പോർട്ട് ഓ പ്രിൻസിൽനിന്നുള്ള ചിത്രം പോർട്ട് ഓ പ്രിൻസിൽനിന്നുള്ള ചിത്രം 

ഹൈറ്റി: ബന്ദികളാക്കപ്പെട്ടിരുന്ന സന്ന്യാസിനികൾ സ്വാതന്ത്രരാക്കപ്പെട്ടു

ജനുവരി 19-ന് സായുധസംഘം ബന്ദികളാക്കിയ ആറ് സന്ന്യാസിനികളെ സ്വാതന്ത്രരാക്കിയതായി കരീബിയൻ രാജ്യമായ ഹൈറ്റിയിലെ പോർട്ട് ഓ പ്രിൻസ് അതിരൂപത അറിയിച്ചു. ബസിൽ സഞ്ചരിക്കവേ മറ്റു രണ്ടു വ്യക്തികൾക്കൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട സന്ന്യാസിനിമാരുടെ സ്വാതന്ത്ര്യത്തിനായി മുപ്പത് ലക്ഷം യൂറോ മോചനദ്രവ്യമായി അക്രമികൾ ആവശ്യപ്പെട്ടിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കരീബിയൻ രാജ്യമായ ഹൈറ്റിയിൽ ജനുവരി 19-ന് സായുധസംഘം തട്ടിക്കൊണ്ടുപോയ ആറ് സന്ന്യാസിനിമാരെയും മറ്റു രണ്ടു പേരെയും അക്രമികൾ സ്വാതന്ത്രരാക്കിയതായി പോർട്ട് ഓ പ്രിൻസ് അതിരൂപത അറിയിച്ചു. ബസിൽ സഞ്ചരിക്കവെയാണ് വിശുദ്ധ അന്നയുടെ നാമത്തിലുള്ള സന്ന്യാസിനിമാരെ മോചനദ്രവ്യം ലക്ഷ്യമാക്കി അക്രമികൾ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ഞായറാഴ്ച മദ്ധ്യാഹ്നത്തിൽ നടത്തിയ ത്രികാലജപപ്രാർത്ഥനാവേളയിൽ, സംഭവത്തെക്കുറിച്ച് പ്രതിപാദിച്ച ഫ്രാൻസിസ് പാപ്പാ, സന്ന്യാസിനിമാരുടെ മോചനത്തിനായും, ഹൈറ്റിയിൽ സമാധാനം സ്ഥാപിക്കപ്പെടുന്നതിനായും പ്രാർത്ഥനകൾ ആവശ്യപ്പെട്ടിരുന്നു.

സന്ന്യാസിനിമാരുടെ മോചനത്തിനായി മുപ്പത് ലക്ഷം യൂറോ, ഏതാണ്ട് ഇരുപത്തിയേഴ് കോടിയിൽപ്പരം രൂപ, അക്രമികൾ ആവശ്യപ്പെട്ടിരുന്നു. സന്ന്യാസിനിമാരുടെ മോചനത്തിനായി പകരം ബന്ദിയാകാൻ താൻ തയ്യാറാണെന്ന് ആൻസ്അവ്യൂ മിറാഗോവാൻ രൂപതാധ്യക്ഷൻ ബിഷപ് പിയർ അന്ദ്രേ ദ്യുമാസ്, കഴിഞ്ഞ ദിവസം വത്തിക്കാൻ മാധ്യമവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

ഹൈറ്റി തലസ്ഥാനമായ പോർട്ട് ഓ പ്രിൻസ് അതിരൂപതാദ്ധ്യക്ഷനും മെത്രാൻസമിതി പ്രെസിഡന്റുമായ ആർച്ച്ബിഷപ് മാക്സ് ല്റോയ് മെസിദോർ ആണ് സന്ന്യാസിനിമാരുടെ മോചനവർത്ത വത്തിക്കാൻ മാധ്യമവിഭാഗത്തെ അറിയിച്ചത്. സാധാരണക്കാരായ മനുഷ്യർക്കായി സേവനമനുഷ്‌ഠിച്ചുവന്നിരുന്ന സന്ന്യാസിനിമാർ സ്വാതന്ത്രരാക്കപ്പെട്ടതിൽ അദ്ദേഹം സന്തോഷം പങ്കുവയ്ക്കുകയും, ദൈവത്തിനും, സിസ്റ്റർമാരുടെയും മറ്റു രണ്ടു പേരുടെയും സ്വാതന്ത്ര്യത്തിനായി പ്രാർത്ഥിച്ചവർക്കും പ്രവർത്തിച്ചവർക്കും നന്ദി പറയുകയും ചെയ്തു.

മാധ്യസ്ഥ്യപ്രാർത്ഥനകൾ

ഹൈറ്റിയിലെ കത്തോലിക്കാസഭ, തട്ടിക്കൊണ്ടുപോകപ്പെട്ട സന്ന്യാസിനിമാരുടെയും മറ്റുള്ളവരുടെയും സ്വാതന്ത്ര്യത്തിനായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടതനുസരിച്ച്, ജനുവരി 24-ന് രാജ്യമൊട്ടാകെ വിശ്വാസികൾക്കൊപ്പം പ്രാർത്ഥനകളും, ദിവ്യകാരുണ്യ ആരാധനയും നടത്തിയിരുന്നു. അക്രമികൾ ദൈവമക്കളുടെ അന്തസ്സ് ഇല്ലാതാക്കുന്ന ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കണമെന്ന് ആർച്ച്ബിഷപ് മെസിഡോറും, ഹൈറ്റിയിലെ സമർപ്പിതസമൂഹത്തിന്റെ പ്രെസിഡന്റ് ഫാ. മൊറാഷെൽ ബൊനോമും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ജനുവരി 25-ന് ബന്ദികളുടെ സ്വാതന്ത്ര്യവാർത്തയെത്തിയത്.

വർദ്ധിച്ചുവരുന്ന കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും

2023-ൽ മാത്രം ഏതാണ്ട് 5000 ആളുകളാണ് ഹൈറ്റിയിൽ കൊല്ലപ്പെട്ടത്. മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം ആളുകളാണ് കഴിഞ്ഞ വർഷം രാജ്യത്ത് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2022-ൽ ഹൈറ്റിയിൽ 2200 പേരെയായിരുന്നു അക്രമികളാൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം മാത്രം ഏതാണ്ട് 2490 തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ രാജ്യത്ത് റിപ്പോര്ട്ട് ചെയ്യപ്പെട്ടു. 2022-ൽ ഇത് 1359 ആയിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 January 2024, 10:50