലാണ് കർദ്ദിനാൾ ഫിലോണി ഇതു പറഞ്ഞത്. അക്രമത്തിന് അടിയറവുപറയാൻ നമുക്കാകില്ലെന്നു പറഞ്ഞ അദ്ദേഹം നാം ഇപ്പോൾ കടന്നുപോകുന്നത്  വിശുദ്ധ നാടിനും പ്രാദേശിക സഭയ്ക്കും ഏറെ പ്രയാസകരമായ ഒരു കാലത്തിലൂടെയാണെന്ന് അനുസ്മരിച്ചു.

ശാന്തിയുടെയും പരസ്പര ധാരണയുടെയും ഉപകരണമായിരിക്കാൻ അഭിലഷിക്കുന്ന സഭ, അക്രമത്തെ ചെറുക്കാനും യഹൂദർക്കും ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കും പ്രിയപ്പെട്ട ഇടമായ ആ മണ്ണിൽ വസിക്കുന്ന സകലരുടെയും പരസ്പരാദരവോടുകൂടിയ സഹജീവനത്തിൻറെ പാത തേടാനും എല്ലാവരെയും ക്ഷണിക്കുന്നുവെന്ന് കർദ്ദിനാൾ ഫിലോണി പറഞ്ഞു.  

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 January 2024, 12:24