മൊബൈൽ ആപ്പിന്റെ പ്രകാശനവേളയിൽ മൊബൈൽ ആപ്പിന്റെ പ്രകാശനവേളയിൽ  

ഭാരതസഭയിൽ 'കാത്തലിക് കണക്ട്' മൊബൈൽ ആപ്പ് പുറത്തിറക്കി

ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായി ഭാരതകത്തോലിക്ക സഭയിലും, വിശ്വാസികൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനു സഹായിക്കുംവിധം, 'കാത്തലിക് കണക്ട്' മൊബൈൽ ആപ്പ് പുറത്തിറക്കി.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാസഭാ മെത്രാൻ സമിതിയുടെ മേൽനോട്ടത്തിൽ ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായി ഭാരതകത്തോലിക്ക സഭയിലും, വിശ്വാസികൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനു സഹായിക്കുംവിധം,  'കാത്തലിക് കണക്ട്' മൊബൈൽ ആപ്പ് പുറത്തിറക്കി.2024 ജനുവരി മുപ്പതാം തീയതി ബാംഗ്ലൂരിൽ നടന്ന പ്ലീനറി സമ്മേളനാവസരത്തിലാണ് മൊബൈൽ ആപ്പ്, പൊതു ഉപയോഗത്തിനായി പ്രകാശനം ചെയ്തത്.

കർദ്ദിനാൾ ഫിലിപ്പ് നേറി ഫെറോ, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്,  കർദിനാൾ അന്തോണി  പൂള, , ആർച്ച് ബിഷപ്പ് ജോർജ് അന്തോണി സ്വാമി, ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ,ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ,സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. സ്റ്റീഫൻ ആലത്തറ,  സംരംഭകനും മനുഷ്യസ്‌നേഹിയുമായ മൈക്കിൾ ഡിസൂസ.എന്നിവർ ചേർന്നാണ് മൊബൈൽ ആപ്പ് പുറത്തിറക്കിയത്.

ആരോഗ്യ ഇൻഷുറൻസ്, വിദ്യാഭ്യാസം, ജോലികൾ, അടിയന്തര സഹായം, ആത്മീയ വഴികാട്ടി, കാലികപ്രസക്തമായ വാർത്തകൾ   എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ കൂട്ടിയിണക്കിയാണ് പുതിയ ആപ്പ് നിർമ്മിച്ചിരിക്കുന്നത്.. കൂടാതെ, ഉപയോക്താക്കൾക്ക് സൗകര്യപ്രദമായി അടുത്തുള്ള പള്ളികൾ കണ്ടെത്താനും, ഇന്ത്യയിൽ സഭ നൽകുന്ന വിവിധ സേവനങ്ങൾ അനുഭവവേദ്യമാക്കുവാനും ഈ ആപ്പ് ഉപകരിക്കും. 

വ്യത്യസ്ത സഭാ മേഖലകളിൽ നിന്നുള്ള സമയോചിതമായ വാർത്തകളും വിവരങ്ങളും പ്രക്ഷേപണം ചെയ്യാൻ കാത്തലിക് കണക്ട് ആപ്പ് ഉപകാരപ്പെടുമെന്നും, പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച്  വിവരങ്ങൾ അറിയിക്കുന്നതുവഴി ഉപയോക്താക്കൾക്കിടയിൽ അവരുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം പരിഗണിക്കാതെ തന്നെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കപ്പെടുമെന്നും  എടുത്തു പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 January 2024, 11:01