തിരയുക

സെന്റ് പോൾ കത്തീഡ്രൽ, ലണ്ട൯. സെന്റ് പോൾ കത്തീഡ്രൽ, ലണ്ട൯.  (AFP and licensors)

വംശീയ നീതി ഞായർ ആചരിച്ചു

ഇംഗ്ലണ്ടിലേയും വെയിൽസിലേയും കത്തോലിക്കാ സഭ വംശീയ ഞായർ ആഘോഷിച്ചു. വംശീയ വിദ്വേഷത്തിനെതിരെ പ്രവർത്തിക്കാനും പൂർവ്വാധികം ശക്തിയോടെ വംശീയനീതി പിൻതുടരാനുമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് വംശീയ നീതി ഞായർ ആഘോഷിക്കുന്നത്.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“സഭയുടെ ജീവിതത്തിനുള്ളിൽ പരസ്പരം കാണുക” എന്ന വിഷയം കേന്ദ്രീകരിച്ചായിരുന്നു ഈ വർഷത്തെ വംശീയ നീതി ഞായർ ആചരിച്ചത്. നമ്മുടെ വംശത്തിനും പശ്ചാത്തലത്തിനുമപ്പുറം നാമെല്ലാവരും ദൈവമക്കളാണ് എന്നതിന്റെ പ്രാധാന്യം തിരിച്ചറിയുക എന്നതാണ് വംശീയ നീതി ഞായറിലൂടെ അടിവരയിടുന്നത്. ഈ വർഷത്തെ വിഷയം ഇക്കാര്യത്തെ സംബന്ധിച്ച വിചിന്തനവും, സംവാദങ്ങളും, പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കാനും അത് തുടർന്നു മുന്നോട്ടു കൊണ്ടുപോകാനും ഉദ്ദേശിച്ചുള്ളതാണ് എന്ന് സഭ അറിയിക്കുന്നു.

വംശീയ വിദ്വേഷം മൂലമുള്ള സഹനങ്ങൾ ഇല്ലാതാക്കാനായി ഇടവകകളിലും വ്യക്തിപരമായും പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട സഭ ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള ദിവ്യപൂജകളിൽ പ്രാർത്ഥനകൾ നടത്തി. വിവിധ രാജ്യങ്ങളിലും സംസ്കാരങ്ങളിലുമുള്ള പരിശുദ്ധ മാതാവിന്റെയും ഉണ്ണി യേശുവിന്റെയും ചിത്രങ്ങൾ ഇടവകകൾക്കും വ്യക്തികൾക്കും ഡൗൺലോഡ് ചെയ്യാൻ പറ്റിയ വിധം PDF file ആയി നൽകിയിരുന്നു. അതിൽ ഫ്രാൻസിസ് പാപ്പായുടെ ചാക്രിക ലേഖനം ഫ്രത്തേല്ലി തൂത്തിയിൽ നിന്നെടുത്ത പ്രാർത്ഥനയും ഉൾപ്പെടുത്തിയിരുന്നു.

ഈ വർഷത്തെ വംശീയ നീതി ഞായർ ആചരണം വിശുദ്ധവും മാതൃകാപരവുമായ ജീവിതം നയിച്ചവരുടെ വൈവിധ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ടായിരുന്നു. നമ്മെപ്പോലെ ഈ ലോകത്തു ജീവിച്ച അവർ ധീരമായ പുണ്യങ്ങളുള്ളവരും നമുക്കു വേണ്ടി പ്രാർത്ഥിച്ച് നമ്മുടെ പ്രാർത്ഥനകളെ ദൈവപിതാവിന് മുന്നിൽ എത്തിക്കാൻ കഴിവുള്ളവരുമാണ്.

ഇംഗ്ലണ്ടിലെയും വെയിൽസിലേയും സഭകളുടെ വംശീയ നീതിക്കായുള്ള കാര്യങ്ങളുടെ തലവൻ മോൺ. പോൾ മക് അലീനൻ തന്റെ ലേഖനത്തിലൂടെ ഈ വർഷത്തെ ആചരണത്തിന്റെ വിഷയം വിശദീകരിച്ചു. സഭയുടെ ചരിത്രത്തിൽ അവർ ജീവിച്ച സമൂഹത്തിലേക്ക് നോക്കി അവർ കണ്ട അനിതിക്കെതിരെ പ്രതികരിച്ചവരുണ്ടായിരുന്നു. ക്രിസ്തുവിന്റെ കൽപനകളോടു ശ്രദ്ധയും ക്ഷിപ്ര സംവേദനയുമുണ്ടായിരുന്ന അവർ ആർക്കെങ്കിലും അവരുടെ ജനനവംശമോ നിറമോ മൂലം നീതി നിഷേധിക്കപ്പെടുമ്പോൾ ഇടപെടാൻ തയ്യാറായിരുന്നു. അങ്ങനെ ചില സമയങ്ങളിൽ വിദ്വേഷവും എതിർപ്പും നേരിടേണ്ടിവന്നെങ്കിലും  വംശീയ നീതിക്കായി ജീവിതം സമർപ്പിച്ചവരായിരുന്ന അവരെ സഭ വിശുദ്ധരായി അംഗീകരിച്ചിട്ടുണ്ട്. ഇവർ നമ്മെ പ്രചോദിപ്പിക്കുകയും, പഠിപ്പിക്കുകയും, നമ്മെ വംശീയ നീതിയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാനും പ്രതികരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും ബിഷപ്പ് മക് അലീനൻ തന്റെ ലേഖനത്തിൽ ഉദ്ബോധിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 January 2024, 14:03