തിരയുക

യേശുവും കൂടെയായിരിക്കാനും അയക്കപ്പെടാനും തിരഞ്ഞെടുക്കപ്പെട്ട ശിഷ്യരും യേശുവും കൂടെയായിരിക്കാനും അയക്കപ്പെടാനും തിരഞ്ഞെടുക്കപ്പെട്ട ശിഷ്യരും 

രക്ഷകനായ ക്രിസ്തുവിനെ അറിയാനും അറിയിക്കാനും വിളിക്കപ്പെട്ടവർ

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ദനഹാകാലം മൂന്നാം ഞായറാഴ്ച്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം (മർക്കോസ് 3, 7-19).
സുവിശേഷപരിചിന്തനം Mark 3, 7-19 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പിതാവായ ദൈവം തന്നിലേൽപ്പിച്ച രക്ഷാകരദൗത്യത്തിന്റെ ഭാഗമായി, പരസ്യജീവിതം തുടങ്ങിയ ഈശോ, തന്റെ ഉദ്ബോധനങ്ങളിലൂടെയും അതിശക്തമായ പ്രവർത്തനങ്ങളിലൂടെയും ജനക്കൂട്ടങ്ങളെ തന്നിലേക്ക് ആകർഷിക്കുന്നതിനെക്കുറിച്ചും, അധികാരത്തോടെ, തനിക്കിഷ്ടമുള്ള പന്ത്രണ്ടുപേരെ പ്രത്യേകമായ ചില ദൗത്യങ്ങൾക്കായി തന്റെ ശിഷ്യരായി തിരഞ്ഞെടുക്കുന്നതുമാണ് മർക്കോസ് തന്റെ സുവിശേഷത്തിന്റെ മൂന്നാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് എഴുതിവയ്ക്കുന്നത്. യേശുവിന്റെ ഗലീലിയപ്രദേശത്തെ ശുശ്രൂഷയുടെ ഒരു ചിത്രമാണ് നമുക്ക് മുന്നിലുള്ളത്. പല പ്രദേശങ്ങളിൽനിന്നുള്ള യഹൂദരാണ് പ്രധാനമായും യേശുവിന് ചുറ്റുമുള്ളത്. യൂദാ, ജറുസലേം, ഇദുമെയ, ജോർദാന്റെ മറുകര, ടയിർ, സീദോൻ എന്നിവയുടെ പരിസരങ്ങളിൽനിന്നുമുള്ള ജനങ്ങളാണ് അവനു ചുറ്റുമുള്ളതെന്ന് മർക്കോസ് വ്യക്തമാക്കുന്നുണ്ട്. ഒരു പുതിയ ഇസ്രയേലിന്റെ, പുതിയ ഒരു തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ആരംഭമാണ് ഇവിടെ കുറിക്കപ്പെടുന്നത്.

ചില തിരിച്ചറിയലുകൾ

സുവിശേഷത്തിന്റെ ആദ്യഭാഗത്ത് യേശുവും ശിഷ്യന്മാരും കടൽത്തീരത്തേക്ക് പോകുന്നതിനെക്കുറിച്ചാണ് പറയുന്നതെന്ന് നാം കാണുന്നുണ്ട്. ഇവിടെ വലിയ ഒരു ജനക്കൂട്ടം അവനെ അനുഗമിക്കുന്നുണ്ട്, അവന്റെ പ്രവൃത്തികളെക്കുറിച്ച് കേട്ടറിഞ്ഞ് ധാരാളം ആളുകൾ അവന്റെ അരികിലേക്കെത്തുന്നുണ്ട്. ഒരുപാട് പേർ അവനിലൂടെ രോഗശാന്തി നേടുന്നുണ്ട്, അശുദ്ധാത്മാക്കൾ അവനെ തിരിച്ചറിയുകയും, അവനെക്കുറിച്ച് നീ ദൈവപുത്രനാണെന്ന് വിളിച്ചുപറയുകയും ചെയ്യുന്നുണ്ട്.

നാല് തരത്തിലുള്ള തിരിച്ചറിയലുകളാണ് പ്രധാനമായും ഇവിടെ നാം കാണുന്നത്. ഒന്നാമതായി മറ്റു ജനങ്ങളെപ്പോലെ തന്നെ, യേശുവിന്റെ അത്ഭുതങ്ങളും അടയാളങ്ങളും കണ്ട് അവന്റെ പിന്നാലെ കൂടി, അവനോടൊപ്പം സഞ്ചരിക്കുന്ന ശിഷ്യന്മാരുണ്ട്. അവർ പൂർണ്ണമായല്ലെങ്കിലും യേശുവിൽ ഒരു രക്ഷകനെ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. ഇത് അർത്ഥവത്തായ ഒരു തിരിച്ചറിയലാണ്.

രണ്ടാമതായി അവന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് കേട്ട്, അവന്റെ അടുത്തെത്തുന്ന ജനങ്ങളുണ്ട്. ഈയൊരു തിരിച്ചറിവ്, ഏറെ ആഴമുള്ള ഒരു തിരിച്ചറിവല്ല. യേശുവിന്റെ അത്ഭുതങ്ങളും, അവൻ നൽകുന്ന രോഗശാന്തിയുമൊക്കെയാണ് അവരെ അവനിലേക്ക് ആകർഷിക്കുന്നത്. ഈശോ ആരെന്ന് തിരിച്ചറിഞ്ഞിട്ടല്ല, അവൻ ചെയ്യുന്ന അത്ഭുതപ്രവൃത്തികളാണ് അവരെ ആകർഷിക്കുന്നത്. അതുകൊണ്ടുതന്നെയാണ്, തങ്ങളുടെ ആഗ്രഹങ്ങൾ നിറവേറിക്കഴിയുമ്പോൾ, അവർ അവനെ വിട്ട്, തിരികെ പോകുന്നത്.

മൂന്നാമതായി നാം കാണുന്നത്, യേശുവിൽ ദൈവപുത്രനെ തിരിച്ചറിയുന്ന അശുദ്ധാത്മാക്കളെയാണ്. ഒരുവന്റെ പേരറിയുക, അവൻ ആരെന്ന് കൃത്യമായി പറയുക എന്നൊക്കെ പറയുന്നതിന്റെ അർത്ഥം, ആ ഒരു വ്യക്തിയുടെമേൽ ഒരുതരം അധികാരം നേടുക എന്നാണെന്ന് വിശുദ്ധ ഗ്രന്ഥവ്യാഖ്യാതാക്കൾ പഠിപ്പിക്കുന്നുണ്ട്. ഇവിടെ അശുദ്ധാത്മാക്കൾ യേശുവിനെ കാണുമ്പോൾ, "നീ ദൈവപുത്രനാണെന്ന്" വിളിച്ചുപറയുന്നതും, ഇതേ കാരണത്താലാണ്. സമൂഹത്തിന് മുൻപിൽ അവൻ ആരെന്ന് വിളിച്ചു പറഞ്ഞ്, അവന്റെ ശക്തി ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് യേശു തന്നെ വെളിപ്പെടുത്തരുതെന്ന് അവയ്ക്ക് കർശനമായ താക്കീതു നൽകുന്നത്.

ഇനിയും ഈ സുവിശേഷഭാഗത്ത് പ്രത്യേകിച്ച് എടുത്തുപറയാത്ത മറ്റൊരു തിരിച്ചറിയൽ കൂടി നടക്കുന്നുണ്ട്. അത് യേശുവിന്റെ തിരിച്ചറിയാലാണ്. തന്നോടൊപ്പം നടക്കുന്ന ശിഷ്യന്മാരെയും, തന്റെ പ്രവൃത്തികളാൽ ആകൃഷ്ടരായി തന്നോടൊപ്പം കൂടിയ ജനങ്ങളെയും, തനിക്കെതിരെ പ്രവർത്തിക്കാൻ ശ്രമിക്കുന്ന തിന്മയുടെ ശക്തികളെയുമൊക്കെ അവൻ തിരിച്ചറിയുന്നുണ്ട്. തന്നോടൊപ്പം ആയിരിക്കാനും, പ്രസംഗിക്കാൻ അയക്കപ്പെടാനും, പിശാചുക്കളെ ബഹിഷ്‌കരിക്കാനുമായി, തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ച്,  അവൻ പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുന്നതും, ഈയൊരു തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്. ഈശോയുടെ രക്ഷാകരദൗത്യവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സംഭവങ്ങളും, അവന്റെ സ്വയം വെളിപ്പെടുത്തലുകളുമൊക്കെ നാം കാണുന്നത് ഇതുപോലെ മലമുകളിലാണെന്ന ഒരു പ്രത്യേകതകൂടി ഇവിടെ നമുക്ക് കാണാനാകും. മർക്കോസിന്റെ സുവിശേഷം ആറാം അദ്ധ്യായത്തിൽ, ഈശോ പ്രാർത്ഥിക്കാനായി മലമുകളിലേക്ക് പോകുന്നത് നാം കാണുന്നുണ്ട് (മർക്കോസ് 6, 46), അവൻ രൂപാന്തരപ്പെടുന്നത് ഇതുപോലെ ഉയർന്ന ഒരു മലയിൽവച്ചാണെന്ന് മർക്കോസിന്റെ തന്നെ ഒൻപതാം അധ്യായത്തിൽ നാം കാണുന്നുണ്ട് (മർക്കോസ് 9, 2-8), തന്റെ രക്ഷാകരദൗത്യത്തിന്റെ പ്രധാനഭാഗത്തിലേക്ക് ശിഷ്യന്മാരെ ഒരുക്കുന്ന സമയത്ത് അവൻ ശിഷ്യന്മാരോടൊപ്പം ഒലിവുമലയിലായിരുന്നുവെന്ന് മർക്കോസിന്റെ തന്നെ പതിമൂന്നാം അദ്ധ്യായത്തിലും നാം കാണുന്നുണ്ട് (മർക്കോസ് 13, 3).

രക്ഷാകരദൗത്യത്തിന്റെ തുടർച്ച

ഈശോ പന്ത്രണ്ടു ശിഷ്യന്മാരെ വിളിക്കുന്നതിന്റെ ഉദ്ദേശം, അവർ തന്നോട് കൂടെ ആയിരിക്കാനും, പ്രത്യേക നിയോഗങ്ങളോടെ അയക്കപ്പെടാനുമായാണ് എന്ന് സുവിശേഷം എടുത്തുപറയുന്നുണ്ട്. രക്ഷാകര ചരിത്രത്തിന്റെ തുടർച്ചയാണ്, ഇവിടെ നമുക്ക് കാണാനാകുക. ശിഷ്യന്മാർ, ഈശോയോടുകൂടി ആയിരിക്കേണ്ടവരാണ്, അവനെ അറിയേണ്ടവരാണ്. അവർ യേശുവിനെക്കുറിച്ചും രക്ഷയെക്കുറിച്ചും ലോകത്തോട് പ്രസംഗിക്കുവാനും, സാക്ഷ്യപ്പെടുത്തുവാനും വിളിക്കപ്പെട്ടവരാണ്. പിശാചുക്കളെ, തിന്മയുടെ ശക്തിയെ ബഹിഷ്കരിക്കാൻ അധികാരം ലഭിച്ചവരാണ് അവർ.

ക്രൈസ്തവവിളി

ഇന്ന് സുവിശേഷം നമുക്ക് മുന്നിൽ വയ്ക്കുന്ന ചില ചോദ്യങ്ങളുണ്ട്. നിങ്ങളും ഞാനും എന്തുകൊണ്ടാണ് ക്രൈസ്തവർ എന്ന പേരിൽ യേശുവിനെ പിന്തുടരുന്നത്? അത്ഭുതപ്രവർത്തകനായ യേശുവിനെയാണോ നാം ക്രിസ്തുവിൽ അന്വേഷിക്കുന്നത്? അതോ, ദൈവപുത്രനായ, രക്ഷകനായ മിശിഹയെയാണോ? ആവശ്യങ്ങൾ അവസാനിക്കുമ്പോൾ ദൈവത്തെ മറക്കുന്ന ജനക്കൂട്ടത്തിനൊപ്പമാണോ, അതോ, യേശുവിനെ നമ്മുടെ നിത്യജീവിതത്തിന്റെ ആവശ്യമായി തിരിച്ചറിഞ്ഞ്, അവനെ രക്ഷകനും നാഥനുമായി അംഗീകരിച്ച് അവനോട് കൂടെ ആയിരിക്കാൻ പരിശ്രമിക്കുന്നവരാണോ നാം? യേശു തന്റെ ശിഷ്യഗണത്തിലേക്ക് നമ്മെ വിളിച്ചതിന്റെ കാരണവും ലക്ഷ്യവും തിരിച്ചറിയാൻ നമുക്ക് സാധിച്ചിട്ടുണ്ടോ? ഒരു പുരോഹിതനോ, സമർപ്പിതരോ, അൽമായരോ, നമ്മുടെ പ്രത്യേകമായ വിളി എന്ത് തന്നെയുമായിക്കൊള്ളട്ടെ, ക്രിസ്തുവിന്റെ സാക്ഷികളായി, ജീവിതം കൊണ്ട് സുവിശേഷം പ്രസംഗിക്കാനും, യേശുവിന് വേണ്ടി പ്രവർത്തിക്കാനും, സംസാരിക്കാനും, തിന്മയുടെ ശക്തികളെ ഇല്ലാതാക്കാനും, ദൈവമെന്ന നന്മയെ പകർന്നുകൊടുക്കാനും നമുക്ക് സാധിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കാം.

തന്റെ ലേഖനങ്ങളിലൂടെയും ഉദ്‌ബോധങ്ങളിലൂടെയും ജനലക്ഷങ്ങളോട് ദൈവത്തെക്കുറിച്ച് അറിയിച്ച കർദ്ദിനാൾ റാറ്റ്സിംഗർ എന്ന ബെനഡിക്ട് പാപ്പാ, പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ദിവസം, 2005 ഏപ്രിൽ മാസം 19-ആം തീയതി റോമിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിലെ പ്രധാന ബാൽക്കണിയിൽ വന്നു നിന്ന് തന്നെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഏതാണ്ട് ഇങ്ങനെയായിരുന്നു, "കർത്താവിന്റെ മുന്തിരിത്തോട്ടത്തിലെ ചെറിയൊരു ജോലിക്കാരൻ". ഈശോ പ്രത്യേകമായി വിളിച്ചു സ്വന്തമാക്കിയ നിങ്ങളും ഞാനും, നമ്മുടെ അഹംഭാവം മാറ്റിവച്ച്, കർത്താവിന് സ്വയം സമർപ്പിക്കാൻ, നമ്മുടേതായ പരിധികളും പരിമിതികളും തിരിച്ചറിയുമ്പോഴും, യേശുവിനോട് ചേർന്ന് നിന്നുകൊണ്ടും, യേശുവിന് വേണ്ടിയും ജീവിക്കാനും, അവന്റെ സാക്ഷ്യമേകാനും പരിശ്രമിക്കാറുണ്ടോ എന്ന ഒരു ചിന്ത നമ്മിലുണർത്താൻ ഈ സുവിശേഷം നമ്മെ സഹായിക്കട്ടെ.

പൗലോസിന്റെ മനോഭാവം

പൗലോസ് ശ്ലീഹ ഫിലിപ്പ്‌യാർക്കെഴുതിയ ലേഖനത്തിന്റെ മൂന്നാം അദ്ധ്യായത്തിൽ ഒരു ശിഷ്യന്റെ, തിരഞ്ഞെടുക്കപ്പെട്ടവന്റെ, മനോഭാവം എന്തായിരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമാക്കിത്തരുന്നതും ഇവിടെ പ്രധാനപ്പെട്ടതാണ്. പൗലോസ് ഓർമ്മിപ്പിക്കുന്നതുപോലെ, ക്രിസ്തുവിനെപ്രതി എല്ലാം നഷ്ടമാക്കാൻ, ക്രിസ്തുവിനെ ഏറ്റവും വിലയുള്ളവനായി തിരിച്ചറിയാൻ, അവന്റെ സഹനങ്ങളിൽ പങ്കുചേരാൻ, ദൈവത്തെ മുന്നിൽ കണ്ടു പ്രത്യാശയോടെ ജീവിക്കാൻ,  അങ്ങനെയുള്ള ഒരു ജീവിതം വഴി യഥാർത്ഥ ക്രിസ്തുസാക്ഷികളായി ജീവിക്കാൻ നമുക്കും പരിശ്രമിക്കാം. നാമല്ല, നമ്മിലൂടെ ക്രിസ്‌തുവാണ് ഇന്നും സഭയിലും സമൂഹത്തിലും സുവിശേഷമറിയിക്കാനുള്ള ദൗത്യം തുടരുന്നതെന്ന ബോധ്യത്തോടെ, പരിശുദ്ധ അമ്മയെപ്പോലെ, ദൈവത്തിനായി സ്വജീവിതം സമർപ്പിച്ച് നമ്മുടെ എളിയ ജീവിതങ്ങളെയും ധന്യമാക്കാം. ക്രിസ്തുവിന്റെ ശരീരമായ സഭയിലൂടെ ക്രൈസ്തവസാക്ഷ്യം നൽകാൻ പ്രത്യേകമായി വിളിക്കപ്പെട്ടിരിക്കുന്ന ഏവർക്കും, പ്രത്യേകിച്ച് സമർപ്പിതർക്കും, സുവിശേഷപ്രവർത്തകർക്കും, ഓരോ ക്രൈസ്തവർക്കും തങ്ങളുടെ വിളിക്കനുസരിച്ച്  സാക്ഷ്യം നൽകാൻ വേണ്ട കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ഈശോയുടെ സ്നേഹവും കരുണയും അനുഗ്രഹങ്ങളും എപ്പോഴും നമ്മോടൊത്തുണ്ടാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 January 2024, 18:12