സമാധാനത്തിനായി തുടർച്ചയായ പരിശ്രമങ്ങൾ ആവശ്യം: മോൺസിഞ്ഞോർ വിശ്വൽദാസ്
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ഉക്രൈനെയും റഷ്യയെയും ഉൾപ്പെടുത്തിക്കൊണ്ട് സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടരുന്ന പരിശുദ്ധ സിംഹാസനത്തിന്റെ ദൗത്യം ഇനിയും തുടരുമെന്ന് ഉക്രൈനിലെ അപ്പസ്തോലിക നുൺഷ്യോ മോൺസിഞ്ഞോർ വിശ്വൽദാസ് കുൽബോകാസ് പറഞ്ഞു. ഇറ്റാലിയൻ മാധ്യമമായ TV 2000 നു അനുവദിച്ച അഭിമുഖ സംഭാഷണത്തിലാണ് മോൺസിഞ്ഞോർ ഇക്കാര്യങ്ങൾ എടുത്തു പറഞ്ഞത്. ഇരുരാജ്യങ്ങളെയും ഒന്നിപ്പിക്കുന്നത്തിനുള്ള വഴികൾ തുറന്ന കർദിനാൾ മത്തേയോ സൂപ്പിയുടെ പ്രവർത്തനങ്ങളെയും മോൺസിഞ്ഞോർ കൃതജ്ഞതയോടെ സ്മരിച്ചു.
ഇതുപോലെ സങ്കീർണ്ണമായ യുദ്ധം എളുപ്പത്തിൽ പരിഹരിക്കപ്പെടുകയില്ലെന്നും, എന്നാൽ സഭയെന്ന നിലയിൽ പരിഹാരമാർഗങ്ങൾ നിർദേശിക്കുന്ന വത്തിക്കാന്റെ പങ്കു ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം അടിവരയിട്ടു. ഏതെങ്കിലുമൊരു പരിഹാരമാർഗം ഫലപ്രദമല്ലെങ്കിൽക്കൂടി, മാറ്റു മാർഗങ്ങൾ കണ്ടെത്തുന്നതിന് അവ തടസ്സമാകരുതെന്നും മോൺസിഞ്ഞോർ പറഞ്ഞു.
ഒരു രാജ്യമെന്ന നിലയിൽ ഉക്രെയ്ൻ മാത്രമല്ല റഷ്യയും ആക്രമിക്കപ്പെട്ടു.അതിനാൽ മനുഷ്യത്വത്തിൻ്റെ പേരിൽ എല്ലാവരും ഒരു മേശയ്ക്ക് ചുറ്റും ഇരിക്കേണ്ടതുണ്ട്. രാഷ്ട്രീയ തലത്തിൽ സഭയ്ക്ക് പ്രത്യേക നിർദ്ദേശങ്ങളൊന്നുമില്ലെങ്കിൽ കൂടെയും, മാനുഷിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സംഭാഷണങ്ങൾക്കായി ഇനിയും സഭ തന്റെ ദൗത്യം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: