തിരയുക

വിജയപുരം രൂപതയുടെ നിയുക്ത സഹായമെത്രാൻ, ജസ്റ്റിൻ അലക്സാണ്ഡർ മടത്തിപ്പറമ്പിൽ വിജയപുരം രൂപതയുടെ നിയുക്ത സഹായമെത്രാൻ, ജസ്റ്റിൻ അലക്സാണ്ഡർ മടത്തിപ്പറമ്പിൽ 

വിജയപുരം രൂപതയ്ക്കുൾപ്പടെ ഭാരതസഭയ്ക്ക് ആറു പുതിയ മെത്രാന്മാർ!

വിജയപുരത്തിന് ഒരു സഹായമെത്രാനെയും തമിഴ്നാട്ടിലെ കുഴിതുരൈ, കുംഭകോണം, കർണാടകയിലെ കർവ്വാർ, മദ്ധ്യപ്രദേശിലെ ജബൽപ്പൂർ ഉത്തർ പ്രദേശിലെ മീററ്റ്, എന്നീ രൂപതകൾക്ക് വേണ്ടി പുതിയ മെത്രാന്മാരെയും പാപ്പാ നാമനിർദ്ദേശം ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കേരളത്തിലെ വിജയപുരം രൂപതയുടെ സഹായമെത്രാനായി വൈദികൻ ജസ്റ്റിൻ അലക്സാണ്ഡർ മടത്തിപ്പറമ്പിലിനെ മാർപ്പാപ്പാ ശനിയാഴ്‌ച (13/01/24) നാമനിർദ്ദേശം ചെയ്തു.

അന്നു തന്നെ ഫ്രാൻസീസ്പാപ്പാ, തമിഴ്നാട്ടിലെ കുഴിതുരൈ, കുംഭകോണം, കർണാടകയിലെ കർവ്വാർ, മദ്ധ്യപ്രദേശിലെ ജബൽപ്പൂർ  ഉത്തർ പ്രദേശിലെ മീററ്റ്, എന്നീ രൂപതകൾക്ക് വേണ്ടി പുതിയ മെത്രാന്മാരെ നിയമിച്ചു.

കർണാടകയിലെ മൈസൂർ രൂപതയുടെ മെത്രാൻ കന്നികദാസ് ആൻറണി വില്യം, കുംഭകോണം രൂപതയുടെ മെത്രാൻ ആൻറണിസാമി ഫ്രാൻസീസ്, ജബൽപ്പൂർ രൂപതയുടെ മെത്രാൻ ജെറാൾഡ് അൽമെയിഡ എന്നിവർ കാനൻ നിയമാനുസൃതം സമർപ്പിച്ച രാജി പാപ്പാ അന്നു സ്വീകരിക്കുകയും ചെയ്തു.

കുഴിതുരൈ രൂപതയുടെ മെത്രാനായി വൈദികൻ ആൽബെർട്ട് ജോർജ് അലെക്സാണ്ഡർ അനസ്താസ്, കുംഭകോണം രൂപതയുടെ ഭരണസാരഥിയായി വൈദികൻ ജീവാനാന്ദം അമലനാഥൻ, ജബൽപ്പൂർ രൂപതയുടെ ഭരണാദ്ധ്യക്ഷനായി വൈദികൻ വലൻ അരസു, മീററ്റ് രൂപതയുടെ മെത്രാനായി വൈദികൻ ഭാസ്കർ ജെസുരാജ് എന്നിവരെയാണ് പാപ്പാ നിയമിച്ചിരിക്കുന്നത്.

വിജയപുരം രൂപതയുടെ നിയുക്ത സഹായമെത്രാൻ ജസ്റ്റിൻ അലക്സാണ്ഡർ മടത്തിപ്പറമ്പിൽ അതെ രൂപതയിൽപ്പെട്ട പമ്പനാർ സ്വദേശിയാണ്. 1972 ഏപ്രിൽ 6-ന് ജനിച്ച അദ്ദേഹം 1996 ഡിസമ്പർ 27-നാണ് പൗരോഹിത്യം സ്വീകരിച്ചത്. നിയുക്ത സഹായമെത്രാൻ ജസ്റ്റിൻ റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് സൈദ്ധാന്തിക ദൈവവിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

മൂന്നാറിലെ കാർമ്മൽ ഗിരി ഇടവകയിൽ സഹവികാരി, ഗുദെരാലെയിലും ഇടുക്കിയിലും ഇടവക വികാരി എന്നീ നിലകളിൽ അജപാലന സേവനമനുഷ്ഠിച്ചിട്ടുള്ള നിയുക്തമെത്രാൻ ജസ്റ്റിൻ വിജയപുരം രൂപതയുടെ വികാരി ജനറാൾ ആയിരിക്കെയാണ് പുതിയ നിയമനം. അദ്ദേഹം 2006-2017 വരെ ഇറ്റലിയിലായിരുന്ന ഘട്ടത്തിൽ പ്രാത്തൊ രൂപതയിലും അജപാലന സേവനം ചെയ്തിട്ടുണ്ട്.

വിജയപുരം സാമൂഹ്യസേവന സംഘം, രൂപതാ കോർപറെറ്റ് എജ്യുക്കേഷണൽ ഏജൻസി എന്നിവയുടെ അദ്ധ്യക്ഷൻ, പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ രൂപതാ മേധാവി, വൈദികർക്കും വൈദികാർത്ഥികൾക്കുമായുള്ള സമിതിയുടെയും അസ്സീസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗിൻറെയും ഡയറെക്ടർ എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 January 2024, 19:05