യഥാർത്ഥ സ്വാതന്ത്ര്യം നൽകുന്ന ദൈവപുത്രൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
വിശുദ്ധ മർക്കോസിന്റെ സുവിശേഷം ആരംഭിക്കുന്നത് സ്നാപകന്റെ പ്രഭാഷണത്തോടെയാണ്. തുടർന്ന് യേശുവിന്റെ ജ്ഞാനസ്നാനവും, മരുഭൂമിയിലെ പരീക്ഷയും ഒക്കെ സുവിശേഷകൻ രേഖപ്പെടുത്തുന്നുണ്ട്. പിന്നീട് ഗലീലിയിലേക്ക് ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് അവൻ കടന്നുവന്നു. "സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ" (മർക്കോസ് 1, 15) എന്ന് പറഞ്ഞുകൊണ്ടാണ് അവൻ കടന്നുവരുന്നത്. തുടർന്ന് ശിമെയോനെയും അന്ത്രയോസിനെയും, യാക്കോബിനെയും യോഹന്നാനെയും അവൻ വിളിക്കുന്ന സംഭവവും മർക്കോസിന്റെ സുവിശേഷത്തിൽ കാണുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ്, കഫർണാമിലെ സിനഗോഗിൽ വച്ച് അശുദ്ധാത്മാവ് ബാധിച്ച ഒരു മനുഷ്യനെ ക്രിസ്തു സുഖപ്പെടുത്തുന്ന സംഭവം വിശുദ്ധ മർക്കോസ് വിവരിക്കുന്നത്. മർക്കോസിന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഇരുപത്തിയൊന്ന് മുതലുള്ള വാക്യങ്ങളിലാണ് നാം ഈ അത്ഭുതത്തെക്കുറിച്ച് വായിക്കുന്നത്. യേശു കഫെർണാമിൽ എത്തി, സാബത്തുദിവസം സിനഗോഗിൽ പ്രവേശിച്ച് പഠിപ്പിക്കുന്നു. അവന്റെ ആധികാരികമായ പ്രബോധനം ആളുകളെ വിസ്മയിപ്പിക്കുന്നു. ഇതിനു ശേഷമാണ് അശുദ്ധാത്മാവ് ബാധിച്ച മനുഷ്യനെ യേശു സ്വതന്ത്രനാക്കുന്നത്. ആധികാരികമായ പ്രബോധനവും, ദൈവത്തിന്റെ ശക്തിയോടെ, അശുദ്ധാത്മാക്കളോടുപോലും ആജ്ഞാപിക്കുകയും, അവയെ അനുസരിപ്പിക്കുകയും ചെയ്യുന്ന ക്രിസ്തു. യേശു തന്റെ ദൗത്യം ആരംഭിച്ചതിനു ശേഷം നടത്തുന്ന ഈ അത്ഭുതകരമായ പ്രവൃത്തി വിശുദ്ധ ലൂക്കായും തന്റെ നാലാം അദ്ധ്യായത്തിൽ രേഖപ്പെടുത്തുന്നുണ്ട് (ലൂക്ക 4, 31-37).
യേശുവിന്റെ അധികാരം
യേശു എന്തിനെക്കുറിച്ചാണ് പഠിപ്പിച്ചത് എന്നതിനെക്കുറിച്ച് ഇരുസുവിശേഷകരും പ്രത്യേകമായി പരാമർശിക്കുന്നില്ല. എന്നാൽ ഇരുവരും പറയുന്ന ഒരു കാര്യമുണ്ട്, അവന്റെ പ്രബോധനത്തിൽ അവർ വിസ്മയഭരിതരായി. കാരണം നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത് (ലൂക്ക 1, 22). അശുദ്ധാത്മാവ് ബാധിച്ച മനുഷ്യനെ സുഖപ്പെടുത്തുന്ന സംഭവത്തിലും, യേശുവിന്റെ ഈ ആധികാരികത നാം കാണുന്നുണ്ട്. നിയമജ്ഞരിൽനിന്ന് വ്യത്യസ്തനായി, പഴയനിയമത്തിലെ പ്രവാചകരെപ്പോലെ, ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അവനു സാധിക്കുന്നുണ്ട്. തങ്ങൾ വായിച്ചും കെട്ടും അറിഞ്ഞ കാര്യങ്ങളാണ്, നിയമജ്ഞർ അവരുടെ ബുദ്ധിശക്തിയും ബോധ്യങ്ങളും ഉപയോഗിച്ച് മാനുഷികമായി വ്യാഖ്യാനിച്ചിരുന്നത്. എന്നാൽ ദൈവപുത്രനായ, വചനം മാംസമായ യേശു പഠിപ്പിക്കുന്നത്, പിതാവിൽനിന്ന് അറിഞ്ഞ, പിതാവിനെക്കുറിച്ചുള്ള കാര്യങ്ങളാണ്; നിത്യജീവന്റെയും, നിത്യരക്ഷയുടെയും വചനങ്ങളാണ്. ഇവിടെയാണ് എങ്ങനെ യേശുവിന് ആധികാരികമായി സംസാരിക്കാൻ കഴിയുന്നു എന്നതിന്റെ രഹസ്യം നാം തിരിച്ചറിയുന്നത്. മാനുഷികമായ ഉദ്ബോധനങ്ങളെക്കാൾ ദൈവത്തിന്റെ സ്വരത്തിന്, വിശുദ്ധ ഗ്രന്ഥത്തിലൂടെയും, ക്രിസ്തുവിന്റെ ശരീരമായ സഭയിലൂടെയും പ്രഘോഷിക്കപ്പെടുന്ന ദൈവവചനത്തിന് പ്രാധാന്യം നൽകുവാനാണ് നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്.
അടിമത്തത്തിന്റെ അശുദ്ധാത്മാവ്
മതപരമായി പ്രധാനപ്പെട്ട, വചനപ്രബോധനത്തിന്റെയും, പ്രാർത്ഥനയുടെയും ഒക്കെ ഇടമാണ് സിനഗോഗ്. എന്നാൽ ആ സിനഗോഗിലാണ്, തിന്മയുടെ ശക്തിയായ, ദൈവത്തിനെതിരെ പ്രവർത്തിക്കുന്ന അശുദ്ധാത്മാവ്, സ്വതന്ത്രനായി ജീവിക്കുവാനായി ദൈവത്താൽ സൃഷ്ടിക്കപ്പെട്ട ഒരു മനുഷ്യനെ അടിമയാക്കി നിറുത്തിയിരിക്കുന്നത്. ദൈവികസാന്നിധ്യത്തിന്റെ ഇടമായിരിക്കേണ്ട ആ സിനഗോഗിലേക്ക് ദൈവപുത്രനായ യേശു പ്രവേശിച്ച് പഠിപ്പിക്കുമ്പോൾ, അവന്റെ വാക്കുകൾ സാധാരണ മനുഷ്യരേക്കാളേറെ ആഴത്തിൽ മനസ്സിലാക്കിയത് ഒരു പക്ഷെ ആ അശുദ്ധാത്മാവായിരുന്നിരിക്കണം. തന്റെ ശക്തിയും അധികാരവും ദൈവത്തിന്റെ അധികാരത്തിന് മുന്നിൽ ഒന്നുമല്ലെന്ന് അശുദ്ധാത്മാവ് തിരിച്ചറിയുന്നുണ്ട്. തന്റെ നാശം അടുത്തിരിക്കുന്നുവെന്ന് അവൻ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് അവൻ യേശുവിനെതിരെ ശബ്ദമുയർത്തുന്നത്. എന്നാൽ അശുദ്ധാത്മാവിനെ ശാസിച്ച് പുറത്താക്കി ആ മനുഷ്യനെ സ്വതന്ത്രനാക്കുന്നിടത്ത് യേശു തന്റെ ദൗത്യം ആരംഭിക്കുകയാണെന്ന് നമുക്ക് മനസിലാക്കാം. പാപത്തിന്റെ, തിന്മയുടെ, അശുദ്ധമായാവയുടെ അടിമത്തത്തിൽനിന്ന്, ദൈവമക്കൾക്കടുത്ത സ്വാതന്ത്ര്യത്തിലേക്കും വിശുദ്ധിയിലേക്കും ആനന്ദത്തിലേക്കും മനുഷ്യനെ നയിക്കുവാനും, ജീവനേകുവാനുമാണ് ക്രിസ്തു വന്നത് എന്ന് സുവിശേഷം നമുക്ക് മുന്നിൽ സാക്ഷ്യപ്പെടുത്തുന്നു. ദൈവപുത്രനായ ക്രിസ്തു ഉള്ളിടത്ത്, വചനമാകുന്ന ദൈവം ഹൃദയങ്ങളോട് പ്രഘോഷിക്കപ്പെടുന്നിടത്ത്, അടിമത്തത്തിന് സ്ഥാനമില്ല, തിന്മയ്ക്ക് വിജയമില്ല. വിശുദ്ധിയായ ദൈവത്തിന് നമ്മുടെ ഹൃദയങ്ങളാകുന്ന ദേവാലയങ്ങളിൽ, സ്ഥാനം കൊടുക്കുന്നിടത്ത്, അവനാകുന്ന വചനം ശ്രവിച്ച്, മനസ്സിലാക്കി, അതനുസരിച്ച് ജീവിക്കാൻ ആരംഭിക്കുന്നിടത്ത്, അശുദ്ധിക്കോ, അടിമത്തത്തിനോ സ്ഥാനമില്ലെന്ന് മനസ്സിലാക്കാം. അശുദ്ധാത്മാവല്ല, ദൈവാത്മാവാണ്, ദൈവമാണ് നമ്മുടെ ഹൃദയത്തിൽ നാഥനായി വാഴേണ്ടതെന്ന് ഈ സുവിശേഷഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. യേശുവും അശുദ്ധത്മാവും തമ്മിലുളള സംഭാഷണവും ഏറെ പ്രധാനപ്പെട്ട ഒരു വസ്തുത നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. "നീ ദൈവത്തിന്റെ പരിശുദ്ധനാണ്" എന്ന് അശുദ്ധാത്മാവ് വിളിച്ചുപറയുമ്പോൾ, അത്തരം സാക്ഷ്യങ്ങൾ ക്രിസ്തു പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് നാം സുവിശേഷത്തിൽ കാണുന്നുണ്ട്. തിന്മയുടെ ശക്തിയുമായി, വിട്ടുവീഴ്ചകൾക്കോ, സന്ധിസംഭാഷണങ്ങൾക്കോ മുതിരാൻ യേശു തയ്യാറാകുന്നില്ല. ദൈവികമായ സ്വാതന്ത്ര്യവും സൗഖ്യവും അനുഭവിക്കണമെങ്കിൽ, വിട്ടുവീഴ്ചകളില്ലാതെ തിന്മയെ, അശുദ്ധാത്മാവിനെയും അവന്റെ പ്രലോഭനങ്ങളെയും ഉപേക്ഷിക്കാൻ നാം തയ്യാറാകേണ്ടിയിരിക്കുന്നു.
പൗലോസും ദൈവികകാര്യങ്ങളും
വിശുദ്ധ പൗലോസ് കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം ഏഴാം അധ്യായത്തിൽ ഒരു മനുഷ്യൻ ദൈവത്തിന് തന്റെ ജീവിതത്തിൽ പ്രാധാന്യം കൊടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പറയുന്നത് നാം കാണുന്നുണ്ട്. വിവാഹിതരുടെയും അവിവാഹിതരുടെയും കാര്യം പറഞ്ഞുകൊണ്ടാണ് പൗലോസ് ഇതേക്കുറിച്ച് ഉദ്ബോധിപ്പിക്കുന്നത്. വിവാഹിതർ, ലൗകികമായ കാര്യങ്ങളിൽ, എങ്ങനെ തന്റെ പങ്കാളിയെ പ്രീതിപ്പെടുത്താമെന്ന്, സന്തോഷിപ്പിക്കാമെന്ന് പരിശ്രമിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. എന്നാൽ അവിവാഹിതരാകട്ടെ അവർ എങ്ങനെ കർത്താവിനെ പ്രീതിപ്പെടുത്താമെന്ന്, എങ്ങനെ അവനെ ശുശ്രൂഷിക്കാമെന്ന് ചിന്തിക്കുന്നുവെന്ന് അപ്പസ്തോലൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
ജീവിതത്തിൽ ദൈവത്തിന്റെ സ്വരം കേൾക്കാൻ, അതനുസരിച്ച് പ്രവർത്തിക്കാൻ, ദൈവത്തെ ആരാധിക്കാൻ പ്രതിവചനസങ്കീർത്തനവാക്യങ്ങളും നമ്മെ ക്ഷണിക്കുന്നുണ്ട്. ദൈവത്തിന് ജീവിതത്തിൽ പ്രഥമസ്ഥാനം കൊടുക്കാനാണ് ഇരു വായനകളും നമ്മെ ആഹ്വാനം ചെയ്യുന്നത്. ലൗകികതയെക്കാൾ ദൈവികതയ്ക്ക് പ്രാധാന്യം കൊടുക്കാൻ, അശുദ്ധിയേക്കാൾ വിശുദ്ധിയെ സ്നേഹിക്കാൻ, തിന്മയുടെ ആത്മാവിന് അടിമപ്പെടാതെ, ദൈവത്തിന് ജീവിതം സമർപ്പിച്ച് ജീവിക്കാൻ നാം പരിശ്രമിക്കേണ്ടതുണ്ട്. അവിടെയാണ് യേശു നൽകുന്ന രക്ഷ സ്വന്തമാക്കാൻ, യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കാൻ നമുക്ക് സാധിക്കുന്നത്. പരിശുദ്ധ അമ്മയെപ്പോലെ, ദൈവവചനം ഉള്ളിൽ സ്വീകരിക്കാനും, അത് ധ്യാനിച്ച്, അതനുസരിച്ച് ജീവിക്കാനും നമുക്ക് പരിശ്രമിക്കാം. നമ്മുടെ ജീവിതത്തിൽ ഇടപെടാൻ യേശുവിനെ അനുവദിച്ച്, അശുദ്ധിയുടെയും പാപത്തിന്റെയും അടിമത്തത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ട്, ദൈവത്തിന്റെ സ്വന്തമായി, ക്രിസ്തുവിന് സാക്ഷ്യം നൽകാൻ, വിശ്വാസത്തോടെയും വിശുദ്ധിയോടെയും ജീവിക്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: