സ്നേഹസമാധാന മാതൃകയേകി യുദ്ധത്തിനെതിരെ പോരാടുക, ബിഷപ്പ് ബെരാർദി.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രതികാരനടപടികൾ പ്രത്യുത്തരമല്ലെന്നും “കണ്ണിനു പകരം കണ്ണ്” എന്ന ചിന്ത യഥാർത്ഥ സംതൃപ്തിയേകില്ലെന്നും ഉത്തര അറേബിയയിലെ അപ്പൊസ്തോലിക് വികാരിയായ മെത്രാൻ ആൽദൊ ബെരാർദി.
അടുത്തയിടെ ഖത്തറിൻറെ തലസ്ഥാനമായ ദോഹയിൽ ജപമാലനാഥയുടെ ഇടവകയിൽ നടത്തപ്പെട്ട വിശുദ്ധനാടിനു വേണ്ടിയുള്ള ഏക്യുമെനിക്കൽ പ്രാർത്ഥനാ യോഗത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
കണ്ടുമുട്ടുന്നവർക്ക് യേശുവിൻറെ സ്നേഹത്തിൻറെയും സമാധാനത്തിൻറെയും മാതൃകയേകിക്കൊണ്ട് യുദ്ധത്തിനെതിരെ “പോരാടാൻ” ബിഷപ്പ് ബെരാർദി ആഹ്വാനം ചെയ്തു. നമ്മുടെ ഈ ലോകത്തിൽ പലപ്പോഴും, പ്രത്യേകിച്ച്, ഇന്ന്, മനുഷ്യർ സംഘർഷങ്ങളും വേദനയും നഷ്ടങ്ങളും നേരിടേണ്ടിവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷത്തിനുള്ള പ്രത്യൗഷധം സ്നേഹം ആണെന്ന് ക്രിസ്തീയ വിശ്വാസം നമ്മെ പഠിപ്പിക്കുന്നുണ്ടെന്ന് ബിഷപ്പ് ബെരാർദി അനുസ്മരിച്ചു.
“സമാധാനം നദി പോലൊഴുകുന്നു” എന്ന പ്രമേയം സ്വീകരിച്ചിരുന്ന എക്യുമെനിക്കൽ പ്രാർത്ഥനയിൽ വൈദികരുൾപ്പടെ ദോഹയിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് നിരവധിപ്പേർ സംബന്ധിച്ചിരുന്നു. ഖത്തറിലെ 29 ലക്ഷം നിവാസികളിൽ പകുതിയോളവും കുടിയേറ്റക്കാരാണ്. അന്നാട്ടിലെ കത്തോലിക്കാവിശ്വാസികളുടെ സംഖ്യ 2 ലക്ഷത്തി അമ്പതിനായിരത്തോളം വരും. 2011-ലാണ് ഉത്തര അറേബിയ അപ്പൊസ്തോലിക് വികാരിയാത്തിൻറെ സഭാധികാരസീമയിൽ ഖത്തറും ഉൾപ്പെടുത്തപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: